Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇണചേരലിനൊടുവിൽ മരണം; ഇത് ഗാർട്ടർ പാമ്പുകളുടെ വിധി!

garter snakes

വഴുവഴുത്ത ശരീരമുള്ള പാമ്പുകളെ ഓർക്കുമ്പോൾ തന്നെ അറപ്പോ പേടിയോ ഒക്കെ തോന്നുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ അതെല്ലാം മാറ്റാനൊരു ഇടമുണ്ട്. അരലക്ഷത്തിലേറെ പാമ്പുകൾ കുന്നുകൂട്ടിയിട്ടതു പോലെ പുളഞ്ഞു നടക്കുന്ന ഒരു സ്ഥലം. അവയ്ക്കിടയിലൂടെ നമുക്ക് നടക്കാം, അടുത്ത് കിടക്കാം, കയ്യിൽ കോരിയെടുക്കാം, ദേഹത്ത് പിടിച്ചിടാം...അവ ഒന്നും ചെയ്യില്ല. അങ്ങനെ കറുത്ത ശരീരത്തിൽ ചുവപ്പും മഞ്ഞയും വരകളുള്ള ‘റെഡ്–സൈഡഡ് ഗാർട്ടർ’ പാമ്പുകളുടെ പാരാവാരക്കാഴ്ചയുമായാണ് കാനഡയിലെ മനിറ്റോബയിലുള്ള നാർസിസ് സ്നേക്ക് ഡെൻസ് സഞ്ചാരികളെ ആകർഷിക്കുന്നത്. 

ഏപ്രിൽ അവസാനം മുതൽ മേയ് അവസാനം വരെ ഇവിടെ എത്തുന്ന സ‍ഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഈ ‘പാമ്പൻ സമുദ്ര’മാണ്. സെപ്റ്റംബറിലും കാണാം ഈ പ്രതിഭാസം. ഏതാനും വർഷം മുൻപ് ഒരു സീസണിൽ അധികൃതർ നടത്തിയ കണക്കെടുപ്പിൽ എഴുപത്തിയയ്യായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇത്രയേറെ പാമ്പുകൾക്കിടയിൽ നിന്നാലും അവ ആക്രമിക്കാത്തത് എന്താണെന്ന ചിന്തയുണ്ടാകാം. അതിന് അവയ്ക്ക് നേരമില്ല എന്നതാണു സത്യം. മാത്രവുമല്ല മനുഷ്യനെ കൊല്ലാവുന്നത്ര വിഷവുമില്ല. കടിച്ചാൽത്തന്നെ വിഷത്തേക്കാളേറെ അവയുടെ പശിമയുള്ള ഉമിനീര് കടത്തിവിടുന്ന വിധത്തിലാണ് പല്ലിന്റെ സ്ഥാനവും! 

ലോകത്തിൽ ഏറ്റവുമധികം പാമ്പുകൾ സംഗമിക്കുന്ന കേന്ദ്രം എന്ന റെക്കോർഡും നാർസിസിനാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തിൽ ഒത്തു ചേരുന്നത്. വസന്തകാലത്തിന്റെ ആരംഭത്തിലാണിത്. കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാർട്ടർ പാമ്പുകൾ  ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു മനിറ്റോബ എന്നാണ് ഗവേഷകർ പറയുന്നത്.  സമുദ്രം പിൻവാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകൾ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയിൽ അനേകം അടരുകളുമുണ്ട്. മഴ പെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കയറുകയും ചെയ്യും. പതിനായിരക്കണക്കിനു വരുന്ന പാമ്പുകൾക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാൻ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്.

ഇണചേരാനുള്ള മുൻകരുതലെന്ന നിലയിൽ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആൺ ഗാർട്ടർ പാമ്പുകൾ ഭക്ഷണം കഴിക്കാറില്ല. ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോൾ ആൺ പാമ്പുകൾ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ പരതി നടക്കുമ്പോഴായിരിക്കും പെൺപാമ്പുകളുടെ വരവ്. ആണുങ്ങളേക്കാൾ വലുപ്പം കൂടുതലാണ് പെൺ ഗാർട്ടറുകൾക്ക്. ഇവ ഒരു തരം ഫിറോമോൺ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആൺപാമ്പുകൾ അടുക്കുന്നത്. ഒരു പെൺപാമ്പിനടുത്തെത്തുക അൻപതിലേറെ ആൺപാമ്പുകളാണ്. അതിനാൽത്തന്നെ അവ ഒന്നിനു മേൽ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. 

garter snakes

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇവിടത്തെ നിയമം. ഇത്തരത്തിൽ മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങൾക്ക് mating balls എന്നാണ് ഓമനപ്പേര്. ഇണചേരുന്നതിനിടെ ശരാശരി 300 ആൺപാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇണചേരൽ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് ‘ഉപവാസ’മെടുത്ത് ഊർജം ശേഖരിക്കുന്നതിനാൽ അവ ഈ അധ്വാനത്തിനിടയിൽ വളരെ പെട്ടെന്നു തന്നെ നശിച്ചുപോകും. ഒരു തവണ ബീജം പുറന്തള്ളുമ്പോൾ 18% ഊർജമാണ് നഷ്ടപ്പെടുന്നത്. അതിനാൽത്തന്നെ ചെറിയ പാമ്പുകൾക്ക് ഇണചേരലിനൊടുവിൽ അകാലചരമമാണു വിധി.

80 ശതമാനം വരുന്ന ഗാർട്ടർ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകർ പറയുന്നു. അതിനാൽത്തന്നെ ഇണചേരൽ കാലം ഗാർട്ടർ പാമ്പുകളുടെ ജീവനെടുക്കൽ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേർന്നു കഴിഞ്ഞാൽ ബീജം  വർഷങ്ങളോളം സൂക്ഷിക്കാൻ പെൺപാമ്പുകൾക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തിൽത്തന്നെ അൻപതോളം കുഞ്ഞുങ്ങളുമുണ്ടാകും. ടൂറിസം വരുമാനമുണ്ടാക്കിത്തരുന്നതിനാൽ ഗാർട്ടർ പാമ്പുകളുടെ ഇണചേരലിനെ സർക്കാർ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവിടെയെത്തുന്ന കുട്ടികൾ പാമ്പുകൾക്കിടയിലൂടെ കളിച്ചുചിരിച്ച് നടക്കുമ്പോൾ മുതിർന്നവർ ജീവനും കൊണ്ടോടുകയാണ് പതിവെന്നും നാർസിസ് സ്നേക്ക് ഡെൻസ് അധികൃതരുടെ വാക്കുകൾ.

related stories