20 വർഷത്തോളം ‘ഒളിച്ചിരുന്ന’ ഭീമൻ കടൽവ്യാളി ഒടുവിൽ കാഴ്ചക്കാരുടെ മുന്നിലേക്ക്

ദിനോസറുകളെപ്പറ്റി പഠിക്കുന്നവർക്ക് പരിചിതമായ പേരാണ് ഇക്തിയോസോറുകൾ. കടൽപ്പല്ലികൾ, കടൽ വ്യാളികൾ എന്നൊക്കെയാണ് ഇവയ്ക്ക് പാലിയന്റോളജിസ്റ്റുകൾ നൽകിയിരിക്കുന്ന പേര്. ബ്രിട്ടണിൽ പലയിടത്തും ഇതിന്റെ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. അതിൽത്തന്നെ അഞ്ചു തരത്തിൽപ്പെട്ട ഇക്തിയോസോറുകളെ ഇതുവരെ വേർതിരിച്ചറിഞ്ഞിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയിരിക്കുകയാണ്. അതിനെ തിരിച്ചറിഞ്ഞതാകട്ടെ ലോകത്തെ ഏറ്റവും അപൂർവമായൊരു ഫോസിൽ ‘കണ്ടെത്തലിലൂടെയും.  ഏകദേശം 20 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന ഭീമൻ ‘കടൽ വ്യാളി’യുടെ ഫോസിലാണ് പാലിയന്റോളജിസ്റ്റും മാഞ്ചസ്റ്റർ സർവകലാശാലയിലെ ദിനോസർ വിദഗ്ധനുമായ ഡിൻ ലൊമാക്സ് കണ്ടെത്തിയത്. 

പൂര്‍ണമായും അദ്ദേഹമാണ് ഫോസിൽ കണ്ടെത്തിയതെന്നു പറയാനാവില്ല. പലരിൽ നിന്നുമുള്ള വിവരങ്ങളും ഫോസിൽ കഷ്ണങ്ങളും കൂട്ടിച്ചേർത്ത് ഒരു പുതിയ തരം ഇക്തിയോസോറിനെ വേർതിരിച്ചെടുത്തു എന്നു പറയേണ്ടി വരും. അതിനാൽത്തന്നെ ദിനോസർ പരമ്പരയിലെ പുതിയ അതിഥിക്ക് തന്റെ സഹപ്രവർത്തകരുടെ പേരാണ് അദ്ദേഹം നൽകിയിരിക്കുന്നത്–വാലിസോറസ് മസാറെ. ബിൽ വാഹ്‌ൽ, ജൂഡി മസാറെ എന്നീ സുഹൃത്തുക്കളുടെ പേരുകളാണ് കടൽവ്യാളിക്കു വേണ്ടി അദ്ദേഹം കൂട്ടിച്ചേർത്തത്. 

പലപ്പോഴായി ശേഖരിച്ച ഫോസിലുകളിൽ നിന്നായി അദ്ദേഹം വാലിസോറസിനു രൂപം നൽകിയിരുന്നു. അപ്പോഴും ഒരു ‘മിസിങ്’ മാത്രം ബാക്കി നിന്നു. ചിറകിനോടു ചേർന്നുള്ള എല്ലായിരുന്നു അത്. ബാക്കിയുള്ള ഇക്തിയോസോറുകളുടെയെല്ലാം ഒട്ടേറെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ ലൊമാക്സിന്റെ കയ്യിലുള്ളതിന് അവയിൽ നിന്നെല്ലാം വളരെയേറെ വ്യത്യാസമുണ്ട്. അങ്ങനെയാണ് ഫോസിൽ ശേഖരിക്കുന്നതിൽ താത്പര്യക്കാരനായ സൈമൺ കാർപെന്റർ എന്ന വിദഗ്ധന്റെ കലക്‌ഷൻ സാന്ദര്‍ഭികവശാൽ ലൊമാക്സ് കാണുന്നത്. 1996ൽ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ നിന്നു ലഭിച്ച ഒരു ഫോസിലായിരുന്നു അത്. 

20 വർഷമായി ആരും പഠിക്കാതെയിരിക്കുകയായിരുന്ന അതിനെ വിശദമായി പരിശോധിച്ചപ്പോഴാണറിഞ്ഞത്, ഇത് തന്റെ കയ്യിലെ അപൂർണമായ ഇക്തിയോസോറിന്റെ ചിറകിനോടു ചേർന്നുള്ള എല്ലിന്റെ( caracoid bone) ഫോസിലല്ലേ! വിദഗ്ധ പരിശോധനയിൽ സംഗതി സത്യമാണെന്നു തെളിഞ്ഞു. കാർപെന്ററാകട്ടെ ആ ഫോസിൽ ബ്രിസ്റ്റോൾ മ്യൂസിയത്തിനു സംഭാവനയും ചെയ്തു. ട്രയാസിക് – ജുറാസിക് കാലഘട്ടത്തിന് ഇടയിലാണ് വാലിസോറസ് ജീവിച്ചിരുന്നതെന്നാണു കരുതുന്നത്. അതായത് ദിനോസറുകളെ സംബന്ധിച്ചിടത്തോളം കൂട്ട വംശനാശത്തിന്റെ ഒരു ‘ചെറുപതിപ്പ്’ നടന്നതിനു പിന്നാലെ. അതിനാൽത്തന്നെ കൃത്യമായി ഇവ ജീവിച്ച കാലഘട്ടം തിരിച്ചറിയാനുള്ള തെളിവുകളൊന്നുമില്ല. അതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് ലൊമാക്സും സംഘവും. പഠനത്തിന്റെ കൂടുതൽ വിവരങ്ങൾ ജിയോളജിക്കൽ ജേണലിലുണ്ട്.