Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായു മലിനമാകുന്നതിനു പിന്നിൽ പുകയുന്ന വയലുകൾ!

ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) വായു മലിനമാകുന്നതിന് കാരണം വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണു കാരണമെന്നു സ്ഥിരീകരിക്കാൻ ഡൽഹി സർക്കാർ നാസയുടെ ഉപഗ്രാഹ ചിത്രങ്ങളാണ് ഇന്നലെ പുറത്തു വിട്ടത്.

2018 ൽ മലിനീകരണം കുറവാണെന്ന വസ്തുതയും സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കുവയ്ക്കുന്നു. 2016, 2017, 2018 എന്നീ വർഷങ്ങളിലെ ഒക്ടോബർ മാസത്തെ പിഎം 10, പിഎം 2.5 എന്നീ ഘടകങ്ങളുടെ അളവുകളുടെ ഗ്രാഫും ഇതിനൊപ്പം പുറത്തുവിട്ടു. ശൈത്യത്തിനു മുന്നോടിയായി വായു മലിനീകരണം കൂടുമെന്ന ആശങ്കയിലാണ് നഗരവാസികൾ.

ശ്വാസകോശ രോഗവും ആസ്തമ ഉൾപ്പടെയുള്ള മറ്റ് രോഗങ്ങളുമുള്ളർ ഇപ്പോഴേ പ്രയാസപ്പെടുന്നതായാണ് റിപ്പോർ‌ട്ടുകൾ.ഈ വർഷവും ദീപാവലിക്കാലത്ത് പടക്കംപൊട്ടിക്കലുണ്ടാകില്ല. ദസറക്കാലത്ത് രാവണനെ കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണവും കണക്കിലെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അന്തരീക്ഷ മലിനീകരണം ഏറ്റവും അധികമുള്ള പത്തു സ്ഥലങ്ങൾ...

ഇന്ത്യയിലെ ഏറ്റവും മലിനമായ പത്തു നഗരങ്ങളിൽ എട്ടും ഡൽഹിയിൽ. ഷാദിപൂർ ആണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള മേഖല. മുണ്ടക, ബിവാഡി, ഗുർഗ്വാൻ, വസിപൂർ, ആനന്ദ് വിഹാർ, ഓഖ്‌ല, ദ്വാരക, ബവാന, ഡൽഹി മാതുറ റോഡ് മേഖകളാണ് മറ്റ് സ്ഥലങ്ങൾ. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പ്രകാരമാണിത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡാണ് റിപ്പോർട്ട് പുറത്തു വിട്ടത്. മുംബൈയിലെ മലിനീകരണവും കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ കൂടിയതായും റിപ്പോർട്ടിൽ പറയുന്നു

പൂജ്യത്തിനും 50 നും ഇടയിൽ ഗുഡ്, 51 നും 100 നും ഇടയിൽ സാറ്റിസ്ഫാക്ടറി, 101 നും 200 നും ഇടയിൽ മോഡറേറ്റ്, 201 നും 300 നും ഇടയിൽ പൂവർ, 301 നും 400 ഇടയിൽ വെരി പുവർ, 401 നും 500 നും ഇടയിൽ സെവർ എന്നിങ്ങനെയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതിനെ തരംതിരിച്ചിരിക്കുന്നത്

 Delhi Air Pollution

പഞ്ചാബിലും ഹരിയാനയിലും അന്തരീക്ഷ മലിനീകരണം കൂടുതലാണ്. ധാന്യം കൊയ്തെടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് കാരണം. ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും കത്തിക്കൽ തുടരുന്നു. ബദൽ സംവിധാനം ഒരുക്കാത്തതാണ് പ്രശ്നത്തിനു കാരണമെന്നു കർഷകർ പറയുന്നു. വ്യവസായവൽക്കരണവും വാഹനപ്പെരുപ്പവുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണമെന്നും കൃഷിക്കാർ പറയുന്നു. 

മാലിന്യം കത്തിക്കുന്നതിന് നാഷനൽ ഗ്രീൻ ട്രൈബ്യൂനൽ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാർ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണത്തിനു തുകയും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല

നിരവധി കാരണങ്ങൾ വായു മലിനീകരണത്തിലേക്കു നയിക്കുന്നതായി  സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അധികൃതർ പറയുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണ പ്രവർത്തികൾ, കാലാവസ്ഥാപരമായ വ്യതിയാനങ്ങൾ എന്നിവയെല്ലാം മലിനീകരണത്തിന്റെ കാരണങ്ങളാണ്. 

അന്തരീക്ഷമലിനീകരണം തടയുന്നതിനുള്ള  മാർഗങ്ങൾ സ്വീകരിക്കുന്നതിനു ബോർഡ് 41 അംഗ സമിതിയെ നിയോഗിച്ചു.