കൊലയാളി ചൂടെത്തും; ഷാർജയെ കടത്തിവെട്ടും ഡൽഹി താപനില

ആഗോളതാപനിലയിലെ വ്യത്യാസങ്ങൾ ലോകത്തിലെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയെയും ഗുരുതരമായി തന്നെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. മലീനീകരണമുണ്ടാക്കുകയും താപനില ഉയർത്തുകയും ചെയ്യുന്ന കാർബന്റെ സാന്നിധ്യം വർദ്ധിച്ചു വരുന്നതിനാൽ ഇന്ത്യ ഇതിന്റെ ഭവിഷത്ത് ഗുരുതരമായി തന്നെ അനുഭവിക്കേണ്ടി വരും. ഈ നൂറ്റാണ്ടിന്റെ അവസാനം അതായത് 2100 ആകുമ്പോഴേക്കും നഗരങ്ങളിൽ ആഗോള ശരാശരി 7.8 ഡിഗ്രി സെൽഷ്യൽസ് വരെ ചൂട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വേനൽകാലത്ത് ശരാശരി 35 ഡിഗ്രി സെൽഷ്യൽ ചൂട് ലഭിക്കുന്ന ന്യൂഡൽഹിയിലെ താപനില അസഹനീയമായ ചൂട് ലഭിക്കുന്ന ഷാർജയെ പോലെയാകുമെന്ന് ഈ പഠനത്തിൽ പറയുന്നു. ആഗോള കാലാവസ്ഥ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ക്ലൈമറ്റ് സെന്റർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഇന്ത്യയിലെ പലയിടത്തും ഇപ്പോൾ തന്നെ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ വന്നിട്ടുണ്ട്. വേനൽകാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് വരാനിരിക്കുന്ന വിപത്തിന്റെ മുന്നോടി മാത്രമാണെന്നാണ് സൂചന. ഷാർജയിലെ പോലെ ഉഷ്ണക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയും പഠനം തള്ളികളയുന്നില്ല.

ഇന്ത്യയിലെ മുഖ്യ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ബാംഗ്ലൂർ എന്നിവ കേന്ദ്രമാക്കിയാണ് പഠനം നടന്നിരിക്കുന്നത്. ബാംഗുലുരുവിലെ ചൂട് വേനൽകാലത്ത് ഇറാനിലെ എസ്‌ഫഹാനിലെ പോലെ കടുത്തതാകും. മുംബൈയിലെ വേനൽകാലം കൊൽക്കത്തയിലെ വേനൽകാലം പോലെ പോലെയായിരിക്കും. ചെന്നൈയിലെ ചൂട് പാകിസ്ഥാൻ മുൽത്താനിലെ പോലെ കൂടുതൽ കടുത്തതാകും. കൽക്കത്ത പാകിസ്ഥാനിലെ ലാഹോറിനെ പോലെയാകും. പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ 150 കോടിയിലധികം വരുന്ന ജനങ്ങൾ താപനിലയുടെ വർദ്ധന പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തമായി നടപ്പാക്കുകയും വ്യക്തമായ കാലാവസ്ഥ നയം നടപ്പിൽ വരുത്തുകയും ചെയ്താൽ ഒരു പരിധി വരെ ചൂട് നിയന്ത്രിക്കാൻ കഴിഞ്ഞേക്കുമെന്നാണ് സയന്റിസ്റ്റുകളുടെ വിലയിരുത്തൽ.