ആഗോളതാപനത്തിനൊപ്പം വർധിക്കുന്ന ആത്മഹത്യാനിരക്ക്

കര്‍ഷക ആത്മഹത്യകള്‍ എന്നും ഇന്ത്യയുടെ ഉറക്കം കെടുത്തുന്നവയാണ്. അന്നം തരുന്നവന് അന്നത്തിനു വകയില്ലെന്ന ദാരുണമായ അവസ്ഥയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് മൂന്ന് ലക്ഷത്തിനു മുകളില്‍ കര്‍ഷകരാണ്. ഇതില്‍ അറുപതിനായിരം പേരുടെയെങ്കിലും ആത്മഹത്യ ആഗോളതാപനം സൃഷ്ടിച്ച കാര്‍ഷിക വിളനാശവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് കണക്കുകള്‍.

ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും മെക്സിക്കോയിലുമെല്ലാം കര്‍ഷക ആത്മഹത്യകള്‍ വർധിച്ചു വരികയാണ്. ആഗോളതാപനം മനുഷ്യരുടെ മാനസിക ആരോഗ്യത്തെ എങ്ങനെ തകര്‍ക്കുന്നുവെന്നതു സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടില്ല. എങ്കിലും കര്‍ഷക ആത്മഹത്യയെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ആഗോളതാപനം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ മേല്‍ വ്യാപകമായ സമര്‍ദ്ദമുണ്ടാക്കുന്നു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരവും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധം കണക്കിലെടുത്താല്‍ തന്നെ സാമ്പത്തിക നിലവാരവും ആഗോളതാപനത്തിന്റെ ആഘാതവും തമ്മിലുള്ള ബന്ധവും ബോധ്യമാകും. ആഗോളതാപനം മൂലമുള്ള കൃഷിനാശം കാരണം അമേരിക്കയിലെ ആത്മഹത്യാനിരക്കില്‍ 0.7 ശതമാനം വർധനവാണുണ്ടായത്. മെക്സിക്കോയില്‍ ഇത് 2.1 ആണ്. ഇന്ത്യയില്‍ ആഗോളതാപനവുമായി ബന്ധപ്പെടുത്തി ഇതുവരെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചു നേരിട്ടുള്ള പഠനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

താപനില ക്രമാതീതമായി ഉയരുമ്പോഴാണ് ആത്മഹത്യാനിരക്കിലും വർധനവുണ്ടാകുന്നതെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ സാധാരണ നിലയില്‍ നില്‍ക്കുമ്പോഴോ, തണുപ്പോ മഴയോ ശക്തമാകുമ്പോഴോ ആത്മഹത്യാനിരക്കില്‍ ഇത്ര വലിയ വർധനവ് ഉണ്ടാകുന്നില്ല. ചൂട് വർധിക്കുന്നത് കൃഷിനാശത്തിനൊപ്പം തന്നെ ആളുകളുടെ മനസ്സില്‍ അകാരമായി സമര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മാര്‍ഷല്‍ ബുര്‍കെ പറയുന്നു.

കർഷകരില്‍ മാത്രമല്ല പൊതുസമൂഹത്തിലും വർധിക്കുന്ന ചൂടിനൊപ്പം മാനസിക ആരോഗ്യത്തിനു ക്ഷയം സംഭവിക്കുന്നുവെന്നും ഈ പഠനം പറയുന്നു. ട്വിറ്ററുകളിലെ സന്ദേശങ്ങളില്‍ വർധിച്ചു വരുന്ന വരള്‍ച്ച, സമര്‍ദ്ദം, ഒറ്റപ്പെടല്‍, തുടങ്ങിയ വാക്കുകള്‍ വർധിക്കുന്ന താപനിലയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് നേച്ചര്‍ ക്ലൈമറ്റ് ചെയിഞ്ച് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. എന്നാല്‍  ഇതില്‍ ഭിന്നാഭിപ്രായവും ചില ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.