Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞ് കേരളത്തിലെ ജലസംഭരണികൾ!

idukki-dam

കനത്ത മഴയില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളിലും റെക്കോര്‍ഡ് ജലനിരപ്പു രേഖപ്പെടുത്തിയതോടെ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നിതാന്ത ജാഗ്രതയിൽ. പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തോളം ജലനിരപ്പുയര്‍ന്നു കഴിഞ്ഞു. നിരന്തരമായി ജലനിരപ്പ് പരിശോധിച്ച് സുരക്ഷാനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

idukki-dam-cloud

രാജ്യത്തെ ഏക ആർച് ഡാമായ ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ 58 അണക്കെട്ടുകളെയും നീരീക്ഷിക്കുന്ന ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ മഴപെരുത്തതോടെ ഇരട്ടിജോലിയിലാണ്. സിവിൽ വിഭാഗം ഡാം സുരക്ഷാ ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് കോട്ടയത്ത് പള്ളത്തുളള ഡാം സേഫ്റ്റി ഓർഗനൈസേഷൻ പ്രവർത്തിക്കുന്നത്.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പല അണക്കെട്ടുകളും തുറന്നതോടെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ലോവര്‍ പെരിയാര്‍ (3 ഗേറ്റ്), കല്ലാര്‍കുട്ടി (3 ഗേറ്റ്), പൊന്‍മുടി (1 ഗേറ്റ്), മൂഴിയാര്‍ (1 ഗേറ്റ്), പെരിങ്ങല്‍കുത്ത് (3 ഗേറ്റ്) എന്നീ അണക്കെട്ടുകളാണ് ചൊവ്വാഴ്ച തുറന്നുവിട്ടത്. പൊന്‍മുടി രാവിലെ അടച്ചെങ്കിലും ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും തുറക്കേണ്ടതായി വന്നു.

ഇടുക്കി അണക്കെട്ടില്‍ റെക്കോര്‍ഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഡാമിലെ ജലനിരപ്പ് 2375.52 അടിയിലെത്തി. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. 1985 ജൂണ്‍ 16 നുശേഷം വന്ന ഏറ്റവും വലിയ ജലനിരപ്പു കൂടിയാണിത്. അന്ന് 2374.11 അടിവെള്ളമാണ് സംഭരണിയിലുണ്ടായിരുന്നത്. ഡാമിലിപ്പോള്‍ 69.38 ശതമാനം വെള്ളം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 2316.98 അടിയായിരുന്നു. ഇന്നലെ വൃഷ്ടിപ്രദേശത്ത് 73.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു. കഴിഞ്ഞ നാലു ദിവസങ്ങളിലായി പ്രതിദിനം രണ്ടടിയോളം വെള്ളം കൂടുന്നുണ്ട്. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി.

പറമ്പിക്കുളം അണക്കെട്ടില്‍ രണ്ടുദിവസം കൊണ്ട് ഒഴുകിയെത്തിയത് ഒന്നര ടിഎംസി വെള്ളം. ഇതും റെക്കോര്‍ഡാണ്. പഴയമൂന്നാര്‍ ഹെഡ് വര്‍ക്‌സ്, മലങ്കര, കല്ലാര്‍ അണക്കെട്ടുകള്‍ തുറന്നു. ഇരട്ടയാര്‍ ഡാമിലെ ജലനിരപ്പ് 751.3 അടിയായി. കാരാപ്പുഴ, ബാണാസുര സാഗര്‍ അണക്കെട്ടുകള്‍ തുറന്നു.

ബാണാസുര സാഗര്‍ ഡാം

Banasurasagar Dam

കനത്ത മഴയെ തുടര്‍ന്നു ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നുവിട്ടു. 1277 ഹെക്ടര്‍ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് കബനിയുടെ തീരത്തു താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു വെള്ളപ്പൊക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 94 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഡാമിലെ ജലനിരപ്പ് 775.4 മീറ്റര്‍ ആയതിനെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ടാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 2014-നു ശേഷം ആദ്യമായാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. അധികജലം കരമാന്തോടു പുഴയിലൂടെ കബനിയുടെ കൈവഴിയായ പനമരം പുഴയിലേക്കാണ് ഒഴുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടേണ്ടിവരും.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടു. കക്കി, ആനത്തോട് സംഭരണികളുടെ വൃഷ്ടിപ്രദേശത്തും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ശബരിഗിരി റിസര്‍വോയറില്‍ സംഭരണശേഷിയുടെ 62 ശതമാനം ജലമാണുള്ളത്. പ്രധാന ഡാമുകളിലെ ജലനിരപ്പ്

കൊച്ചുപമ്പ - 3217.19 അടി കക്കി - 3190.34 അടി ഷോളയാര്‍ - 2648.40 അടി ഇടമലയാര്‍ - 516.73 അടി കുണ്ടള - 5742.78 അടി മാട്ടുപ്പെട്ടി - 5224.57 അടി കുറ്റ്യാടി - 2487.00 അടി ബാണാസുര സാഗര്‍ - 2544.62 അടി ആനയിറങ്കല്‍ - 3924.21 അടി പൊന്‍മുടി - 2321.52 അടി നേര്യമംഗലം - 1497.38 അടി പെരിങ്ങല്‍കുത്ത് - 1391.08 അടി ലോവര്‍പെരിയാര്‍ - 830.38 അടി