വരാനിരിക്കുന്നത് വൻ ഭക്ഷ്യദുരന്തം; ലോകം പട്ടിണി കിടന്നു മരിക്കും!

ആഗോളതാപനം സംബന്ധിച്ച അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഗവേഷകരുടെ പഠന റിപ്പോർട്ട്. ലോകത്തിലെ പച്ചക്കറികളുടെയും പരിപ്പു വർഗങ്ങളുടെയും ഉൽപാദനം കുത്തനെ കുറയ്ക്കും വിധം ആഗോളതാപനം ശക്തമാകുമെന്നാണു മുന്നറിയിപ്പ്. ഇതു വൻ ക്ഷാമത്തിലേക്കു നയിക്കും. നിലവിലെ വിളകളെ ഏതു കാലാവസ്ഥയിലും വളരാൻ സാധിക്കും വിധം മാറ്റിയെടുത്തില്ലെങ്കിൽ ലോകം പട്ടിണി കിടക്കേണ്ടി വരുമെന്നാണു മുന്നറിയിപ്പ്. 

കാലാവസ്ഥാ മാറ്റത്തിനനുസരിച്ചു പുതിയ തരത്തിലുള്ള കൃഷിരീതികളിലേക്കു ലോകം മാറേണ്ടതുണ്ടെന്നും പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിൽ ജലലഭ്യത കുറയും. ഇതോടൊപ്പം ചൂടേറും. ഈ മാറ്റം ഏറ്റവുമാദ്യം ബാധിക്കുക പച്ചക്കറി വിളകളെയാണ്. നിലവിലെ ഉൽപാദനത്തിന്റെ മൂന്നിലൊന്നായി പച്ചക്കറികളും പയറുവർഗങ്ങളും കുറയുമെന്നാണ് റിപ്പോർട്ട്. 

ഇപ്പോഴത്തെ നിലയ്ക്കാണു കാര്യങ്ങളുടെ പോക്കെങ്കിൽ 2100 ആകുന്നതോടെ ലോകത്തിലെ താപനില 7.2 ഫാരൻഹീറ്റ് അധികമായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതോടെ ഉൽപാദനത്തിൽ 31.5 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകും. കാർഷികവിളകളെ ആഗോളതാപനം ബാധിക്കുന്നതിനു പിന്നാലെ അതു ഭക്ഷ്യസുരക്ഷയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും– ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രഫ. പൗളിൻ ഷീൽബീക്ക് പറയുന്നു. 

കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ കൂടുന്നതോടെ വിളവും കൂടുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന നേട്ടം ഹരിതഗൃഹ വാതകങ്ങളുടെ അളവ് വൻതോതിൽ കൂടുന്നതോടെ ഇല്ലാതാകും. ഇതോടൊപ്പം ജലദൗർലഭ്യവും കൊടുംചൂടും കൂടിയെത്തുന്നതോടെ വിളനാശം ഉറപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളെയും തെക്കേ യൂറോപ്പിനെയും ആഫ്രിക്കയുടെ ഭൂരിപക്ഷം ഭാഗങ്ങളെയും ഈ കാലാവസ്ഥാ മാറ്റം ദോഷകരമായി ബാധിക്കും. 

1975 മുതൽ വിവിധ കാലാവസ്ഥാ മാറ്റങ്ങൾ രാജ്യാന്തര തലത്തിൽ കാർഷിക വിളകൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ പഠിച്ചാണു പഠനറിപ്പോർട്ട് തയാറാക്കിയത്. ഇത്തരത്തിലുള്ള 174 പഠനങ്ങൾ ഗവേഷകർ വിശകലന വിധേയമാക്കി. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നടത്തുന്നതെന്നും ഗവേഷകർ പറയുന്നു. ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന മട്ടിൽ കാര്യങ്ങൾ നോക്കിക്കണ്ടാൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്. പകരം കാർഷിക രീതികളിൽ മാറ്റം വരുത്തണം. കരുത്തുറ്റ വിളകൾ ഉൽപാദിപ്പിക്കാനുമാകണമെന്നാണു നിർദേശം.