Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കൻ തീരത്ത് മനുഷ്യർക്കൊപ്പം നീന്തിയത് ലോകത്തിലെ ഏറ്റവും വലിയ തിമിംഗലസ്രാവ്!

Largest fish in world spotted

മനുഷ്യർക്കൊപ്പം പസിഫിക് സമുദ്രത്തിൽ നീന്തുന്ന കൂറ്റൻ തിമിംഗലസ്രാവിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു.മെക്സിക്കൻ തീരപ്രദേശമായ ബാജാ കലിഫോർണിയ സുറിൽ നിന്നും പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലസ്രാവാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇത്തവണ നേരത്തേയെത്തിയ മഞ്ഞുകാലവും വൈകിയെത്തിയ വസന്തകാലവുമാകാം തിമിംഗല സ്രാവുകളുടെ തിരിച്ചുവരവ് നേരത്തേയാക്കിയത്. ഇവയുടെ സഞ്ചാരപാത പതിവു തെറ്റിക്കാതെ ലാപാസ് നഗരത്തിനരികിലൂടെയായിരുന്നു. ഏരിയൽ സിനിമറ്റോഗ്രഫറായ ടാർസിസിയോ സുനുഡോ സുവേരസ് ആണ് ഈ അപൂർവ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.

Largest fish in world spotted

തിമിംഗല സ്രാവുകൾ മനുഷ്യരെ സാധാരണ ഗതിയിൽ ആക്രമിക്കാറില്ല. അതുകൊണ്ടു തന്നെ കിട്ടിയ അവസരം കളയാതെ താനും തിമിംഗല സ്രാവിനൊപ്പം നീന്തിയെന്ന് ടാർസിസിയോ വ്യക്തമാക്കി. അതൊരു വ്യത്യസ്ത അനുഭവമായിരുന്നുവെന്നും ടാർസിസിയോ പറഞ്ഞു.

തിമിംഗലസ്രാവെന്ന പേരു കേൾക്കുമ്പോൾ ആരുമൊന്നു ഞെട്ടുമെങ്കിലും ആളൊരു പാവത്താനാണ്. വലിപ്പത്തിൽ കക്ഷിയെ വെല്ലാൻ ലോകത്തിൽ ആരുമുണ്ടാകില്ല. 12.5 മീറ്റർ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 79000 പൗണ്ട്സ് അതായത് 35833 കിലോയോളം ഭാരമുണ്ടാകാറുണ്ട്.70 വയസ്സു വരെയാണ് ഇവയുടെ ആയുസ്സ്.

Largest fish in world spotted

ലാപാസിലൂടെയുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട തിമിംഗലസ്രാവുകളുടെ ദേശാന്തര ഗമനം പ്രശസ്തമാണ്. സാധാരണ ഗതിയിൽ ആഴക്കടലിലൂടെയാണ് ഇവയുടെ സഞ്ചാരം. അതിനാൽ ഇവയെ കണ്ടെത്തുകയെന്നത് അസാധ്യമാണ്. വളരെ അപൂര്വമായി മാത്രമേ ഇവ ജലോപരിതലത്തിലേക്കെത്താറുള്ളൂ. അതുകൊണ്ടുതന്നെയാണ് ജലപ്പരപ്പിനു മുകളിലൂടെയുള്ള തിമിംഗല സ്രാവിന്റെ ദൃശ്യങ്ങൾ അപൂർവമായതും.