കാലത്തിന്റെ കോലം മാറും!

കാലാവസ്ഥയ്ക്കനുസൃതമായ പ്രവർത്തനങ്ങൾക്ക് കാലാവസ്ഥാ വിജ്ഞാനം എന്നതാണ് ഇത്തവണത്തെ ലോക കാലാവസ്ഥാദിന സന്ദേശം.

ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുകയും തണുപ്പുള്ള ദിവസങ്ങളുടെ എണ്ണം കുറയുകയും ചെയ്യുകയാണിപ്പോൾ. വേനലും മഞ്ഞും മഴയുമൊക്കെയായി ഒരുതാളത്തിൽ കടന്നുപൊയ്ക്കൊണ്ടിരു ഋതുക്കൾക്ക് താളം തെറ്റുകയാണ്. പ്രവചനാതീതമായ രീതിയിൽ കാലാവസ്ഥ തകിടം മറിയുമ്പോൾ ഒരു നിമിഷമെങ്കിലും ഓർക്കാറുണ്ടോ ഇതൊക്കെ നമ്മുടെ തന്നെ ചെയ്തികളുടെ ഫലമാണെന്ന്?

ജലക്ഷാമം, കൊടുംവരൾച്ച, താപതരംഗങ്ങൾ, മഞ്ഞുരുകൽ, സമുദ്രജലവിതാനം ഉയരൽ, അമ്ലമയമാവുന്ന സമുദ്രം, വെള്ളപ്പൊക്കം, കൊടുങ്കാറ്റുകൾ, പകർച്ചവ്യാധികൾ, എൽനിനോ,ലാനിന പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ തുടങ്ങി പലരൂപത്തിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീകരതകൾനമുക്കു ദൃശ്യമാവാൻ തുടങ്ങിയിട്ടു നാളേറെയായി. കാലാവസ്ഥാവ്യതിയാനങ്ങൾ വിതയ്ക്കുന്ന ദുരന്തങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെയാണ് കാലാവസ്ഥാ അഭയാർഥികളാക്കിമാറ്റുന്നത്.

അന്തരീക്ഷ ദിനസ്ഥിതിക്കും കാലാവസ്ഥയ്ക്കും നിത്യജീവിതവുമായി ഏറെ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവയൊക്കെ ജീവനും സ്വത്തിനുംസംരക്ഷണം നൽകാനുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കും.

ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങൾ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വൻപ്രത്യാഘാതങ്ങളാണുണ്ടാക്കുക. അത് കൃഷി മുതൽ ടൂറിസംവരെയും അടിസ്ഥാനസൗകര്യം മുതൽ ആരോഗ്യരംഗം വരെയും നീളുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ ജലം, ഭക്ഷണം, ഊർജം തുടങ്ങി ഏറ്റവും അത്യാവശ്യ വിഭവങ്ങളെശോഷിപ്പിക്കുന്നതിലൂടെ സുസ്ഥിരവികസനത്തെതടയും. എന്നാൽ ശാസ്ത്രസാങ്കേതിക രംഗത്തെ വൻകുതിച്ചുചാട്ടത്തിലൂടെ ഉപഗ്രഹങ്ങൾ, വിദൂരസംവേദനം, കമ്പ്യൂട്ടർ രംഗം തുടങ്ങിയ മേഖലകളിലുണ്ടായമുന്നേറ്റം കാലാവസ്ഥാ ശാസ്ത്രത്തിലും പുതിയ സാധ്യതകളാണ് തുറന്നിട്ടത്.

കൃത്യതയേറിയ കാലാവസ്ഥാ പ്രവചനവും കാലാവസ്ഥാ മോഡലിങ്ങും ഭാവിയിലെ ദുരന്ത സൂചനകളും ആസന്നമായ ദുരന്തങ്ങളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളുമൊക്കെ ഇതോടെ സാധ്യമായി. 2013ൽ ഫൈലീൻ ചുഴലിക്കാറ്റിനെക്കുറിച്ച് നേരത്തെ തന്നെ ലഭിച്ചസൂചനകൾ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ എത്രമാത്രംസഹായകമായിരുന്നു എന്ന് കൂട്ടുകാർ ഓർക്കുന്നുണ്ടാവുമല്ലോ.

മഴയുടെ വിതരണത്തിലെ വ്യത്യാസം, ജലക്ഷാമം, കൊടുംവരൾച്ച , താപനില, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് നേരത്തെലഭ്യമാവുന്ന വിവരങ്ങൾ കൃഷി, വിളവെടുപ്പ്, ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ മെച്ചപ്പെട്ട ആസൂത്രണം നടത്താൻ കർഷകരെ സഹായിക്കും. കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ നഗരാസൂത്രകരെ പ്രകൃതിദുരന്തങ്ങളെ നേരിടൽ, ദുരന്തനിവാരണം, എന്നിവ ശക്തിപ്പെടുത്താനും ഒരു ഹരിതസമ്പദ് വ്യവസ്ഥ യാഥാർഥ്യമാക്കാനും സഹായിക്കും.

പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും വിതച്ചേക്കാവുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള മുന്നറിവ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കൽ, രോഗനിവാരണം എന്നിവ സാധ്യമാക്കും.

ജലവിഭവ മാനേജ് മെന്റ് വിഭാഗത്തിനാവട്ടെ ജലവിതരണം പരമാവധി മെച്ചപ്പെടുത്താനും വെള്ളപ്പൊക്കം നേരിടാനുമൊക്കെ ഇതു സഹായകമാവും.

ഊർജരംഗത്തിനാവട്ടെ ഒരു പ്രത്യേക പ്രദേശത്ത് ഊർജോല്പാദനത്തിനായി ഏതു തരം നിലയമാണ് വേണ്ടത് എന്ന് തീരുമാനമെടുക്കാൻ അവിടുത്തെ കാലാവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവിലൂടെ സാധിക്കും.

1950 മാർച്ച് 23 നാണ് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ രൂപീകൃതമായത്. ഇതിന്റെ സ്മരണയ്ക്കായാണ് മാർച്ച് 23 ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നത്.