പ്രളയം കടന്ന് വരൾച്ചയിലേക്ക്; ജലനിരപ്പ് താഴുന്നുത് പ്രതിദിനം അരയടി വീതം

ജലനിരപ്പ് താഴ്ന്ന അച്ചൻകോവിലാറിലെ വഴുവാടികടവിലെ വിണ്ടുകീറിയ ഭാഗം

 ഒരാഴ്ച മുൻപുവരെ ഇരുകര മുട്ടി ഒഴുകുന്ന നദികൾ കാഴ്ചയ്ക്കു വിരുന്നൊരുക്കിയെങ്കിൽ ജലവിതാനം താഴ്ന്ന നദികളാണ് ഇപ്പോൾ അതിശയക്കാഴ്ചയൊരുക്കുന്നത്. പ്രളയത്താൽ നാടിനു നാശം വിതയ്ക്കുകയും ഭയം ജനിപ്പിക്കുകയും ചെയ്ത പമ്പാ നദി ചെങ്ങന്നൂർ ഭാഗത്തു മുൻവർഷങ്ങളേക്കാൾ താഴ്ന്ന നിലയിലാണ് ഒഴുകുന്നത്. ഇരുകരകളിലും വെള്ളത്തിൽ മുങ്ങിപ്പോയ ചെടികൾ കരിഞ്ഞുണങ്ങിനിൽക്കുന്നു. പ്രളയകാലത്തു ജലം ഏറ്റവും കൂടുതൽ ഉയർന്ന പാറക്കടവ് ഭാഗത്താണ് ഇപ്പോൾ ജലനിരപ്പ് ഏറ്റവും കുറവ്.

ജലനിരപ്പ് താഴുന്നു; പ്രതിദിനം അരയടി വീതം

വേലിയിറക്ക സമയമായ രാവിലെ പ്രളയ കാലത്തേക്കാൾ രണ്ടടിയിലേറെ ജലനിരപ്പ് താഴ്ന്ന പുളിക്കീഴ് നാൽക്കവല തോട്.

മഹാപ്രളയത്തിൽ നിന്നും കൊടും വരൾച്ചയിലേക്കെന്ന സൂചനയുമായി ജലാശയങ്ങളിലെയും സമീപത്തുള്ള കിണറുകളിലെയും ജലനിരപ്പുകൾ താഴ്ന്നു തുടങ്ങി. പ്രളയത്തിൽ ഗതിമാറിയൊഴുകി ഒന്നായിരുന്ന പമ്പാ, അച്ചൻകോവിൽ, കുട്ടംപേരൂർ ആറുകളിലെ ജലനിരപ്പാണു ദിനംപ്രതി താഴ്‌ന്നു കൊണ്ടിരിക്കുന്നത്. ദിവസവും അരയടിയിലേറെയാണു താഴുന്നതെന്നാണു ആറ്റുതീരത്തുള്ളവർ പറയുന്നത്. ആറ്റുതീരത്തോടു ചേർന്നുള്ള കിണറുകളും ഇതേ നിരപ്പിലാണു വെള്ളം താഴുന്നത്. എന്നാൽ കിണറുകളുടെ ശുചീകരണം പൂർത്തിയായാലെ ജലനിരപ്പിന്റെ താഴ്ചയുടെ വ്യക്തമായ വിവരം ലഭിക്കുകയുള്ളു. ആറ്റുതീരങ്ങളിലുള്ള എക്കൽ മണ്ണുണങ്ങി വിണ്ടുകീറി തുടങ്ങിയിട്ടുണ്ട്.

എടത്വ മേഖലയിലും ജലാശയങ്ങളിലെ ജലനിരപ്പു ക്രമാതീതമായി താഴുന്നു. മിക്ക നദികളുടെയും അടിത്തട്ടുവരെ കണ്ടുതുടങ്ങി. ഇടത്തോടുകൾ വറ്റി. പ്രളയകാലത്തു കടൽനിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിൽ വെള്ളമായിരുന്നു. ഇപ്പോൾ ജലനിരപ്പ് 85 സെന്റിമീറ്റർ മാത്രമായി ചുരുങ്ങി. എക്കൽ അടിഞ്ഞു നദികളിലെ അടിത്തട്ടു രണ്ടടി വരെ ഉയരുകയും ചെയ്തു.

ഇതും വെള്ളത്തിന്റെ അളവ് കുറയാൻ ഇടയാക്കി. പ്രളയത്തിനു ശേഷം നദി വരണ്ടാൽ വീണ്ടുമൊരു പ്രളയമെന്നാണ് അർഥമെന്നു പഴമക്കാർ പറയുന്നതും ആശങ്ക ഉയർത്തുന്നു. ജലഗതാഗതം, കൃഷി, ശുദ്ധജല വിതരണം എന്നിവയെ എല്ലാം വരൾച്ച പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്. ജലാശയങ്ങൾക്കൊപ്പം കിണറുകളിലും ജലനിരപ്പു താഴുന്നതും ഭീഷണിയാണ്.


നദിയുടെ വീതി 150 മീറ്ററിൽ നിന്ന് 25 മീറ്ററിലേക്ക്

അച്ചൻകോവിൽ ആറ്റിൽ വർഷങ്ങൾക്കു ശേഷം വരൾച്ചയുടെ സൂചന കാണിക്കുന്നതു നാടിനെ ആശങ്കയിലാക്കുന്നു. വെള്ളം കരകവിഞ്ഞൊഴുകിയപ്പോൾ നദിയുടെ വീതി 150 മീറ്ററോളം ആയിരുന്നു. ഇപ്പോൾ 25 മീറ്റർ പോലും വീതിയില്ലാതെയാണു നദിയുടെ ഒഴുക്ക്. ആറിന്റെ കരകളിൽ തരിശുനിലത്തിനു സമാനമായ രീതിയിൽ മൺപുറ്റുകളും മറ്റുമായി കിടക്കുന്നു. ആറിന്റെ വശങ്ങളിൽ 35 വർഷം മുൻപു സ്ഥാപിച്ച ബണ്ടുകളെല്ലാം പൂർണമായും തകർന്നു.

പ്രളയകാലത്തു നിറഞ്ഞുതുളുമ്പിയ കിണറുകളെല്ലാം വറ്റി. ആറിന്റെ മധ്യഭാഗത്തായി രണ്ടും മൂന്നും മീറ്റർ ഇടവിട്ടു മൺപുറ്റുകളായി. വീട്ടുമുറ്റങ്ങളിലും മൺപുറ്റുകളുണ്ട്. വെള്ളം ഇനിയും വറ്റിയാൽ 5 പഞ്ചായത്തു കളിലേക്കുള്ള ശുദ്ധജലവിതരണം നിലയ്ക്കും. മണിക്കൂർ ഇടവിട്ടു ജലനിരപ്പു കുറയുന്നെന്നാണു നദിയുടെ തീരത്തുള്ളവർ പറയുന്നത്.

തീരദേശത്തും ജലനിരപ്പു കയറിയും ഇറങ്ങിയും

പ്രളയം ബാധിക്കാതിരുന്ന തീരദേശപ്രദേശത്തെ തോടുകളിൽ വേലിയിറക്കസമയമായ രാവിലെ രണ്ട് അടിയിലേറെ ജലനിരപ്പു താഴ്ന്നു. വൈകിട്ടു ജലനിരപ്പ് ഒന്നരയടിയോളം താഴെയാണ്. എന്നാൽ ഇവിടങ്ങളിൽ ദേശീയ ജലപാതയിലെ ജലനിരപ്പ് ഏറെക്കുറെ സാധാരണ പോലെയാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തോടുകളിലാണു ജലനിരപ്പു കൂടുതലായി കുറയുന്നത്. സമീപഭാഗങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. പ്രളയകാലത്ത് ഇവിടുത്തെ തോടുകളിൽ ജലനിരപ്പിൽ മാറ്റം ഉണ്ടായിരുന്നില്ല.

തുടർന്ന് ഏതാനും ദിവസം ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നെങ്കിലും ദിവസങ്ങൾക്കകം ജലനിരപ്പു കൂടുതൽ താഴുകയായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുമായി ഏറെ അകലമില്ലാത്തതിനാൽ ജലം അവിടേയ്ക്കു കൂടുതലായി ഒഴുകി മാറുന്നു. കൂടാതെ കായംകുളം അഴിയിലേയ്ക്കും തോടുകളിലെ വെള്ളം ഒഴുകുന്നു. ഇക്കാരണത്താലാണു തോടുകളിലെ ജലനിരപ്പു കൂടുതൽ താഴുന്നത്.