Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളകളെ തിന്നൊടുക്കാൻ പ്രാണിക്കൂട്ടമെത്തും, ലോകം പട്ടിണിയിലാകും

Locust swarms screengrab/youtube video

വെട്ടുകിളികൾ കൂട്ടത്തോടെ പറന്നെത്തി വിള മുഴുവൻ തിന്നൊടുക്കി കൃഷി നശിപ്പിക്കുന്നതിന്റെ കാഴ്ചകൾ സിനിമയിലും മറ്റും നാം കണ്ടിട്ടുണ്ട്. അത്തരം പ്രാണികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഇപ്പോഴും കർഷകര്‍ക്കു പിടിയില്ല. അതിനിടെയാണ് ഇടിത്തീ പോലെ അടുത്ത പ്രശ്നം. ആഗോള താപനം ഇവ്വിധത്തിൽ പോകുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും കൃഷി നശിപ്പിക്കുന്ന പ്രാണികളുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണു വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം കാരണം താപനില വർധിക്കുന്നതാണ് പ്രാണികളുടെ എണ്ണം കൂടാനുള്ള കാരണം, ഇവ ഏറ്റവുമധികം ബാധിക്കുന്നതാകട്ടെ നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ അവശ്യധാന്യങ്ങളുടെ കൃഷിയെയും. 

ഭൂമിയിലെ താപനില ഓരോ ഡിഗ്രി സെൽഷ്യസ് വർധിക്കുമ്പോഴും പ്രാണികൾ വഴിയുള്ള കൃഷിനാശത്തില്‍ പത്തു മുതൽ 25 ശതമാനം വരെ വർധനവുണ്ടാകുമെന്നാണു രാജ്യാന്തര തലത്തിലെ ഗവേഷകരുടെ കൂട്ടായ്മ പറയുന്നത്. ചൂടു കൂടിയ സാഹചര്യത്തിൽ ലോകത്തിൽ എങ്ങനെയാണ് പ്രാണികളുടെ എണ്ണം വർധിക്കുന്നതെന്നതിന്റെ കംപ്യൂട്ടർ മോഡലുകളുടെ വിശകലനത്തിലൂടെയാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഈ സാഹചര്യത്തിൽ കർഷകർ ചൂടിനെയും പ്രാണികളെയും പ്രതിരോധിക്കുന്ന തരത്തിൽ വിളകൾ വളർത്തിയെടുക്കുന്നതിനുള്ള വഴികൾ തേടണമെന്നും ഗവേഷകർ നിർദേശിക്കുന്നു. ഇല്ലെങ്കില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാവുക യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിലെ കൃഷിയിലായിരിക്കും. 

Locust swarms screengrab/youtube video

യൂറോപ്യൻ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഗോതമ്പിൽ പകുതിയെന്ന കണക്കിന് 2050 ആകുന്നതോടെ നഷ്ടമാകുമെന്നാണു വിലയിരുത്തൽ. വടക്കേ അമേരിക്കയിലെ ചോളത്തിന്റെ നഷ്ടക്കണക്ക് 40 ശതമാനമായിരിക്കും. കാർബൺ പുറത്തുവിടുന്ന കാര്യത്തിൽ കുറവു വരുത്തിയാലും  വിവിധ രാജ്യങ്ങളെ കാത്തിരിക്കുന്നത് ഇത്തരമൊകു ദുരന്തമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ എണ്ണം കൂടുന്നതു മാത്രമല്ല പ്രശ്നം, പ്രാണികളുടെ ദഹനനിരക്ക് വർധിച്ച് വിശപ്പും ഏറും. ചൂടേറിയ ട്രോപ്പിക്കൽ മേഖലകളിൽ ചിലപ്പോൾ പ്രാണികളുടെ എണ്ണം കുറയാം. എന്നാൽ ഇവ മറ്റൊരിടത്തേക്ക് ചേക്കേറാൻ സാധ്യതകളേറെയാണ്. മാത്രവുമല്ല, ഇപ്പോള്‍ പ്രാണികളുടെ ആക്രമണമില്ലാത്തയിടങ്ങളിൽ പുതുതായി ഇവ പറന്നെത്താനും സാധ്യതയുണ്ട്. 

Locust swarms screengrab/youtube video

ലോകത്തിന് ആകെ ലഭിക്കുന്ന കാലറിയിൽ 42 ശതമാനവും അരി, ഗോതമ്പ്, ചോളം എന്നിവയിൽ നിന്നാണ്. അതു തന്നെ നിലവിൽ പ്രാണികളുടെ ഭീഷണിയിലാണ്. ലോകത്തിലെ ശരാശരി താപനിലയിൽ രണ്ടു ഡിഗ്രി സെൽഷ്യസിന്റെ വർധന വന്നാൽ മതി, 21.3 കോടി ടൺ ചോളവും ോഗതമ്പും അരിയുമായിരിക്കും ഇല്ലാതാകുക! ഇതോടെ ലോകത്തിന്റെ ‘ഭക്ഷ്യക്കിണ്ണങ്ങളായ’ പല രാജ്യങ്ങളിലും  തിരിച്ചടിയുണ്ടാകും. യുകെ, ഡെന്മാർക്ക്, സ്വീഡൻ, അയർലൻഡ് ഉൾപ്പെടെ 11 യൂറോപ്യൻ രാജ്യങ്ങളിൽ പ്രാണികൾ വഴിയുള്ള ഗോതമ്പുവിളയുടെ നഷ്ടത്തിൽ 75 ശതമാനം വർധനവുണ്ടാകുമെന്നാണു സൂചന. ഏഷ്യയിലും വടക്കേ അമേരിക്കയിലും ചോളം,അരി എന്നിവയുടെ ഉൽപാദനത്തിലും പ്രാണികളുടെ ആക്രമണം തിരിച്ചടിയാകും. ഇന്ത്യയ്ക്ക് ഉൾപ്പെടെ ഭയക്കേണ്ടതുണ്ടെന്നു ചുരുക്കം.