അന്റാര്‍ട്ടിക്കിനെ സംരക്ഷിക്കാന്‍ കൂറ്റന്‍ മതിലിനാകുമോ ? വിചിത്ര ആശയവുമായി ഗവേഷകർ

ഗവേഷകരുടെ ചിന്തകള്‍ പലപ്പോഴും ഹോളിവുഡ് സിനിമാ സംവിധായകരെ പോലും കവച്ചു വയ്ക്കുന്നതായിരിക്കും, മനുഷ്യര്‍ ചന്ദ്രനിലെത്തിയതുള്‍പ്പെടെയുള്ള ശാസ്ത്ര നേട്ടങ്ങള്‍ ഇതിനുദാഹരണമാണ്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം തടയാന്‍ വലിയൊരു ചുറ്റുമതിലിനു കഴിയുമെന്നു ചില ഗവേഷകര്‍ കണക്കു കൂട്ടുന്നുണ്ടെങ്കില്‍ അതിനെ തള്ളിക്കളയാനാകില്ല. എങ്കിലും അന്റാര്‍ട്ടിക് പോലൊരു വലിയ പ്രദേശത്തെ ഒരു വന്‍മതില്‍ കെട്ടി സംരക്ഷിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ആരെങ്കിലും അതിശയിച്ചാല്‍ അതിനെ കുറ്റം പറയാനും കഴിയില്ല.

ആഗോളതാപനം ഭൂമിയില്‍ സൃഷ്ടിച്ച ഏറ്റവും വലിയ ആഘാതങ്ങളിലൊന്നാണ് ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞുരുകല്‍. രണ്ട് ധ്രുവപ്രദേശങ്ങളിലെയും മഞ്ഞുരുകുന്നതോടെ സമുദ്രത്തിലെ ജലനിരപ്പ് പ്രവചനാതീതമായ തോതിലായിരിക്കും ഉയരുക. ഇതോടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി മാറും. ഇതോടൊപ്പം തന്നെ ഭീകരമാണ് പാരിസ്ഥിതികമായും ഭൂമിശാസ്ത്രപരമായും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ. ഇവയെല്ലാം മുന്നില്‍ കണ്ടാണ് കൂറ്റന്‍ മതിലെന്ന ആശയം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. 

അന്റാര്‍ട്ടിക്കിലെ വന്‍മതിലിന്റെ സാധ്യത

യൂറോപ്പിലെ ഭൗമശാസ്ത്രജ്ഞരുടെ മാസികയായ ക്രയോസ്ഫിയറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത്തരം ഒരു വന്‍മതിലിന്റെ സാധ്യതയെപ്പറ്റി ചൂണ്ടിക്കാട്ടുന്നത്. സാധാരണ മതിലുകളെപ്പോലെ മുകളിലല്ല മറിച്ച് കടലിനടിയില്‍ മഞ്ഞു പാളികള്‍ക്കു താഴെ ഈ മതില്‍ നിര്‍മിക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ മതില്‍ മഞ്ഞു പാളികള്‍ തകര്‍ന്നു വീഴുന്നതു തടയുമെന്നു പഠനം പറയുന്നു. അതേസമയം മഞ്ഞു പാളികള്‍ തകരുന്നത് ഇതുകൊണ്ട് പൂര്‍ണമായും ഒഴിവാക്കാനാകില്ലെങ്കിലും സമുദ്ര നിരപ്പുയരുന്നത് നീട്ടി വയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്.

മഞ്ഞുപാളികള്‍ക്ക് പുറത്തുള്ള താരതമ്യേന ചൂടുകൂടിയ സമുദ്രജലം മഞ്ഞുപാളികളിലേക്കു നേരിട്ട് പ്രവേശിക്കാതിരിക്കുക എന്നതാണ് മതില്‍ നിര്‍മാണത്തിന്റെ ഉദ്ദേശം. ഇത്തരം ഒരു മതില്‍ നിര്‍മിക്കുന്നതിലൂടെ അന്റാര്‍ട്ടിക്കിലെ പ്രധാന മഞ്ഞുപാളികളുടെ ആയുസ്സ് ആയിരം വര്‍ഷത്തേക്ക് വരെ നീട്ടിക്കിട്ടാൻ എഴുപതു ശതമാനം സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷെ ഇതിനായി സമുദ്രത്തില്‍ ആയിരക്കണക്കിന് അടി താഴ്ചയില്‍ നിന്നു വരെ മതില്‍ നിര്‍മാണം വേണ്ടിവരും.

ഈ നിര്‍ദ്ദേശം ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നതാണ്. ഇത്തരമൊരു പദ്ധതിക്കുള്ള സാങ്കേതിക വിദ്യ നിലവിലുണ്ടോ എന്നുള്ളതും ഇതിന് എന്തു ചിലവു വരും എന്നുള്ളതും ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കാന്‍ മനുഷ്യര്‍ നടത്തുന്ന ഏറ്റവും വലിയ പരിശ്രമമായി അതു മാറും. കാലാവസ്ഥാ വ്യതിയാനവും ഒപ്പം സമുദ്ര നിരപ്പുയരുന്നതും രൂക്ഷമാകുന്നതോടെ പദ്ധതി നടപ്പാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒത്തു ചേര്‍ന്നാലും അദ്ഭുതപ്പെടാനില്ലെന്നാണ് ഈ ആശയം മുന്നോട്ടു വച്ച രണ്ടു ഗവേഷകരില്‍ ഒരാളായ ഫിന്‍ലാന്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിക് വിഭാഗം വിദഗ്ധന്‍ ജോണ്‍ മൂര്‍ പറയുന്നത്.

പ്രിന്‍സ്ണ്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്ര വിദഗ്ധനായ മൈക്കിള്‍ വോള്‍വിക് ആണ് ഈ ആശയത്തില്‍ ജോണ്‍ മൂറിന്റെ പങ്കാളി. അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ തകരുന്നതു തടയാന്‍ മനുഷ്യന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്റെ അവസാനഘട്ടമാണ് ഇപ്പോഴെന്ന് മൈക്കിള്‍ വോള്‍വിക് പറയുന്നു. ഇതിനു കാരണമായി പറയുന്നത് അന്റാര്‍ട്ടിക്കിലെ ത്വാറ്റീസ് മഞ്ഞുപാളിയുടെ തകര്‍ച്ചയാണ്.

ഇപ്പോള്‍ തകരാന്‍ തയാറായി നില്‍ക്കുന്ന ത്വാറ്റീസ് വൈകാതെ പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കിലെ മുഴുവന്‍ മഞ്ഞു പാളികളെയും ദുര്‍ബലമാക്കും. അടുത്ത ഇരുപതു വര്‍ഷത്തിനുള്ള ത്വാറ്റീസിന്റെ തകര്‍ച്ച പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ വന്‍മതില്‍ പോലുള്ള പദ്ധതിയിലൂടെ അന്റാര്‍ട്ടിക്കിന്റെ തകര്‍ച്ച ഒഴിവാക്കുകയാണ് അവസാന പോംവഴിയെന്ന് മൈക്കിള്‍ വോള്‍വിക് വാദിക്കുന്നു. ത്വാറ്റീസിന്റെ തകര്‍ച്ചയിലൂടെ ലോകസമുദ്രനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരുമെന്നാണ് മൈക്കിള്‍ വോള്‍വിക് മുന്നറിയിപ്പു നല്‍കുന്നത്.

ഉയരുന്ന സമുദ്രജലനിരപ്പ്

ഭൂമിയിലെ സമുദ്രനിരപ്പ് ഇരുന്നൂറ് അടി വരെ ഉയര്‍ത്താനുള്ള ജലം അന്റാട്ടിക്കിലെ മഞ്ഞുപാളികളിലുണ്ട്. ഇത് ഉടന്‍ സംഭവിച്ചില്ലെങ്കിലും പ്രതീക്ഷിക്കുന്നതിലും വേഗത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ കരുതുന്നത്. കരുതിയിരുന്നതിലും വേഗത്തിലാണ് ഭൂമിയിലെ താപനില ഉയരുന്നതും ഇതനുസരിച്ച് അന്റാര്‍ട്ടിക്കിലെയും ആര്‍ട്ടിക്കിലെയും മഞ്ഞുപാളികള്‍ ഉരുകുന്നതും. സാധാരണ ഗതിയില്‍ അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളി ഉരുകി നൂറടി ഉയരത്തില്‍ വരെ ജലമെത്താന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളെടുക്കും. എന്നാല്‍ നിലവിലെ വേഗത്തില്‍ താപനില ഉയര്‍ന്നാണ് ഇത് ഇരുന്നൂറോ മുന്നൂറോ വര്‍ഷം കൊണ്ടു സംഭവിച്ചേക്കുമെന്നാണ് ഗവേഷകര്‍ ഭയക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനു തുടക്കമായ ഇരുപതാം നൂറ്റാണ്ടില്‍ കടല്‍നിരപ്പ് ഏകദേശം ആറ് ഇഞ്ചോളം ഉയര്‍ന്നിട്ടുണ്ടെന്നാണു കണക്കാക്കുന്നത്.