Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക മണ്ണ് ദിനം, അറിയുമോ? ഇടുക്കി ജില്ലയിൽ മണ്ണിനങ്ങൾ 78

world-soil-day

ഇടുക്കി ജില്ലയിൽ 78 മണ്ണിനങ്ങൾ. ഇവയെ 6 ശ്രേണികളായി തിരിച്ചാണ് പഠനം. ജില്ലാ സോയിൽ സർവേ വിഭാഗമാണ് ജില്ലയിലെ മണ്ണിനങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. ജില്ലയിലെ പ്രധാന മണ്ണിനങ്ങൾ കണപ്പെടുന്നത് മണക്കാട്,  ചിന്നാർ,തൊമ്മൻകുത്ത്, വെൺമണി, പാമ്പാടുംപാറ, ആനമുടി ശ്രേണികളിലാണ്. മണ്ണിന്റെ ഘടന, സ്വഭാവം എന്നിവ കർഷകർക്ക് പെട്ടെന്ന് മനസിലാക്കുന്നതിനും അനുയോജ്യമായ കൃഷി നടത്തുന്നതിനുമാണ് 6 ഇനമായി തിരിച്ചിട്ടുള്ളത്.

മണക്കാട് ശ്രേണി

സമുദ്ര നിരപ്പിൽ നിന്നും 20 മുതൽ 100 മീറ്റർ വരെയാണ് മണക്കാട് ശ്രേണി കാണപ്പെടുന്നത്. കടുംചുവപ്പു കലർന്ന തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന ചുവപ്പു നിറം വരെ കാണാറുണ്ട്. മേൽമണ്ണ് മണലും, കളിമണ്ണും അടങ്ങിയ പശിമരാശി മണ്ണാണ്. തെങ്ങ്,കപ്പ, വാഴ, പച്ചക്കറി കൃഷികൾക്ക് യോജിച്ച മണ്ണ്.

തൊമ്മൻകുത്ത് ശ്രേണി

സമുദ്ര നിരപ്പിൽ നിന്നു 300 മുതൽ 600 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു. മേൽമണ്ണിനു കടുചുവപ്പു കലർന്ന തവിട്ടു നിറമാണ്. ചരൽ കലർന്ന പശിമരാശി മണ്ണാണിത്. വാഴ,കപ്പ,റബർ, വനത്തിനും അനുയോജ്യം

ചിന്നാർ ശ്രേണി

ചിന്നാർ ശ്രേണി ജില്ലയുടെ കിഴക്കൻ ചെരുവുകളിലെ മഴ നിഴൽ പ്രദേശങ്ങളിൽ കാണപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്ന് 400 മുതൽ 900 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു. മേൽ മണ്ണിനു തവിട്ടു നിറമാണ്. മണലും,കളിമണ്ണും കലർന്ന പശിമരാശി മണ്ണാണിത്. ശീതകാല പച്ചക്കറികൾക്ക് അനുയോജ്യം.

ആനമുടി ശ്രേണി

സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്ററിൽ കൂടുതൽ ഉയരമുള്ള കുത്തനെയുള്ള കുന്നിൻചെരിവുകളിലാണ് ആനമുടി ശ്രേണി രൂപപ്പെടുന്നത്. കടും ചുവപ്പു കലർന്ന തവിട്ടു മുതൽ കടും തവിട്ടു നിറമാണ് മേൽമണ്ണിന്. തരിമണൽ കലർന്ന പശിമരാശി മണ്ണാണിത്. ശീതകാല പച്ചക്കറികൾക്ക് അനുയോജ്യം.

വെൺമണി ശ്രേണി

ചുവപ്പു കലർന്ന തവിട്ടു നിറമുള്ള മേൽമണ്ണാണ് വെൺമണി ശ്രേണിയിൽ. മണൽ കലർന്ന കളിമണ്ണാണിത്. സമുദ്ര നിരപ്പിൽനിന്ന് 600 മുതൽ 900 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഈ മണ്ണ് കാണപ്പെടുന്നത്. അമ്ലത കൂടിയ മണ്ണായതിനാൽ കുമ്മായം ചേർക്കുന്നത് കൃഷിക്കു ഗുണം ചെയ്യും. ചരിവു കൂടിയ പ്രദേശങ്ങൾ ലാഭകരമായ കൃഷിയ്ക്ക് അനുയോജ്യമല്ല. സമിശ്ര കൃഷിയ്ക്ക് അനുയോജ്യം. കപ്പ, വാഴ,റബർ, തെങ്ങ് കൃഷികൾക്ക് അനുയോജ്യം.

പാമ്പാടുംപാറ ശ്രേണി

പാമ്പാടുംപാറ ശ്രേണി രൂപപ്പെടുന്നത് ജില്ലയിലെ നല്ല ചരിവുള്ളതും, സമുദ്ര നിരപ്പിൽ നിന്നും 600 മുതൽ 1200 മീറ്റർ വരെ ഉയരത്തിലുള്ളതുമായ കുന്നിൽ ചരിവുകളിലാണ്. കടുംചുവപ്പു കലർന്ന തവിട്ടു നിറമോ തവിട്ടു നിറമോ ഉള്ള മേൽമണ്ണും, തവിട്ടു നിറമുള്ള അടിമണ്ണുമാണ് ഈ ശ്രേണിയിൽ. ഇതിന്റെ  അടിസ്ഥാനം കളിമണ്ണാണ്. എലം, കുരുമുളക്,കാപ്പി കൃഷിയ്ക്ക് യോജിച്ച മണ്ണ്. മണ്ണിന്റെ ഘടനാവ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളാണ് കൃഷിവകുപ്പ് നടത്തുന്നത്.