മാരക രോഗബാധിതരെ കുഴിച്ചിട്ടത് ജീവനോടെ; ഇന്നും അലറിക്കരയുന്ന ആത്മാക്കൾ... ഇത് ലോകത്തിലെ ഏറ്റവും ഭയാനക ദ്വീപ്

യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ. 

ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവിൽ എത്ര പേർ യഥാർഥത്തിൽ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേൽമണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

നൂറ്റാണ്ടുകൾക്കു മുൻപേ പൊവേലിയയിൽ ആൾതാമസമുണ്ടായിരുന്നു. പിന്നീട് പലരും കീഴടക്കി ഇവിടത്തെ ജനങ്ങളെയെല്ലാം ആട്ടിപ്പായിച്ചു. വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പൻ കോട്ടകളും ഇവിടെ പണികഴിപ്പിച്ചതോടെയാണ് പിന്നെയും ദ്വീപിൽ ആൾതാമസമുണ്ടായത്. പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതർ പൂർണമായും ദ്വീപിനെ കയ്യൊഴിഞ്ഞു.  ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനിൽക്കുന്നത്. സാഹസികത മൂത്ത് ആർക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കിൽ പ്രദേശവാസികൾ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കിൽ വൻതുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നിൽക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകൾ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല– ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപിൽ അലയുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട് സാധാരണക്കാർക്കും പാരാനോർമൽ ഗവേഷകർക്കും. 

പ്ലേഗിൽ തീരാത്ത പ്രേതങ്ങൾ

ഇന്നും പൊവേലിയയിലൂടെ നടക്കുമ്പോൾ മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങൾ കാണാം. രോഗാണുക്കളെ എത്രയും പെട്ടെന്ന് ‘കുഴിച്ചുമൂടാനുള്ള’ വ്യഗ്രതയിൽ മറവു ചെയ്തപ്പോൾ മൃതദേഹങ്ങൾക്ക് മാനുഷിക പരിഗണന പോലും ആരും കൊടുത്തിരുന്നില്ല. പാതിജീവനുമായി ഇവിടെ വന്നിറങ്ങി മരിച്ചുവീണവർക്കാകട്ടെ പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനു പോലും വിധിയുണ്ടായില്ല. അവർ മണ്ണിൽത്തന്നെ അഴുകിത്തീരുകയായിരുന്നു. എന്നാൽ പ്ലേഗ് കൊണ്ടും തീർന്നില്ല ഈ പ്രേതദ്വീപിന്റെ ദുർവിധി. ‘കറുത്ത മഹാമാരി’ ഇല്ലാതായെങ്കിലും പിന്നീട് ആർക്കെങ്കിലും മാറാരോഗങ്ങൾ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സർക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി. 

അങ്ങനെയിരിക്കെയാണ് 1922ൽ പൊവേലിയയിലെ കെട്ടിടങ്ങൾ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കൽ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാൽ ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാൽ എന്തു പരീക്ഷണവും നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടർക്ക്. പക്ഷേ അധികകാലം ഇത് തുടർന്നില്ല. ദ്വീപിലെ കൂറ്റൻ ബെൽ ടവറിനു മുകളിൽ നിന്നു ചാടി ഡോക്ടർ ഒരു രാത്രി ആത്മഹത്യ ചെയ്തു. പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്. ഇപ്പോഴും പാതിരാവുകളിൽ ദൂരെ ദ്വീപിൽ നിന്നും ബെൽ ടവറിലെ മണിയൊച്ചകൾ കേൾക്കാറുണ്ടെന്നും പ്രദേശവാസികളുടെ വാക്കുകൾ. ടവറിലെ കൂറ്റൻ മണി എന്നേ അപ്രത്യക്ഷമായി എന്നത് മറ്റൊരു സത്യം! 

എന്തായാലും കുറച്ചു നാൾ കൃഷി ചെയ്ത് 1968ന് സർക്കാർ പൂർണമായും ദ്വീപിനെ കൈവിട്ടു. മാനസിക രോഗാശുപത്രിയിൽ മരിച്ചുവീണവരെയും ദ്വീപിൽത്തന്നെയാണ് അടക്കിയത്. അങ്ങനെ ഹൊറർ സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവേലിയ മാറി. കെട്ടിടങ്ങളെല്ലാം തകർന്നു. പലതും കാട് കയ്യേറി. പലയിടത്തും മണ്ണിളകി ശവകുടീരങ്ങൾ അനവരണം ചെയ്യപ്പെട്ടു. കൂട്ടിയിട്ട നിലയിൽ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നൽകാൻ സർക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി. 

നിങ്ങളെ തുറിച്ചു നോക്കി ഒരുപാട് കണ്ണുകൾ...

പാരാനോർമൽ ഗവേഷകർ ദ്വീപിൽ നടത്തിയ അന്വേഷണങ്ങൾക്കിടെ എല്ലാവർക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ മുതൽ തങ്ങൾക്കു നേരെ ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തിൽ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടിൽ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകൾ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അൽപമെങ്കിലും ഭയം മനസിലുണ്ടെങ്കിൽ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാർ പറയുന്നതു തന്നെ. പോയാൽ രാത്രി ഒരു കാരണവശാലും നിൽക്കാനും പാടില്ല. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് പൊവേലിയ ദ്വീപ് ഒടുവിൽ ഇറ്റലി വിറ്റൊഴിവാക്കുകയായിരുന്നു. ബിസിനസുകാരനായ ലൂയ്ജി ബ്രുഞാറോയാണ് 18 ഏക്കറോളം വരുന്ന ദ്വീപിലെ ഭാഗം വാങ്ങിയത്. നാലു ലക്ഷം പൗണ്ടിനായിരുന്നു കച്ചവടം. ഇതുപ്രകാരം 99 വർഷത്തേക്കാണ് ബ്രുഞാറോയ്ക്ക് ദ്വീപിന്റെ ഉടമസ്ഥാവകാശം. ഇവിടെ പക്ഷേ എന്താണ് ചെയ്യാൻ പോകുന്നതെന്നു മാത്രം ഉടമ വ്യക്തമായിട്ടില്ല. 1.62 കോടി പൗണ്ടെങ്കിലും ചെലവിട്ടാലേ കെട്ടിടങ്ങളെ പുനർനിർമിച്ചെടുക്കാനാകുകയുള്ളൂ. അതിനിടെ ദ്വീപിലെ മൊത്തം അവസ്ഥയെപ്പറ്റി ഇപ്പോഴും അധികമാർക്കും അറിയുകയുമില്ല. ശവക്കുഴികളെല്ലാം തുറന്ന് ലക്ഷക്കണക്കിന് അസ്ഥികൂടങ്ങൾ നീക്കം ചെയ്യേണ്ടതു പോലുമുണ്ട്. 

ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോർട്ട് നിർമിക്കാനോ മറ്റോ ആണ് ശ്രമമെങ്കിൽ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികൾ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. കാത്തിരിക്കാം, ഓർക്കുമ്പോൾ നടുക്കം മാത്രം സമ്മാനിക്കുന്ന ദ്വീപിൽ നിന്നുള്ള പുതിയ വാർത്തകൾക്ക്...