മഞ്ഞുമലയുടെ സാഹസികയാത്ര അവസാനിക്കുന്നു; 18 വർഷത്തിനൊടുവിൽ സംഭവിക്കുന്നത്?

ഒഴുക്കിനൊപ്പം മെല്ലെയൊഴുകി, വീണ്ടും അടർന്നും അലിഞ്ഞുതീർന്നും മഞ്ഞുമലയുടെ സാഹസികമായ അറ്റ്ലാന്റിക് യാത്ര അവസാനിക്കുന്നു. ‘റോസ്’ എന്നറിയപ്പെടുന്ന കൂറ്റൻ മഞ്ഞുപാളിയില്‍ നിന്നാണ് ബി–15 ഇസെഡ് എന്നു പേരിട്ട ഭാഗം വിട്ടുമാറിയത്. പതിനെട്ടു കൊല്ലം മുൻപ് അന്റാർട്ടിക്കയിൽനിന്നു തുടങ്ങിയ പ്രയാണം സൗത്ത് ജോർജിയ ദ്വീപസമൂഹങ്ങൾക്കു വടക്കുപടിഞ്ഞാറായി പരിസമാപ്തിയിലെത്തുകയാണ്.

2000 മാർച്ചിൽ, റോസ് മഞ്ഞുപാളിയിൽനിന്ന് അടർന്നുമാറുമ്പോൾ 296 കിലോമീറ്റർ നീളവും 37 കിലോമീറ്റർ വീതിയുമുള്ള കൂറ്റൻ മഞ്ഞുമലയായിരുന്നു ബി–15. ടൈറ്റാനിക് കപ്പലിനെ മുക്കിയ മഞ്ഞുമലയുടെ അഞ്ചിരട്ടിയോളം വരും ഇത്. എന്നാൽ കഴിഞ്ഞ മേയ് 22ന്, രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷകരുടെ കണ്ണിൽപ്പെടുമ്പോൾ നീളം 18 കിലോമീറ്ററും വീതി ഒൻപതു കിലോമീറ്ററുമായി കുറഞ്ഞിരുന്നു.

നിലവിൽ നാലു കഷ്ണങ്ങളായി ഇത് അകന്നു മാറിയിട്ടുണ്ട്. ഇതിൽ ഒരെണ്ണം ഏകദേശം അലിഞ്ഞ് ഇല്ലാതായ അവസ്ഥയിലാണ്. നാഷനൽ ഐസ് സെന്ററിനു പിന്തുടരാൻ സാധിക്കുന്ന വലിപ്പത്തിലേക്കും ഈ മഞ്ഞുമല എത്തിക്കഴിഞ്ഞു.ഇത്രയേറെ വർഷമെടുത്ത് ഇത്രയേറെ ദൂരം താണ്ടിയ മഞ്ഞുമല ഇനി അധികം വൈകാതെ അലിഞ്ഞ് ഇല്ലാതാകുമെന്നാണു വിദഗ്ധർ പറയുന്നത്.