കാൽ നൂറ്റാണ്ടിനു ശേഷം കോതവാടി കുളം നിറഞ്ഞു

പൊള്ളാച്ചി കിണത്ത്ക്കടവിൽ കാൽ നൂറ്റാണ്ടിന് ശേഷം കോതവാടി കുളം നിറഞ്ഞു കവിഞ്ഞു . കർഷകരുടെ സ്വപ്നം പൂവണിയുന്നു . 25 വർഷം മുൻപ് വറ്റിയ കുളം അടുത്തിടെ പെയ്ത ശക്തമായ മഴയിൽ നിറഞ്ഞ് കവിഞ്ഞതാണ് കർഷകർക്ക് ഗുണമായത്. ഈ കുളം വറ്റിയതോടെ പ്രദേശത്തെ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിച്ചു. നെൽപാടങ്ങളും, പച്ചക്കറി തോട്ടങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് ഹെക്ടർ കൃഷിയാണ് ഉപേക്ഷിച്ചത്.

140 ഏക്കർ വിസ്തീർണമുള്ള കുളം1993ലുണ്ടായ കനത്ത വേനലിനെ തുടർന്നാണ് വറ്റിയത്. പിന്നീട് മഴ ഉണ്ടായെങ്കിലും കുളത്തിൽ ആവശ്യത്തിന് വെള്ളമെത്തിയില്ല. കുളത്തിൽ നിന്ന് കൃഷി ഭൂമിയിലേക്ക് ജല സേചനത്തിനായി മോട്ടോർ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. താലൂക്കിലെ ശുദ്ധജല പദ്ധതിക്കായും കുളത്തിലെ വെള്ളം ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചെളിയെടുത്ത് കുളം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.