Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രത്നങ്ങൾ ഒളിപ്പിച്ച ഇലകാക; അദ്ഭുത ഗ്രാമത്തിൽ നിന്ന് കുഴിച്ചെടുക്കുന്നത് ഇന്ദ്രനീലക്കല്ലുകൾ!!

sapphire

ഇത് രത്നങ്ങൾ നിറഞ്ഞ ഒരു അദ്ഭുത ഗ്രാമത്തിന്റെ കഥയാണ്. കേട്ടാൽ ആരും അമ്പരന്നു പോകും. മഡഗാസ്ക്കറിന്റെ തെക്കുകിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞു ഗ്രാമമാണ് ഇലകാക. 1990കളിൽ വെറും 40 ആളുകൾ മാത്രമായിരുന്നു ഈ ഗ്രാമത്തിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞവരായിരുന്നു ഇവിടുത്തെ ഗ്രാമവാസികൾ. എന്നാൽ 1998ൽ ഇവിടുത്തെ നദീതീരങ്ങളിൽ വൻതോതിൽ ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ ഗ്രാമത്തിന്റെ തലേവര മാറിമറിഞ്ഞു. ഇതോടെ ആരും അറിയപ്പെടാതെ കിടന്ന ഗ്രാമത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടങ്ങി. ഇന്ദ്രനീലക്കല്ലുകളായിരുന്നു എല്ലാവരുടേയും ലക്ഷ്യം. 2005 ആയപ്പോഴേക്കും ഇലാകാകയിലെ ജനസംഖ്യ 60,000 കവിഞ്ഞു കഴിഞ്ഞിരുന്നു.

Ilakaka

ലോകത്തിലെ രത്നവ്യാപാരികളെല്ലാം ഇലകാകയിലേക്കെത്തിത്തുടങ്ങി. ആദ്യമെത്തിയത് തായ്‌ലൻഡുകാരായിരുന്നു. പിന്നീട് ശ്രീലങ്കക്കാർ കൂടി എത്തിയതോടെ രത്ന വ്യാപാരം പൊടിപൊടിച്ചു. നദീതീരങ്ങളിലെല്ലാം ഇന്ദ്രനീലത്തിന്റെ ശേഖരം കണ്ടെത്തിയതോടെ നിത്യവൃത്തിക്കു പോലും വിഷമിച്ചിരുന്ന നാട്ടിൽ ലക്ഷങ്ങളുടെ രത്നക്കച്ചവടമാണ് നടന്നത്. ഭാഗ്യം കടാക്ഷിച്ചാൽ ഒന്നു മണ്ണു കിളച്ചാൽ ആരും ലക്ഷാധിപതിയാകുന്ന നിലയിലെത്തി. ഇവിടുത്തെ കൃഷിക്കാരും മറ്റു ജോലിക്കാരുമൊക്കെ തങ്ങളുടെ ജോലിയുപേക്ഷിച്ച് രത്നം തേടിയിറങ്ങി. 

പിന്നെയും ഇലകാകയിൽ രത്ന ഖനനം തുടർന്നു. 2015ൽ വീണ്ടും പലസ്ഥലങ്ങളിൽ നിന്നും ഇന്ദ്രനീലം കൂടാതെ മരതകവും മാണിക്യവും വരെ ലഭിച്ചുതുടങ്ങി. 2016ൽ മാത്രം രത്നശഖരം തേടി നിയമവിരുദ്ധമായി അരലക്ഷത്തിലേറെ ഭാഗ്യാന്വേഷികളാണ് ഇവിടേക്കെത്തിയത്. ഇപ്പോൾ ലഭിക്കുന്ന ഇന്ദ്രനീലക്കല്ലുകൾ മുൻപു ലഭിച്ചതിനേക്കാൾ നിലവാരമുള്ളവയാണ്.കഴിഞ്ഞ ആറുമാസമായി കിട്ടുന്ന കല്ലുകളുടെ ഗുണനിലവാരം കഴിഞ്ഞ 20 വർഷത്തിൽ ലഭിച്ചതിനേക്കാൾ മികച്ചതാണെന്നും രത്ന വ്യാപാരികൾ വ്യക്തമാക്കുന്നു.

sapphire

കോടാനുകോടി വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും വേർപെട്ട് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ മഡഗാസ്കർ ദ്വീപ് ജൈവവൈവിധ്യത്തിന്റെ കലവറയാണ്. ഒരുകാലത്തും കൃത്യമായ നിയമവാഴ്ചയില്ലാത്ത ഈ നാട്ടിൽ പുത്തൻ സമ്പത്തിന്റെ വരവും ഇവിടുത്തെ ജനങ്ങളിലെത്താതെ ഇടനിലക്കാരും മറ്റുരാജ്യക്കാരും കൊണ്ടുപോവുകയാണ്. രത്ന ഖനനത്തിന്റെ പേരിൽ നാടു മുഴുവൻ ഉഴുതുമറിച്ച് രത്നങ്ങളും വൃക്ഷങ്ങളുമെല്ലാം അന്യായമായി കടത്തുകയാണ് വ്യാപാരികൾ. ഇവിടുത്തെ മഴക്കാടുകൾ പോലും ഖനികളുടെ ഭീഷണിയിലാണ്.

sapphire

ലോകത്തിലെ ഏറ്റവും മികച്ച ഇന്ദ്രനീലക്കല്ലുകൾ കിട്ടുന്ന സ്ഥലമായി ഇലകാക വളർന്നിട്ടും ഇവിടെയുണ്ടായിരുന്ന പഴയ ഗ്രാമവാസികളുടെ ജീവിതത്തിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് പരമമായ സത്യം. ഇവിടെയിപ്പോൾ  ഉഴുതുമറിച്ച ഭൂമി മാത്രമാണ് എങ്ങും കാണാനാകുക. രത്നം കണ്ടെത്താനായി മരങ്ങൾ വരെ പിഴുതുമാറ്റിയാണ് ഖനനം നടത്തുന്നത്. വലിയ ഖനികളിൽ അപകടകരമായ നിലയിലാണ് ആളുകൾ പണിയെടുക്കുന്നത്. രത്നത്തിനായുള്ള കൊല്ലും കൊലയും വേറെയും. ഒരുകാലത്ത് രത്നങ്ങൾ കിട്ടാതാകുമ്പോൾ ഇവിടേക്കെത്തിയവരെല്ലാം വന്നതുപോലെ തിരിച്ചു പോകുമെന്ന് ഗ്രാമവാസികൾക്കറിയാം. എന്നാൽ വന്നവർ രത്നത്തിനായി കിളച്ചുമറിച്ച ഉപയോഗ ശൂന്യമായ ഭൂമിയല്ലാതെ മറ്റൊന്നും അവിടെയപ്പോൾ മിച്ചമുണ്ടാകുകയില്ല എന്ന സത്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണവർ.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.