നശിപ്പിക്കപ്പെട്ട ഓസോണ്‍ പാളികൾ പുനസ്ഥാപിക്കപ്പെടുമോ?

ആഗോള താപനം ഭൂമി കണ്ട ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി ഉയര്‍ന്നു വരുന്നതിന് മുന്‍പ് ലോകം ആശങ്കപ്പെട്ട പാരിസ്ഥിതിക വിപത്ത് ഓസോണ്‍ പാളികളുടെ നാശമായിരുന്നു. ലോക രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് ഒപ്പിട്ട ആദ്യ പാരിസ്ഥിതിക കരാറും ഓസോണ്‍ സംരക്ഷണത്തിനുള്ള കരാറായിരുന്നു. ഈ കരാര്‍ വലിയ വിട്ടുവീഴ്ചകളില്ലാതെ നടപ്പാക്കാന്‍ തയാറായതു കൊണ്ടു തന്നെയാണ് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രം തേടിയെത്തുന്ന പരിസ്ഥിതി ലോകത്തു നിന്ന് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയെത്തിയതും. ഒരിക്കല്‍ ഇല്ലാതായ പ്രദേശങ്ങളിലെല്ലാം ഓസോണ്‍ പാളികള്‍ വീണ്ടും രൂപം കൊള്ളുന്നുവെന്നും 2060 തോടെ ഓസോണ്‍ പൂർണമായും പുനസ്ഥാപിക്കപ്പെടുമെന്നുമാണു ഗവേഷകര്‍ കണ്ടെത്തിയത്.

മോണ്‍ട്രിയല്‍ കരാര്‍

1987 ല്‍ ലോക രാഷ്ട്രങ്ങള്‍ ഒപ്പിട്ട മോണ്‍ട്രിയല്‍ കരാറാണ് ഓസോണ്‍ സംരക്ഷണത്തിന്റെ അടിസ്ഥാനം. ഓസോണിനെ ദ്രവിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയായിരുന്നു ഈ കരാര്‍. പിന്നീട് പല വര്‍ഷങ്ങളിലായി എട്ടു തവണ ഈ കരാര്‍ പുതുക്കുകയും ചെയ്തിരുന്നു. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോ കാര്‍ബണ്‍, ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഹാലനുകള്‍ എന്നിവയാണ് ഈ കരാറിലൂടെ ഘട്ടം ഘട്ടമായി നിരോധിക്കപ്പെട്ടത്. ഫ്രിഡ്ജ്, എസി തുടങ്ങിയവയിലാണ് ഈ വാതകങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഇതോടെ 2000  മുതല്‍  2010 വരെ വിലയിരുത്തിയതിലും മൂന്നില്‍ രണ്ട് ശതമാനം കുറവ് ക്ലോറോ ഫ്ലൂറോ കാര്‍ബണാണ് 2012 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കണ്ടെത്തിയത്.

ഓസോണ്‍

ക്ലോറോ ഫ്ലൂറോ കാര്‍ബണിന്റെ ബഹിര്‍ഗമനത്തിലുണ്ടായ കുറവിന് അനുപാതികമായ വർധനവ് ഓസോണ്‍ പാളിയില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 2001ൽ ഓസോണിലുണ്ടായിരുന്നു വിടവില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ കുറവ് എല്ലാം വര്‍ഷവും രേഖപ്പെടുത്തുന്നുണ്ട്. ധ്രുവപ്രദേശങ്ങള്‍ക്കു മുകളിലാണ് ഓസോണ്‍ പാളിയില്‍ ഏറ്റവും വലിയ വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ഏറ്റവും അവസാനം ഇല്ലാതാകുന്ന വിടവും ധ്രുവപ്രദേശത്തെ തന്നെയായിരിക്കും.

ഉത്തരാർധത്തിനു മുകളിലുള്ള ഓസോണ്‍ വിടവ് 2030 ഓടെ പൂർണമായും ഇല്ലാതാകുമെന്നാണ് ഗവഷകരുടെ പ്രതീക്ഷ. ദക്ഷിണാർധത്തില്‍ ഇതിനു 2050 വരെ സമയമെടുക്കും, 2060 തോടെ ധ്രുവ പ്രദേശത്തെ ഓസോണ്‍ പാളിയിലെ വിടവ് പൂർണമായും ഇല്ലാതാകുമെന്നും ഗവേഷകര്‍ പറയുന്നു. ക്ലോറോ ഫ്ലൂറോ കാര്‍ബണുകളുടെ അളവ് അന്തരീക്ഷത്തില്‍ കുറയുന്നതിന്റെ വേഗതയ്ക്കനുസരിച്ച് ഇത് നേരത്തെയോ അല്‍പ്പം വൈകിയോ സംഭവിച്ചേക്കാം എന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഇപ്പോള്‍ എല്ലാ നാല് വര്‍ഷത്തില്‍ ഒരിക്കലാണ് ഓസോണ്‍ പാളിയിലുണ്ടാകുന്ന വർധനവ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം ഗവേഷകര്‍ വിലയിരുത്തുന്നത്. 

മൂന്നാം ലോക രാജ്യങ്ങളിലെ നിരോധനം

വികസിത വികസ്വര ശ്രേണിയില്‍ പെടുന്ന 69 രാജ്യങ്ങളാണ് മോണ്‍ട്രിയല്‍ പ്രോട്ടോകോളില്‍ ഇതുവരെ ഒപ്പു വച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിലുണ്ടായിട്ടുള്ള ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെ കുറവാണ് ഓസോണ്‍ പാളി വീണ്ടും പുനര്‍ജീവിക്കാന്‍ കാരണമായതും. അതേസമയം പല മൂന്നാം ലോക രാജ്യങ്ങളിലും ഇന്നും ക്ലോറോഫ്ലൂറോ കാര്‍ബണും, ഹൈഡ്രോക്ലോറോ ഫ്ലൂറോ കാര്‍ബണും ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഒരു ബദല്‍ ലഭ്യമാകാത്തതാണ് ഇതിനു കാരണം.

മൂന്നാം ലോക രാജ്യങ്ങളിലേക്കു കൂടി ഈ നിരോധനം എത്തിച്ചെങ്കില്‍ മാത്രമേ ഓസോണ്‍ പാളിയില്‍ നിലവിലുണ്ടാകുന്ന വർധനവിന്റെ തോത് മാറ്റമില്ലാതെ തുടരൂ. ഈ സഹാചരയത്തില്‍ ചിലവു കുറഞ്ഞ ബദലുകള്‍ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിനു കൂടിയാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം ശ്രമിക്കുന്നത്.