Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലിനം പുതിയ കൊമ്പൻ തവളകളെ കണ്ടെത്തി

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പുതിയ നാലിനം കൊമ്പൻ തവളകളെ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, യൂണിവേഴ്സിറ്റി കോളജ് ഡബ്ലിൻ, യുഎസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. ഹിമാലയൻ കൊമ്പൻ തവള(മെഗോഫ്രിസ് ഹിമാലയാന), ഗാരോ വെള്ളച്ചുണ്ടൻ കൊമ്പൻ തവള(മെഗോഫ്രിസ് ഒറിയോക്രിപ്റ്റ), മഞ്ഞപ്പൊട്ടൻ വെള്ളച്ചുണ്ടൻ കൊമ്പൻ തവള(മെഗാഫ്രിസ് ഫ്ലാവിപങ്ച്വേറ്റ), വമ്പൻ ഹിമാലയൻ കൊമ്പൻ തവള(മെഗാഫ്രിസ് പേരിയോസ) എന്നിവയാണു പുതിയതായി കണ്ടെത്തിയ സ്പീഷീസുകൾ. 

4 new frog species found in Northeast

ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയ 15 സ്പീഷീസ് കൊമ്പൻ തവളകളിൽ ഏറ്റവും വലുതാണു ‘വമ്പൻ ഹിമാലയൻ കൊമ്പൻ തവള’. യൂണിവേഴ്സിറ്റി കോളജ് ഓഫ് ഡബ്ലിനിലെ ഡോ. സ്റ്റീഫൻ മഹോണിയുടെ ഗവേഷണത്തിന്റെ ഭാഗമായാണു തവളകളെ കണ്ടെത്തിയത്. ഡൽഹി സർവകലാശാലയിലെ പ്രഫസർ ഡോ.എസ്.ഡി. ബിജു, പ്രഫ. എമ്മ ടെല്ലിങ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഡോ.മഹോണിയുടെ ഗവേഷണം.

14 വർഷം നീണ്ട പഠനത്തിനു ശേഷമാണു ഗവേഷണ ഫലം രാജ്യാന്തര ശാസ്ത്രീയ പ്രസിദ്ധീകരണമായ ‘സൂടാക്സ’യിൽ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പുതിയ ജീവിവർഗങ്ങളെ അടുത്ത കാലത്തു കണ്ടെത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണു പുതിയ കണ്ടെത്തലുകളെന്നു ഡോ.ബിജു പറഞ്ഞു.