Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീന്‍ലന്‍ഡ് ഉരുകിയൊലിക്കുന്നു; എല്ലാ പരിധികളും ലംഘിച്ച്

Greenland

ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മഞ്ഞുനിറഞ്ഞ മേഖലയാണ് ഗ്രീന്‍ലന്‍ഡ്. പക്ഷേ സമുദ്രത്തിലേക്ക് എല്ലാ വര്‍ഷവും ഏറ്റവുമധികം ജലമെത്തിക്കുന്നത് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികളാണ്. ഈ മഞ്ഞുപാളികള്‍ ഉരുകുന്നതിന്‍റെ വേഗമാണ് ഇപ്പോള്‍ പല മടങ്ങായി വർധിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 70 മുതല്‍ 80 ലക്ഷം വരെ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുരുക്കമാണ് ഗ്രീന്‍ലന്‍ഡില്‍ ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളികള്‍ ഉരുകുന്നതിന്‍റെ വേഗം വർധിക്കുന്നതിന് അനുപാതമായി തന്നെ കടല്‍ ജലനിരപ്പും വർധിക്കും. സ്വാഭാവികമായും ഇതു സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ.

ഏകദേശം 100 കോടി ടണ്‍ മഞ്ഞാണ് ഓരോ ദിവസവും ഗ്രീന്‍ലന്‍ഡില്‍ നിന്ന് ഉരുകിയൊലിച്ചു സമുദ്രത്തിലേക്കെത്തുന്നത്. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകി ഒലിക്കുന്നതു തുടര്‍ന്നാല് സമുദ്രനിരപ്പില്‍ 7.5 മീറ്റര്‍ വരെ വർധനയുണ്ടായേക്കാമെന്നാണു ഗവേഷകര്‍ കരുതുന്നത്. അതായത് ഏകദേശം 24 അടി. ഇത് ഗ്രീന്‍ലന്‍ഡിലെ മാത്രം മഞ്ഞുരുകുമ്പോഴുള്ള കണക്കാണിത്. ആര്‍ട്ടിക്കിലെയും അന്‍റാര്‍ട്ടിക്കിലെയും മഞ്ഞു പാളികള്‍ സമാനമായ തോതില്‍ ഉരുകുന്നുണ്ട് എന്നതു കൂടി ഈ അവസരത്തിൽ ഓര്‍ക്കാം.

കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെയാണ് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്‍റെ വേഗം വർധിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ഈ വേഗം എല്ലാ പരിധികളും ലംഘിച്ചു കുതിയ്ക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിന്‍റെയും അന്‍റാര്‍ട്ടിക്കിന്‍റെയും കാര്യത്തിലെന്ന പോലെ ഗ്രീന്‍ലന്‍ഡിന്‍റെ മഞ്ഞുരുക്കവും ആഗോളതാപനുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു  എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഗ്രീന്‍ലാന്‍ഡിലെ ഏറ്റവും വലിയ മഞ്ഞു പാളിയില്‍ നടത്തിയ പര്യവേഷണം

24 മണിക്കൂറിനിടയില്‍ ഗ്രീന്‍ലന്‍ഡിലെ ഏറ്റവും വലിയ മഞ്ഞു പാളിയില്‍നിന്ന് എത്ര അളവിലാകും വെള്ളം കടലിലേക്കെത്തുന്നതെന്നതറിയാനാണ് ലൂക്ക് ടര്‍സലും സംഘവും ഒക്ടോബര്‍ അവസാനത്തോടെ ഈ പര്യവേഷണം നടത്തിയത്. ശൈത്യകാലം ആരംഭിക്കുന്ന സമയമായിരുന്നിട്ടു കൂടി ഈ മഞ്ഞുപാളിയില്‍ നിന്ന് കടലിലേക്കെത്തുന്ന ജലത്തിന്‍റെ അളവ് ഇവരെ അമ്പരിപ്പിച്ചു. ഈ ഒറ്റ മഞ്ഞു പാളിയില്‍ നിന്നു മാത്രം ദിവസേന ഉരുകി ഒലിക്കുന്നത് ഏതാണ്ട് 17 കോടി ടണ്‍ മഞ്ഞാണ്. ഇത് 25 വര്‍ഷം മുന്‍പ് നടത്തിയ പര്യവേഷണത്തില്‍ കണ്ടെത്തിയ 3 കോടി ടണ്‍ മഞ്ഞിനേക്കാള്‍ ആറു മടങ്ങോളം അധികമാണെന്നു മനസ്സിലാക്കുമ്പോഴാണ് മഞ്ഞുരുക്കത്തിലെ ആഗോളതാപനത്തിന്‍റെ പങ്ക് ഒരിക്കല്‍ കൂടി വ്യക്തമാകുന്നത്.

മഞ്ഞുപാളികളില്‍ നിന്ന് കൂടുതല്‍ മഞ്ഞുരുകും തോറും അവയ്ക്ക് ബലക്ഷയം സംഭവിക്കുകയും ഇതുമൂലം ഉരുകുന്നതിന്‍റെ വേഗം വർധിക്കുകയും ചെയ്യും. ഇതാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ക്കും സംഭവിക്കുന്നതെന്ന് ലൂക്ക് ടര്‍സല്‍ പറയുന്നു. ഭയാനകമായ തോതിലാണ് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകുന്നത്. ലോകരാജ്യങ്ങള്‍ ലക്ഷ്യമിടുന്ന കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ സാധ്യമായാല്‍ തന്നെ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം നിയന്ത്രിക്കാനാവില്ലെന്നും ലൂക്ക് ടര്‍സല്‍ ആശങ്കപ്പെടുന്നു.

ഐസ് കോര്‍ പര്യവേക്ഷണം

മഞ്ഞുപാളികളിൽ ആഴത്തില്‍ കുഴിച്ച് അവയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു പഠനം നടത്തുന്നതാണ് ഐസ് കോര്‍ പഠനം. ലൂക്ക് ടര്‍സിലും സംഘവും നടത്തിയത് സമാനമായ പര്യവേഷണമാണ്. ഇതില്‍ നിന്നു ഗ്രീന്‍ലന്‍ഡിലെ കഴിഞ്ഞ 364 വര്‍ഷത്തെ മഞ്ഞുരുക്കത്തിന്‍റെയും ഓക്സിജന്‍ അളവിന്‍റെയും കണക്കുകളാണ് സംഘത്തിനു ലഭിച്ചത്. ഈ കണക്കുകൾ വ്യവസായവൽക്കരണത്തിനു ശേഷമാണ് ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കത്തില്‍ വർധനവുണ്ടായതെന്നു വ്യക്തമാക്കുന്നതാണ്.

1800 കളുടെ അവസാനത്തോടെ മഞ്ഞുരുക്കം ആരംഭിച്ചെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ഇത് രൂക്ഷമായതെന്നും ഐസ് കോര്‍ പഠനം തെളിയിക്കുന്നു. അതുവരെ ഉണ്ടായിരുന്നതിലും 250 മുതല്‍ 575 ശതമാനം വരെ വർധനവ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗ്രീന്‍ ലാന്‍ഡിലെ മഞ്ഞുരുക്കത്തില്‍ ഉണ്ടായതായാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മഞ്ഞ് പാളികളുടെ ഉള്‍മേഖലയില്‍ പോലും വലിയ തോതില്‍ വെള്ളം ഉരുകി ഒലിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

ഗ്രീന്‍ലന്‍ഡില്‍ ഉണ്ടാകുന്നത് മഞ്ഞുരുക്കത്തിലെ വർധനവല്ല മറിച്ച് ആഗോളതാപനത്തോടുള്ള മഞ്ഞു പാളികളുടെ പ്രതികരണമാണെന്ന് ഗവേഷകര്‍ പറയുന്നു. അതായത് കേവലം മഞ്ഞുരുകി ഒലിക്കുന്നതില്‍ വർധനവുണ്ടാവുകയല്ല ഗ്രീന്‍ലന്‍ഡില്‍ സംഭവിക്കുന്നത്. ആഗോള താപനില വർധിക്കുന്നത് മഞ്ഞു കൂടുതല്‍ ഉരുകി ഒലിക്കാന്‍ കാരണമാകുമ്പോള്‍ മഞ്ഞു കൂടുതല്‍ ഉരുകി ഒലിക്കുന്നത് ആഗോള താപനം വർധിക്കുന്നതിനും കാരണമാകുന്നു. ഇവ തമ്മില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കൂടി തുടങ്ങിയതോടെയാണു ഭൂമിയിലെ എല്ലാ മേഖലകളിലുമുള്ള മഞ്ഞു പാളികള്‍ ഉരുകി ഒലിക്കുന്നതിന്‍റെ വേഗത വർധിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.