Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ മുന്നിൽ തമിഴ്നാടല്ല, കോട്ടയത്തെ കോഴാ!

ആശങ്കയുയർത്തിയെങ്കിലും അധികം ആപത്തുകളുണ്ടാക്കാതെ ഗജ ചുഴലിക്കാറ്റ് കേരളം കടന്നു പോയപ്പോൾ കോട്ടയം ജില്ലയിലെ കോഴയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് – 280 മില്ലിമീറ്റർ. ‘ഗജ’ ആഞ്ഞടിച്ച തമിഴ്നാട്ടില്ലെ നാഗപട്ടണം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ പെയ്ത മഴയുടെ കണക്കു നോക്കിയാലും ഒന്നാമൻ കോഴാ തന്നെ. കൊടൈക്കനാൽ ബോട്ട് ക്ലബിലാണു തമിഴ്നാട്ടിൽ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 197 മില്ലി മീറ്റർ.

ചുഴലിക്കാറ്റ് ന്യൂനമർദമായി വെള്ളിയാഴ്ച സംസ്ഥാനത്തിനു മുകളിലൂടെ കടന്നുപോയപ്പോൾ ആകെ പെയ്തത് ശരാശരി 40 മില്ലിമീറ്ററിനടുത്തു മഴ. എറണാകുളത്തെ പിറവത്തു 186 മില്ലിമീറ്ററും, ഇടുക്കി തൊടുപുഴയിൽ 152 മില്ലിമീറ്റർ, ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 117 മില്ലിമീറ്റർ, മൂന്നാറിൽ 116 മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു പ്രധാനമായും മഴപ്പെയ്ത്ത്.

തുലാവർഷക്കണക്കിൽ വ്യാഴാഴ്ച വരെ 14% വരെ മഴ കുറവായിരുന്ന സംസ്ഥാനത്തു ഗജയ്ക്കു ശേഷം അത് 6.6% ആയി കുറഞ്ഞു. ഒക്ടോബർ 1 മുതൽ ഈ മാസം 17 വരെയുള്ള തുലാവർഷ സീസണിൽ 403.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 376.5 മില്ലിമീറ്റർ. കാസർകോട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത്– 48% കുറവ്. ഏറ്റവും കൂടുതൽ മഴ പത്തനംതിട്ടയിലാണ് ലഭിച്ചത്– 38% കൂടുതൽ.