ഭൂമി ചുട്ടു പൊള്ളുന്നു; കനത്ത ചൂടിനു പിന്നിൽ?

പൊതുവേ ചൂടുള്ള മാസമാണു സെപ്റ്റംബർ. പക്ഷേ, മഴ മാറിയതിനു പിന്നാലെ ഇക്കുറി ചൂട് ക്രമാതീതമായി വർധിക്കുകയാണ്. മഴ തോർന്ന ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണു താപനില വർധിച്ചത്. ചൂട് കൂടിയതോടെ സൂര്യാതപമേറ്റുള്ള അപകടങ്ങളും കൂടി.  വയനാട്, തൃശൂർ ജില്ലകളിലായി രണ്ടുപേർക്കു സൂര്യപ്രകാശത്തിൽനിന്നു പൊള്ളലേറ്റു. 

വയനാട് കോട്ടത്തറ മൈലാടിയിൽ വോളിബോൾ മൈതാനം നന്നാക്കുന്നതിനിടെ കമ്മനാട് ഇസ്മായിൽ (30), തൃശൂർ   കുമരനെല്ലൂർ ഒന്നാംകല്ലിൽ വീട്ടുമുറ്റത്ത് പണിയെടുക്കുന്നതിനിടെ  അരങ്ങത്തുപറമ്പിൽ സുഹാസ് (31) എന്നിവർക്കാണു സൂര്യാതപമേറ്റത്.  

പകൽ നല്ല ചൂടും രാത്രി നല്ല തണുപ്പുമെന്ന അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഇതാണവസ്ഥ. ഇടുക്കി ജില്ലയിലെ മൂന്നാറിൽ ഇന്നലെ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസുമായിരുന്നു. കഴിഞ്ഞ അഞ്ചിനു കുറഞ്ഞ താപനില എട്ടു ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. 

ഇതേസമയം, ഇടുക്കി ജില്ലയിലെ മറ്റു മേഖലകളിൽ പകൽ താപനില 35 ‍‍ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇന്നലെ വയനാട്ടിലെ ചൂട് 31 ഡിഗ്രി സെൽഷ്യസായിരുന്നു. പാലക്കാട് ജില്ലയിൽ ഇന്നലെ 34 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിത്. കഴിഞ്ഞവർഷം ഈ സമയത്ത് കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസായിരുന്നു. 

കനത്ത ചൂടിനു കാരണം മഴമേഘങ്ങളില്ലാത്തത് : 

ഡോ. എസ്.അഭിലാഷ്, (അസി. പ്രഫസർ, കാലാവസ്ഥാ പഠന വിഭാഗം, കുസാറ്റ്

പതിവായി ലഭിക്കുന്ന മഴ മാറിനിന്നതോടെയാണു കേരളത്തിൽ ചൂട് കൂടിയതും സൂര്യാതപം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതും. കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്ന സമയമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സെപ്റ്റംബറിലാണ്. എന്നാൽ, ഇത്തവണ മഴ പൂർണമായി മാറിയിട്ടു രണ്ടാഴ്ചയോളമായി. മഴമേഘങ്ങളും തീരെയില്ല. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ടു ഭൂമിയിലെത്തുന്നു. ഇതോടെ, ചൂടും കൂടി. 

സൂര്യൻ ഇപ്പോൾ ഉത്തരാർധ ഗോളത്തിലാണ്. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ പതിക്കുന്ന സമയമാണിത്. ഇതിനെ എല്ലാക്കാലവും തടഞ്ഞുനിർത്തിയിരുന്നത് മഴമേഘങ്ങളായിരുന്നു. 

അടുത്ത മാസത്തോടെ തുലാവർഷം തുടങ്ങും. തുലാവർഷത്തിന്റെ ശക്തി എത്രത്തോളമായിരിക്കുമെന്ന കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇതുവരെ വന്നിട്ടില്ല. പതിവുപോലെ തുലാവർഷം ലഭിക്കുകയാണെങ്കിൽ ചൂട് സാധാരണ നിലയിലേക്ക് എത്തും.