Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നടി ഉയർന്ന് വേമ്പനാട്ട് കായൽ; ചരിത്രത്തിൽ ആദ്യമായി കരയിലേക്ക്, കാരണം?

Vembanadu Lake

വേമ്പനാട്ട് കായൽ ചരിത്രത്തിൽ ആദ്യമായി കരയിലേക്ക് കവിഞ്ഞു കയറി. 1924 ലെ പ്രളയത്തിനു ശേഷം ആദ്യമായിട്ടാണ് 90 സെന്റീമീറ്റർ (മൂന്ന് അടി)വെള്ളം ഉയരുന്നതെന്ന് ജില്ലാ ഇറിഗേഷൻ അധികൃതർ പറയുന്നു. അഞ്ച് നദികളാണ് വേമ്പനാട്ട് കായലിലേക്ക് ചേരുന്നത്. 

ഈ നദികളിൽ അഞ്ച്  മീറ്റർ വരെ ജലനിരപ്പ് ഉയർന്നതാണ് വേമ്പനാട്ട് കായലിലെ ജലനിരപ്പ് ഇത്ര ഉയരാൻ കാരണം. മൂവാറ്റുപുഴയാർ, മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നിവയാണ് വേമ്പനാട്ട് കായലിൽ എത്തുന്നത്. മൂവാറ്റുപുഴയാറിൽ മൂന്നു മീറ്ററും മീനച്ചിലാറ്റിൽ 3.5 മീറ്ററും ജലനിരപ്പ് ഉയർന്നു. മണിമലയാറിൽ രണ്ട് മീറ്ററും പമ്പയാറിൽ അഞ്ച് മീറ്ററും അച്ചൻകോവിലാറിൽ മൂന്ന് മീറ്ററും ജലനിരപ്പ് ഉയർന്നു.

kumarakom-water

ജില്ലയിലൂടെ ഒഴുകിയെത്തുന്ന മീനച്ചിലാർ, കുമരകം ഭാഗത്താണ് വേമ്പനാട്ട് കായലിലേക്ക് എത്തുന്നത്.  തൊടുപുഴ, മൂവാറ്റുപുഴ, പിറവം വഴി ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാർ തലയോലപ്പറമ്പിലാണ് വേമ്പനാട്ട് കായലിൽ എത്തുന്നത്. മുണ്ടക്കയത്തുനിന്ന് ഒഴുകിയെത്തുന്ന മണിമലയാർ എരുമേലി, വെള്ളാവൂർ പഞ്ചായത്തുകളിലൂടെ പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് തിരുവല്ലയിൽ എത്തി വേമ്പനാട്ട് കായലിൽ പ്രവേശിക്കുകയാണ്. അച്ചൻകോവിലാറും പത്തനംതിട്ട ജില്ലയിൽ നിന്നാണ് വേമ്പനാട്ട് കായലിൽ പ്രവേശിക്കുന്നത്.

കരകവിഞ്ഞ് കായൽ

വേമ്പനാട് കായൽ കരകവിഞ്ഞതോടെ സമീപപ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി. വയലാർ കുറിയമുട്ടം കായൽ തീരത്തെ വീടുകളും വെള്ളത്തിലാണ്. ചേർത്തല–തണ്ണീർമുക്കം റോഡിന്റെ പലഭാഗങ്ങളിലും വശങ്ങളിൽ വെള്ളക്കെട്ടുണ്ട്. നെടുമ്പ്രക്കാട്, പരപ്പേൽ, വിളക്കുമരം ഭാഗം, വാരനാട് വടക്ക്, ചെങ്ങണ്ട ആറിനു സമീപ പ്രദേശം, തിരുനല്ലൂർ, പള്ളിപ്പുറം, വടക്കുംകര, തവണക്കടവ്, തണ്ണീർമുക്കം, കുണ്ടുവളവ് മേഖലകളിലെല്ലാം വെള്ളക്കെട്ടാണ്.

∙തണ്ണീർമുക്കം പഞ്ചായത്തിൽ മാത്രം 12 ക്യാംപുകൾ തുറന്നു. ബോട്ട് ജെട്ടികളും പൂച്ചാക്കൽ ചന്തയും റോഡും മുങ്ങി. തിരുനല്ലൂർ മുതൽ അരൂക്കുറ്റി ഭാഗം വരെയുള്ള വേമ്പനാട് കായൽ സമീപ മേഖലകളിൽ മുട്ടൊപ്പം വെള്ളമാണ്. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. കായലിൽ നിന്നും അരക്കിലോമീറ്റർ വ്യത്യാസത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വീട്ടുകാർ പലരും ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി

∙ പെരുമ്പളത്തെത് ഉൾപ്പെടെയുള്ള ബോട്ട് ജെട്ടികൾ മുങ്ങി. പൂച്ചാക്കൽ തോടും മറ്റു ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞു വെള്ളം റോഡിലേക്കും വീടുകളിലേക്കും എത്തുന്നു. ചിലയിടത്തു മത്സ്യങ്ങളും ഇഴജന്തുക്കളും കയറുന്നുണ്ട്. വെള്ളത്തിൽ നീന്തിയുള്ള വീഴ്ചകളും വളംകടി ഉൾപ്പെടെയുള്ള രോഗങ്ങളും ഉണ്ടാകുന്നുണ്ട്. കായലിൽ നിന്നു കയറി വരുന്ന വെള്ളം ഇറങ്ങുന്നില്ലെന്നതാണു പ്രശ്നം.

∙ കടപ്പുറത്തെ പൊഴിമുറിച്ചു വെള്ളം കടലിലേക്ക് ഒഴുക്കിയെങ്കിലും ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കായലിൽ നിന്നു കനാലുകളിലേക്ക് ഇപ്പോഴും ശക്തമായ നീരൊഴുക്ക് തുടരുന്നു. ചെറിയ ഇടത്തോടുകളിലൂടെ ജലമൊഴുകിയെത്തുന്നു. വാണിജ്യ കനാലിലും വാടക്കനാലിലേക്കും നീരൊഴുക്കു ശക്തമായി തുടരുകയാണ്. ആലപ്പുഴ–ചേർത്തല കനാൽ കരകവിഞ്ഞൊഴുകയാണ്. രാത്രി വൈകിയും ഇവിടെ ജലനിരപ്പ് കുറഞ്ഞിട്ടില്ല.

lake vembanad

കനാലിലെ ജലനിരപ്പ് ഉയർന്ന് കല്ലുപാലം മുതൽ കിഴക്കോട്ടുള്ള ഗതാഗതം മൂന്നു ദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്. ചുങ്കം, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കായലിൽ ജലനിരപ്പ് ഉയരുന്നതിന് ആനുപാതികമായി കൂടുതൽ ജലം ഒഴുകിയെത്തുന്നുണ്ട്. ഇവിടെയുള്ള ഭൂരിഭാഗം ആളുകളെയും ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. കലക്ടറുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം വാടയ്ക്കൽപൊഴി, കാഞ്ഞിരംചിറപ്പൊഴി, തുമ്പോളിപ്പൊഴി എന്നിവ മുറിച്ചിരുന്നു. എന്നാൽ കനാലിലെ മാലിന്യം ഒഴുകി പൊഴിക്കു സമീപം കെട്ടിക്കിടക്കുന്നതു കടലിലേക്കുള്ള ഒഴുക്കിനു തടസ്സമാകുന്നുണ്ട്.

ഒഴുകാൻ വഴി വേണം

ഡാമുകൾ തുറന്നതിനാലും മഴ മൂലവും കുട്ടനാട്ടിലേക്കെത്തുന്ന െവള്ളം പൂർണ തോതിൽ പുറത്തേക്കൊഴുകാൻ സംവിധാനങ്ങൾ അപര്യാപ്തമെന്നു വിലയിരുത്തൽ. കുട്ടനാട്ടിൽ കൂടുതൽ സമയം വെള്ളം തങ്ങി നിൽക്കുന്നതു ജലനിർഗമന മാർഗങ്ങളിലെ ഈ അപര്യാപ്തത കാരണമാണ്. കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുകേണ്ട പ്രധാന മാർഗങ്ങളായ തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവ പരമാവധി ശേഷിയിൽ പ്രവർത്തിക്കാത്തതാണു പ്രതിസന്ധിയുണ്ടാക്കുന്നത്. കൂടാതെ വെള്ളം കടന്നുപോകേണ്ട ചെറു ചാനലുകളും പൊഴികളും അടഞ്ഞതും വെള്ളക്കെട്ടു കൂടുതൽ സമയത്തേക്കു നിൽക്കാൻ കാരണമാകുന്നു. 

ആഴമുണ്ടോ സ്പിൽവേ കനാലുകൾക്ക്?

തോട്ടപ്പള്ളി സ്പിൽവേയിലേക്കെത്തുന്ന വെള്ളത്തിന്റെ ഒരു ഭാഗം തൃക്കുന്നപ്പുഴ ചീപ്പ് പാലം വഴി ആ ഭാഗത്തെ പൊഴിയിലേക്ക് ഒഴുകുന്നുമുണ്ട്. സ്പിൽവേയിലെ കനാലുകളുടെ ആഴക്കുറവാണ് ഇത്തരത്തിൽ വെള്ളമൊഴുകാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. 

തോട്ടപ്പള്ളി സ്പിൽവേ കനാലുകളുടെ ആഴം വർധിപ്പിക്കുന്നതിന് ഏഴു വർഷം മുൻപു നടപടികൾ എടുത്തിരുന്നെങ്കിലും പൂർണ തോതിൽ നടപ്പായില്ല. ഇവിടെ ആഴം കൂട്ടണമെന്നതു കുട്ടനാട് പാക്കേജിൽ ഉൾപ്പെടെ നിർദേശിച്ചിരുന്നു. എന്നാൽ സ്പിൽവേയിലൂടെ വെള്ളം കടന്നുപോകുന്നതിൽ തടസ്സമൊന്നുമില്ലെന്നാണു വിലയിരുത്തലെന്നു ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.ഹരൺ ബാബു പറഞ്ഞു.

എങ്ങുമെത്താതെ എസി കനാൽ നവീകരണം

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ അളവു കുറയ്ക്കാൻ ഒരു പരിഹാരമായി നിർദേശിച്ചിരുന്ന എസി കനാലിന്റെ നവീകരണം എവിടെയുമെത്തിയില്ല. കനാൽ നവീകരണം കുട്ടനാട് പാക്കേജിലെ പ്രധാന ഇനമായിരുന്നെന്നു കുട്ടനാട് പാക്കേജിന്റെ ആദ്യ പ്രോജക്ട് ഡയറക്ടറായിരുന്ന ഡോ. പി.രാജേന്ദ്രൻ പറഞ്ഞു. എസി കനാൽ വഴി നെടുമുടി, പള്ളാത്തുരുത്തി ആറുകളെ ബന്ധിപ്പിച്ചാൽ കൂടുതൽ വെള്ളം അതുവഴി പോകുമെന്നായിരുന്നു പാക്കേജിലെ നിർദേശം.

നീക്കാനുണ്ട് , തണ്ണീർമുക്കം ബണ്ടിലെ മൺചിറ

Thanneermukkom Bund

തണ്ണീർമുക്കം ബണ്ട് മൂന്നാമത്തെ റീച്ച് നിർമാണം പൂർത്തിയായെങ്കിലും വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരുന്ന പഴയ ബണ്ടിന്റെ ഭാഗം മുഴുവൻ പൊളിച്ചു നീക്കിയിട്ടില്ല. കൂടാതെ പുതിയ പാലത്തിന്റെ നിർമാണത്തിനായി തയാറാക്കിയ മണൽചിറയും പൊളിച്ചു നീക്കേണ്ടതുണ്ട്. വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരുന്ന മണൽചിറ പൂർണമായി നീക്കം ചെയ്യാതെ പുതിയ പാലത്തിനു സമീപമുള്ള ചിറ നീക്കുന്നതു പുതിയ ഷട്ടറുകൾക്കു കേടുവരുത്തുമെന്നാണ് അധികൃതർ പറയുന്നത്.  ഈ മണൽചിറകൾ നീക്കിയാൽ മാത്രമേ മൂന്നാം റീച്ചിലേക്കു പ്രതീക്ഷിച്ച അളവിൽ വെള്ളമെത്തുകയുള്ളു.

മണൽചിറ പൊളിക്കുമ്പോഴുള്ള മണ്ണ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പമാണ് ഇവിടെ ബണ്ട് പൊളിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നത്.  ഇടുക്കി ഡാം തുറന്നത് അടക്കം വേമ്പനാടു കായലിൽ വെള്ളത്തിന്റെ അളവ് കൂടുതലാകുന്നതു ഇതുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നു കുട്ടനാട് കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ പറയുന്നു. ഇടുക്കി വൈദ്യുതി പദ്ധതി മുഴുവൻശേഷിയും എടുത്തു പ്രവർത്തിക്കുന്നതോടെ മൂവാറ്റുപുഴയാറിലൂടെ വെള്ളമെത്തുന്നതിന്റെ അളവും കൂട്ടിയിട്ടുണ്ട്. മൂവാറ്റുപുഴയാർ തണ്ണീർമുക്കം ബണ്ടിനു സമീപമാണു വേമ്പനാട്ടു കായലിലേക്കു ചേരുന്നത്. ഇതും പ്രദേശത്തു വെള്ളത്തിന്റെ മർദം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സർവനാശത്തിലും തണ്ണീർമുക്കത്തെ  മൺചിറ നീക്കാൻ ആലസ്യം

കുട്ടനാട്ടിൽ സർവനാശം വിതച്ചു ജലനിരപ്പ് ഉയർന്നിട്ടും തണ്ണീർമുക്കം ബണ്ടിൽ ഒഴുക്കു വർധിപ്പിക്കാൻ നടപടിയില്ല. ബണ്ടിന്റെ മധ്യഭാഗത്തെ മൺചിറ പ‍ൂർണമായി പൊളിച്ചു നീക്കാതെ നീരൊഴുക്ക് കൂടില്ല. ബണ്ടിന്റെ തുറന്ന ഷട്ടറുകളിൽക്കൂടി വെള്ളമൊഴുക്കിയിട്ടും കായലിലെ ജലനിരപ്പ് ഇന്നലെ 10 സെന്റീമീറ്റർ കൂടി ഉയർന്നു.

കായലിനു മധ്യത്തിൽ സ്വാഭാവിക നീരൊഴുക്കു തടഞ്ഞ് 450 മീറ്റർ വീതിയിലാണു മൺചിറയുള്ളത്. ഇതു പൊളിച്ചുനീക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന്, ഒരു മാസം മുൻപു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തണ്ണീർമുക്കത്തെത്തിയ മന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചെങ്കിലും സർക്കാർ മുൻകൈയെടുത്തില്ല.

തണ്ണീർമുക്കം പഞ്ചായത്തും കരാറുകാരനും മണ്ണിനായി അവകാശവാദം ഉന്നയിക്കുകയും മണ്ണ് തീരസംരക്ഷണത്തിന് ഉപയോഗിക്കണമെന്നു ധീവരസഭ നിലപാടെടുക്കുകയും ചെയ്തതോടെയാണ് തർക്കമുണ്ടായത്.ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ ബണ്ടിന്റെ മധ്യഭാഗത്തെ മൺചിറ 50 മീറ്റർ വീതിയിൽ നീക്കാൻ നിർദേശം നൽകിയെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ജോലി തുടങ്ങാനായത്. മൺചിറ 50 മീറ്ററോളം പൊളിച്ചെങ്കിലും വടക്കു ഭാഗത്തു പുതിയ ബണ്ട് നിർമിക്കുന്നതിനു നാലു വർഷം മുൻപു സ്ഥാപിച്ച ഷീറ്റ് പൈലുകൾ നീക്കം ചെയ്യുന്നതിനു വൈബോ ഹാമർ യന്ത്രം ഇന്നലെയാണ് എത്തിയത്. ഈ യന്ത്രം ഉപയോഗിച്ചു കൂടുതൽ ജോലി ചെയ്യണമെങ്കിൽ ബാർജ് എത്തിക്കേണ്ടി വരും. അതും വൈക‍ുന്നു. ഇന്നു ബാർജ് എത്തിക്കാനായാൽ മാത്രമേ ഷീറ്റ് പൈലുകൾ പൊളിച്ചു നീക്കാൻ കഴിയൂ.

ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും 10 എമർജൻസി ഷട്ടറുകളും പരമാവധി ഉയർത്തിയിട്ടും കായലിലെ ജലനിരപ്പ് ദിവസവും ഉയരുന്നത് തീരത്തു വെള്ളപ്പൊക്കമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസത്തെക്കാൾ 10 സെന്റീമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെ സമുദ്രനിരപ്പിനെക്കാൾ 1.20 മീറ്റർ കൂടുതലാണ് ഇന്നലെ വേമ്പനാട്ടു കായലിലെ ജലനിരപ്പ്

കായലോരപ്രദേശങ്ങളിലും കായലുമായി ബന്ധപ്പെടുന്ന ജലാശയങ്ങളുടെ തീരത്തുമുള്ള ഒട്ടേറെ വീടുകളിലും റോഡുകളിലും വെള്ളം കയറി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ടെങ്കിലും തെക്കു ഭാഗത്ത് ഉയർത്തിയ ഷട്ടറുകളെക്കാൾ മുകളിലാണു വെള്ളം.

അതേസമയം, തോട്ടപ്പള്ളി സ്പിൽവേയിലൂടെ നീരൊഴുക്ക് വർധിപ്പിക്കാൻ പൊഴിമുഖത്തു വീതികൂട്ടുന്ന ജോലി തുടരുകയാണ്. എന്നാൽ, സ്പിൽവേ ഷട്ടറിന്റെ പടിഞ്ഞാറു ഭാഗത്ത് ആഴം കൂട്ടാത്തതിനാൽ മണൽ വന്നടിഞ്ഞ് പൊഴിമുഖം വീണ്ടും അടയാൻ സാധ്യതയേറെയാണ്. കുട്ടനാട്ടിലെത്തുന്ന വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുക്കിവിടുന്നതിനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്.