Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂറാസിക് പാർക്കിലെ ഭീമൻ ദിനോസർ നുണയായിരുന്നു; സത്യം ഇതാണ്!

dinosaur Representative Image

ജൂറാസിക് പാർക്ക് സീരീസിലെ സിനിമകൾ കണ്ടവർക്കു മറക്കാനാകില്ല ടൈറനോസോറസ് എന്നറിയപ്പെടുന്ന ടി.റെക്സ് ദിനോസറുകളെ. ചിത്രത്തിന്റെ പോസ്റ്ററിൽ പോലും ‘ഐക്കൺ’ ആയി ഉപയോഗിച്ചിരിക്കുന്നത് ടി.റെക്സിന്റെ ചിത്രമാണ്. രൂപം കൊണ്ടും സ്വഭാവം കൊണ്ടും ദിനോസറുകളിലെ ഭീകരനായിരുന്നു ഇവൻ. കരുത്തുറ്റ തലയോട്ടിയും ഇരകളെ ഓടിച്ചിട്ടു പിടികൂടാൻ തക്ക കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. ശരീരവും പേശികളാൽ സമ്പന്നം. 

ഏകദേശം 6.6 കോടി വർഷം മുൻപ് ഇന്നത്തെ വടക്കേ അമേരിക്കൻ പ്രദേശങ്ങളിലായിരുന്നു ടി.റെക്സ് കൂട്ടത്തോടെ ജീവിച്ചിരുന്നത്. പാറകളിൽ നിന്നും മറ്റുമായി ഇവയുടെ ഫോസിലുകൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. എന്നാൽ ടി.റെക്സിന്റെ കൃത്യമായ ഒരു രൂപം ഇതുവരെ ഗവേഷകർക്ക് അന്യമായിരുന്നു. സിനിമകളിൽപ്പോലും ഉപയോഗിച്ചിരുന്നത് ഗവേഷകർ ഇതുവരെ കണ്ടെത്തിയ വിവരങ്ങളിൽ നിന്നു രൂപപ്പെടുത്തിയ ടി.റെക്സിന്റെ ആകൃതിയായിരുന്നു. എന്നാൽ ചരിത്രത്തിലാദ്യമായി ടി.റെക്സിന്റെ ഏറ്റവും കൃത്യതയാർന്ന രൂപം നിർമിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം പാലിയന്റോളജിസ്റ്റുകളും ചിത്രകാരന്മാരും. 

ഇതുവരെ ലഭിച്ച ഫോസിലുകളെല്ലാം വിശദമായി വിശകലനം ചെയ്ത്, ചിലയിടങ്ങളില്‍ കൃത്യമായ മാനുഷിക ബുദ്ധി പ്രയോഗിച്ച്, ഇനിയും ചിലയിടത്ത് പ്രായോഗിക ഭാവനയും ചേർത്തായിരുന്നു ടി.റെക്സിന് ഇവർ രൂപം കൊടുത്തത്. വംശനാശം വന്ന, മനുഷ്യന്‍ ഇന്നേവരെ ജീവനോടെ കാണാത്ത ഒരു ജീവിയുടെ രൂപം പുനഃസൃഷ്ടിക്കുന്നതിലെ ഏറ്റവും ആയാസകരമായ ഉദ്യമമായിരുന്നു ഇതെന്ന് പാലിയോബയോളജിസ്റ്റും ഡൈനോ സ്കെലിറ്റൻ ആർട്ടിസ്റ്റുമായ സ്കോട്ട് ഹാർട്ട്മാൻ പറയുന്നു. ടി.റെക്സിനെപ്പറ്റി ഇന്നേവരെ ലഭിച്ച എല്ലാ വിവരങ്ങളും ഉപയോഗിച്ച് ഓരോ ‘ലെയറുകളായാണ്’ ഇതിന്റെ ശരീരം പുനഃസൃഷ്ടിച്ചത്. അതോടെ ജൂറാസിക് പാർക്കിൽ കണ്ട പേശികളും ചുളിവുകളും നിറഞ്ഞ ശരീരത്തോടെയുള്ള ടി.റെക്സ് അപ്രസക്തമായിപ്പോവുകയും ചെയ്തു. 

യഥാർഥത്തിൽ ടി.റെക്സ് അൽപം തടിയനായിരുന്നു. തൊലിയിൽ ചുളിവുകൾ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ‘സ്മൂത്തും’ ആയിരുന്നു. മുൻകൈകളും വളരെ ചെറുതായിരുന്നു. ടി.റെക്സുകളുടെ ശരീരത്തിൽ തൂവലുകളുണ്ടായിരുന്നെന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്. എന്നാൽ അതിനു യാതൊരു സാധ്യതയുമില്ലെന്നു പുതിയ ഗവേഷണം വ്യക്തമാക്കുന്നു. തൂവലുകളുടെ കാര്യത്തിൽ മാത്രമാണു നിലവിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതും. പല്ലുകളിലും കവിളെല്ലുകളിലും കഴുത്തിലുമെല്ലാം മാറ്റങ്ങളുണ്ട്. കാലുകളിലെ കൂർത്ത നഖങ്ങളും ചിത്രത്തിൽ വ്യക്തമാണ്. എന്നാൽ കൈകളാകട്ടെ വലുപ്പക്കുറവു കൊണ്ടു തന്നെ കാര്യമായ ഉപയോഗത്തിനുള്ളതായിരുന്നില്ല. മറിച്ച്, കൂർത്ത പല്ലു കൊണ്ട് കടിച്ചെടുത്തായിരുന്നു ടി.റെക്സ് ഇര തേടിയിരുന്നത്. 

ടി.റെക്സിന്റെ ഏറ്റവും വ്യക്തമായ പെയിന്റിങ് മെക്സിക്കോ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി ആൻഡ് സയൻസിൽ വൈകാതെ എത്തും. ഏകദേശം 320 മണിക്കൂറെടുത്താണ് ആ ചിത്രം വരച്ചത്. ഇനിയുള്ള നാളുകളിലും മറ്റു ദിനോസറുകളുടെ കൂടുതൽ വ്യക്തതയുള്ള രൂപങ്ങൾ തയാറാക്കിയെടുക്കാനാണു ഗവേഷകരുടെ തീരുമാനം. അതിന് അവർ ഒരു കാരണവും പറയുന്നുണ്ട്– 

‘അല്ലെങ്കിൽ എല്ലാവരും കരുതും സിനിമകളിൽ കാണുന്നതാണു യഥാർഥ ദിനോസറുകളെന്ന്...’