കാണേണ്ടവർ കണ്ണടയ്ക്കുന്നു; ഒഴുകാനാവാതെ ചാലക്കുടിപ്പുഴ

ചാലക്കുടിപ്പുഴയിൽ ദേശീയപാത പാലത്തിന്റെ തൂണുകളിൽ ഒഴുക്കു തടസ്സപ്പെടുത്തുംവിധം അടിഞ്ഞ മുളങ്കാടുകൾ

തൂണുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുളങ്കാടുകൾ. അടിത്തട്ടിൽ കോൺക്രീറ്റ് ബ്ലോക്കുകളും മണ്ണും അടിഞ്ഞ നിലയിൽ. പുഴയോരം 15 അടിയോളം ഇടിഞ്ഞത് ഒരു വശത്ത്. സ്വാഭാവിക ഒഴുക്കു തടസ്സപ്പെട്ട ചാലക്കുടിപ്പുഴ കരഞ്ഞു വിളിക്കുമ്പോഴും കാണേണ്ടവർ കണ്ണടയ്ക്കുന്നതായി പരാതി.

മാസം മുൻപുണ്ടായ പ്രളയത്തിലാണ് ചാലക്കുടിപ്പുഴയിൽ ദേശീയപാത പാലത്തിന്റെ തൂണുകളിൽ ഒഴുക്കു തടസ്സപ്പെടുത്തുംവിധം മുളങ്കാടുകൾ മലയിൽ നിന്ന് ഒഴുകിയെത്തി കുടുങ്ങിക്കിടക്കുന്നത്. അവ അവിടെ കിടന്നു വേരു പിടിക്കുകയും മുളച്ചാർക്കുകയും ചെയ്തിട്ടും അധികൃതർ കണ്ടിട്ടു കൂടിയില്ല. പാലത്തിന്റെ സ്ലാബുകൾക്കരികിൽ വരെ ജലനിരപ്പുയർന്ന പുഴയിൽ ഇപ്പോൾ നീരൊഴുക്കു കുറവാണ്.

ചാലക്കുടിപ്പുഴയിൽ ദേശീയപാത പാലത്തിന്റെ തൂണുകൾക്കരികിലെ മണ്ണ് ഇടിഞ്ഞ നിലയിൽ.

പല വിധത്തിലുള്ള സാമഗ്രികളാൽ പകുതിയിലേറെ ഭാഗത്തും ഒഴുകാനാകാതെ ഞെരുങ്ങുകയാണിപ്പോൾ കേരളത്തിലെ വലുപ്പത്തിൽ അഞ്ചാമത്തെ പുഴ. ദേശീയപാതയിലെ കിഴക്കു വശത്തെ പാലത്തിന്റെ തൂണുകളിലാണ് ഒഴുക്കു തടസ്സപ്പെടുത്തി മുളങ്കാടുകൾ തടഞ്ഞു കിടക്കുന്നത്. ഇവ കൂടാതെ മരത്തടികളും തൂണിൽ കുടുങ്ങിക്കിടപ്പുണ്ട്.

നേരത്തേ വെട്ടുകടവ് പാലത്തിലും ഇത്തരത്തിൽ മുളങ്കാടുകളും കൂറ്റൻ മരങ്ങളും അടിഞ്ഞു കിടന്നെങ്കിലും അഗ്നിശമന സേനയുടെ സഹായത്തോടെ ഇവ നീക്കം ചെയ്തിരുന്നു. റെയിൽവേ പാലത്തിനോടു ചേർന്നും മാസങ്ങളായി മുളങ്കാട് കുടുങ്ങിക്കിടക്കുന്നു. പുഴയുടെ ഇരുവശവും കരിങ്കൽക്കെട്ടുകൾ അടക്കം ഹെക്ടർ കണക്കിനു ഭൂമി ഇടിഞ്ഞു നശിക്കുകയും ചെയ്തിരുന്നു.