Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിച്ചില്ലെങ്കിൽ വെയിലേറ്റു കൊഴിയും നമ്മൾ

Global Warming

 ആഗോള താപനം നിമിത്തമുള്ള മരണനിരക്കിൽ ഗണ്യമായ വർധനയെന്ന് പഠനങ്ങൾ. ആഗോള താപനത്തിന്റെ ഫലമായി ഉയരുന്ന ചൂടിൽ പൂവിതളുകൾ പോലെ മനുഷ്യരും കൊഴിഞ്ഞു വീഴുമോ? ലോകരാജ്യങ്ങൾ ജാഗ്രത കാട്ടിയില്ലെങ്കിൽ അതേ എന്നാണുത്തരം. വരും നാളുകളിൽ കടുത്ത ചൂടുമൂലവും ആഗോളതാപനം വരുത്തുന്ന മറ്റു വിനാശകരമായ ആരോഗ്യപ്രശ്നങ്ങളും നിമിത്തം മരിച്ചു വീഴുന്ന മനുഷ്യരുടെ എണ്ണം പെരുകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പാരിസ് ഉടമ്പടി പ്രകാരമുള്ള പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ ഇനിയും കർശനമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ നാശം കടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പു നൽകുന്നത് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (London School of Hygiene & Tropical Medicine (LSHTM) ഗവേഷകരാണ്. 

23 രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 451 സ്ഥലങ്ങളിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ആഗോളതാപനം മനുഷ്യനു വരുത്താവുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് LSHTM ഗവേഷകസംഘം പഠനം നടത്തിയത്. വ്യത്യസ്ത സാഹചര്യങ്ങളിൽ നടത്തിയ പഠനത്തിലൂടെ ആഗോള താപനം നിമിത്തമുള്ള മരണ നിരക്കിലുണ്ടാകുന്ന വർധനയും ആരോഗ്യ പ്രശ്നങ്ങളും ഗവേഷക സംഘം പഠന വിധേയമാക്കി. പഠനം നടത്തിയ മേഖലകളിൽ അന്തരീക്ഷ താപത്തിലുണ്ടാകുന്ന നേരിയ വർധന പോലും മരണനിരക്ക് കൂട്ടുന്നതായി ഗവേഷകർ കണ്ടെത്തി. തെക്കേ അമേരിക്ക, ഏഷ്യയുടെ തെക്ക് കിഴക്കൻ ഭാഗങ്ങൾ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ചൂടുകൂടുന്നതുമൂലമുള്ള മരണനിരക്ക് ഉയരുന്നതായും ഗവേഷണ ഫലങ്ങൾ തെളിയിച്ചു. അതേ സമയം കൊടുംതണുപ്പ് മൂലമുള്ള മരണ നിരക്കിൽ കാര്യമായ കുറവു വരുന്നതായും തെളിഞ്ഞു. ആഗോളതാപനത്തിലുണ്ടാകുന്ന വർധന രണ്ടു ഡിഗ്രിയിലധികമാകാതെ നിയന്ത്രിച്ചു നിർത്തിയാൽ ചൂടുകൂടുന്നതുമൂലമുള്ള മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. 

global warming

ഈ സന്ദർഭത്തിലാണ് പാരിസ് ഉടമ്പടി വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉൽപാദനം, ബഹിർഗമനം എന്നിവ കുറച്ചു കൊണ്ടുവന്ന് അന്തരീക്ഷ ഊഷ്മാവ് വർധിക്കാനിടയാക്കുന്ന സാഹചര്യം കുറയ്ക്കുക എന്നതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2015 ഡിസംബറിൽ പാരിസിൽ നടന്ന ആഗോള ഉച്ചകോടിയുടെ ലക്ഷ്യം.  (കഴിഞ്ഞ 135 വർഷങ്ങൾക്കിടയിലെ ഏറ്റവും ചൂടുകൂടിയ വർഷമായിരുന്നു 2015).  ആഗോളതാപനം 1.5 ഡിഗ്രി കണ്ട് കുറയ്ക്കാനുള്ള നടപടികൾ രാജ്യങ്ങൾ സ്വീകരിക്കണമെന്നും ഉടമ്പടി വ്യക്തമാക്കിയിരുന്നു. 195 രാജ്യങ്ങൾ അംഗീകരിച്ച കരാറിൽ ഇന്ത്യ ഒപ്പിട്ടത് 2016 ഏപ്രിലിലാണ്. 

പാരിസ് ഉടമ്പടി അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്കാണ് ഉടമ്പടി കൊണ്ടുള്ള മെച്ചമെന്നും ആരോപിച്ച് ഉടമ്പടി ഒപ്പിട്ട് 18 മാസം പിന്നിടും മുമ്പ് കരാറിൽ നിന്നുള്ള യുഎസിന്റെ പിന്മാറ്റം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യം എന്ന കുപ്രസിദ്ധിയുള്ള അമേരിക്കയുടെ പിന്മാറ്റം രാജ്യത്തിനകത്തു തന്നെ ഏറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. 

Global warming concept. Lonely  tree under dramatic Clouds

ആഗോളതാപനില ഉയർത്തുന്നതും മലിനീകരണമുണ്ടാക്കുന്ന തുമായ എല്ലാ വ്യവസായങ്ങളും 2025 നകം യുഎസ് അടച്ചുപൂട്ടണമെന്ന ഉടമ്പടിയിലെ പ്രധാന വ്യവസ്ഥയോടു വിയോജിച്ചായിരുന്നു ഡോണൾഡ് ട്രംപിന്റെ പിന്മാറാനുള്ള തീരുമാനം. ചൈനയ്ക്ക് ഇത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടാൻ 2030 വരെ സമയം നൽകിയത് വിവേചനമാണെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. പിൽക്കാലത്ത് ട്രംപിന്റെ തീരുമാനത്തിൽ ഇളക്കം വരുന്നതും ലോകം കണ്ടു. കരാർ മാറ്റിയെഴുതിയാൽ അംഗീകരിക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചിരിക്കുകയാണ് ട്രംപ് ഇപ്പോൾ. ഉടമ്പടിയിൽനിന്നുള്ള യുഎസ് പിൻമാറ്റം 0.3 ഡിഗ്രി സെൽഷ്യസ് താപനില വർധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 

ആഗോള താപനമെന്ന പ്രതിഭാസം ഒരു രാജ്യത്തു മാത്രം ഒതുങ്ങിനിൽക്കുന്ന വിപത്തല്ല. അതിന്റെ കെടുതികൾ നേരിടാൻ ലോകം ഒരുങ്ങിത്തന്നെയിരിക്കണം. പഠനങ്ങളും ഗവേഷണങ്ങളും പുറത്തു കൊണ്ടുവരുന്ന ഫലങ്ങൾ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതുണ്ട്, കെടുതികളിലേക്കെത്തും മുമ്പ് അവസാന അവസരമെന്നൊരു സാധ്യത നമുക്കു മുന്നിലുണ്ട്.