Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ തുടരുന്ന കുലുക്കം, ഒഴിയാത്ത ആശങ്ക

Idukki-Dam

7 വർഷമായി ഇടുക്കി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങൾ കേന്ദ്രമായി തുടർച്ചയായി ഭൂചലനങ്ങൾ അനുഭവപ്പെടുന്നതിനാൽ ആശങ്ക ഒഴിയാതെ ജനങ്ങൾ. 7 വർഷത്തിനിടെ അറുപതിലധികം ഭൂചലനങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇവയുടെയെല്ലാം തീവ്രത കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഈ വർഷം ഇതുവരെ 2 ചലനങ്ങളാണ് ഉണ്ടായത്. നേരിയ തീവ്രത മാത്രം ഉള്ളതിനാൽ റിക്ടർ സ്‌കെയിലുകളിൽ രേഖപ്പെടുത്താത്ത ചലനങ്ങളും ഉണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളോടു ചേർന്നാണ് ഇവയിൽ ഭൂരിഭാഗം ചലനങ്ങളും ഉണ്ടായതെന്നത് ആശങ്കാജനകമാണെങ്കിലും അതുസംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. 

1988 ജൂൺ 7ന് നെടുങ്കണ്ടം പ്രഭവകേന്ദ്രമായി റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിനുശേഷം 2000 ഡിസംബർ 12ന് ഈരാറ്റുപേട്ട കേന്ദ്രമായുണ്ടായ 5 തീവ്രതയുള്ള കുലുക്കം ജില്ലയിലും അനുഭവപ്പെട്ടു. അതിനുശേഷം 2001ൽ മൂലമറ്റം കേന്ദ്രമായി 4 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായി. പിന്നീട് 2011 മാർച്ച് 5ന് കുളമാവ് പ്രഭവകേന്ദ്രമായി 1.9 തീവ്രതയുള്ള ചലനത്തോടെയാണ് ജില്ലയിൽ അടിക്കടി ഭൂമി കുലുങ്ങാൻ തുടങ്ങിയത്. ആ വർഷം ജൂലൈ 26ന് 2.2 തീവ്രതയിൽ ഉളുപ്പൂണിയിൽ ഒരുതവണയും 2.9ൽ കുറഞ്ഞ തീവ്രതയിൽ കുളമാവിനു സമീപം 5 തവണയും ഭൂമി കുലുങ്ങി. 

ജൂലൈ 27നും അവിടെ കുലുക്കം അനുഭവപ്പെട്ടു. അതേവർഷം ഓഗസ്റ്റ് നാലിന് 1.5 തീവ്രതയിലും 20ന് 0.6 തീവ്രതയിലും വെഞ്ഞൂർമേട്ടിൽ ഭൂമി കുലുങ്ങി. ഓഗസ്റ്റ് 23ന് കണ്ണംപടിയിൽ 2.1, സെപ്റ്റംബർ 16ന് കണ്ണംപടിയിൽ 1.0, പാറത്തോടിനു സമീപം 2.2, 18ന് വെഞ്ഞൂർമേട്ടിൽ 1.9, ഒക്‌ടോബർ 16ന് വെള്ളക്കാനത്ത് 2.0, നവംബർ 2ന് വെഞ്ഞൂർമേട്ടിൽ 2.4, 18ന് വള്ളക്കാനത്ത് 2.8, വെഞ്ഞൂർമേട്ടിൽ 3.4, 26ന് കണ്ണംപടിയിൽ 3.4, 1.0, 1.7, 1.4 എന്നിങ്ങനെയും ചലനം ഉണ്ടായി. 

earthquake

ഈ സമയത്ത് മുല്ലപ്പെരിയാർ സമരം ശക്തമാകുകയും ചെയ്തു. തുടർച്ചയായ ഭൂചലനം ജനങ്ങളെ ഭയചകിതരാക്കിയെങ്കിലും അതിനുശേഷം അടിക്കടിയുള്ള ചലനങ്ങൾക്കു കുറവു വന്നിരുന്നു. എന്നാൽ നിശ്ചിത ഇടവേളകളിൽ ചലനം തുടർന്നു. ജനുവരി 14നാണ് 2012ൽ ആദ്യചലനം അനുഭവപ്പെട്ടത്. ആ വർഷം ആകെ 17 ചലനങ്ങളാണ് ഉണ്ടായത്. 2013 ഫെബ്രുവരി 7ന് ആദ്യ ചലനം ഉണ്ടാകുകയും പിന്നീട് 9 തവണ ആവർത്തിക്കുകയും ചെയ്തു. 

2013 നവംബർ 13ന് ചെറുതോണിക്കു സമീപം പ്രഭവകേന്ദ്രമായുണ്ടായ ചലനം റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിലും തീവ്രത കുറഞ്ഞ ചലനങ്ങൾ ഉണ്ടായി. 2016 ഏപ്രിൽ 15ന് ഉപ്പുതറ ഒൻപതേക്കർ പ്രഭവകേന്ദ്രമായി 1.5 തീവ്രതയിൽ ഭൂമി കുലുങ്ങി. 2017ൽ കണ്ണംപടി കേന്ദ്രമായി 2.2 തീവ്രതയും ഉളുപ്പൂണി കേന്ദ്രമായി 2.4 തീവ്രതയുമുള്ള ചലനം രേഖപ്പെടുത്തി. ഈവർഷം രണ്ടുതവണ അനുഭവപ്പെട്ട ചലനങ്ങളും ഇടുക്കി അണക്കെട്ടിന്റെ സമീപ മേഖലകളിലായിരുന്നു.