മഞ്ഞുകട്ടയിൽ പെയിന്‍റടിച്ച റഷ്യന്‍ നഗരം; കാരണം വിചിത്രം!

ഐസ് കട്ടയ്ക്ക് പെയിന്‍റടിക്കരുത് എന്നൊരു ചൊല്ലുണ്ട്, പാഴായി പോകുന്ന പ്രവൃത്തി ചെയ്യരുതെന്നാണ് ഇതിന്‍റെ സാരം. പക്ഷെ റഷ്യയിലെ മിസ്കി എന്ന നഗരത്തിലെ അധികൃതര്‍ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞിന്‍റെ മേല്‍ പെയിന്‍റടിച്ചു. ക്രിസ്മസ് സമയത്ത് നഗരത്തിന്‍റെ നിറം വെള്ളയായി നിലനിര്‍ത്താനാണ് ഇവരങ്ങനെ ചെയ്തത്. അപ്പോള്‍ മഞ്ഞിന്‍റെ നിറവും വെള്ളയല്ലേ എന്നു ചിന്തിച്ചാല്‍, ആ നിറം മാറ്റത്തിന്‍റെ പിന്നിലുമുണ്ട് ഒട്ടും സന്തോഷകരമല്ലാത്ത ഒരു കാരണം.

ചാര നിറമുള്ള മഞ്ഞ്

റഷ്യയുടെ സൈബീരിയന്‍ മേഖലയിലെ തന്നെ ഏറ്റവും ജനത്തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് മിസ്കി. റഷ്യയുടെ പ്രതാപ കാലത്ത് അതീവ സമ്പന്ന നഗരമായിരുന്ന മിസ്കിയുടെ ഇപ്പോഴത്തെ പ്രധാന വരുമാനം കല്‍ക്കരി ഖനികളാണ്. നഗരത്തോടു ചേര്‍ന്നു നിരവധി കല്‍ക്കരി ഖനികളാണ് പ്രവര്‍ത്തിക്കുന്നത്. മഞ്ഞിനും വെള്ള നിറത്തിനും ക്ഷാമമില്ലാത്ത റഷ്യയിലെ മിസ്കി നഗരത്തിന്‍റെ നിറം മാറ്റത്തിനു കാരണവും ഈ കല്‍ക്കരി ഖനികളാണ്. 

കല്‍ക്കരി ഖനികളില്‍ നിന്നെത്തുന്ന ചാരവും പൊടിയും മൂലം മഞ്ഞിന്‍റെ നിറവും ഇപ്പോള്‍ ചാരമാണ്. ഈ ചാര നിറം ക്രിസ്മസ് പുതുവത്സര സമയത്ത് നഗരത്തിന്‍റെ ഭംഗിക്കു കോട്ടം വരുത്തുന്നു എന്ന തോന്നലാണ് ഈ കടും കൈ ചെയ്യാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നഗരാതിര്‍ത്തിയിലെ മഞ്ഞു വീണ മേഖലകളിലെല്ലാം വെള്ള നിറം പൂശാന്‍ ഇവര്‍ ആളുകളെ ഏര്‍പ്പെടുത്തി. ഇപ്പോള്‍ നഗരത്തിന്‍റെ നിറം മാറിയെങ്കിലും മഞ്ഞിന്‍റെ നനവു മൂലം ഇതുവരെ പെയിന്‍റ് ഉണങ്ങിയിട്ടല്ല. അതിനാല്‍ തന്നെ അബന്ധത്തില്‍ മഞ്ഞിലാരെങ്കിലും കൈ തൊട്ടാല്‍ അവരുടെ കയ്യുടെ നിറം കൂടി വെള്ളയാകും. 

നഗരത്തില്‍ സന്ദര്‍ശനത്തിനെത്തിയ ചിലരാണ് മിസ്കിയിലെ ഈ തുഗ്ലക് പരിഷ്കാരത്തെക്കുറച്ചു പുറം ലോകത്തെ അറിയിച്ചത്. ഇവര്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച ദൃശ്യങ്ങളോട് പലരും അദ്ഭുതത്തോടെയും ആശങ്കയോടെയുമാണു പ്രതികരിക്കുന്നത്. സ്വാഭാവികമായും മിക്കവരും ചൂണ്ടിക്കാട്ടുന്നത് ഈ പ്രദേശം നേരിടുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെ കുറിച്ചാണ്. മഞ്ഞുരുകുന്നതോടെ പെയിന്‍റ് പ്രദേശത്തെ ജലാശയങ്ങളെയും മറ്റും മലിനമാക്കുമെന്ന് ഉറപ്പ്. ഇപ്പോള്‍ തന്നെ മേഖലയിലെ ചെറുജീവികളുടെ നിലിനില്‍പ്പിന് ഈ പെയിന്‍റടി ഭീഷണി സൃഷ്ടിച്ചിട്ടുണ്ടാകാമെന്നും ഇവര്‍ ഭയപ്പെടുന്നു. ജലാശയങ്ങള്‍ കൂടി മലിനമായാല്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതം പ്രവചനാതീതമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ഇതോടൊപ്പം തന്നെയാണ് മഞ്ഞിനെ പോലും ചാരനിറത്തിലാക്കുന്ന പൊടിപടലങ്ങളെക്കുറിച്ചുള്ള ആശങ്ക. പ്രദേശത്തിന്‍റെ നിറമാകെ മാറ്റാന്‍ പോന്ന ഖനികളില്‍ നിന്നുള്ള മാലിന്യം ഈ മേഖലയിലെ മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമായിരിക്കും.

നഗരസഭാ അധ്യക്ഷന്‍റെ മാപ്പ് പറച്ചില്‍.

മഞ്ഞു കട്ടയില്‍ പെയിന്‍റടിക്കാന്‍ ഉത്തരവിട്ട നഗരസഭാ അധ്യക്ഷന്‍ ദിമിത്രി ഇവാനോവ് ഇതിനിടെ മാപ്പു പറഞ്ഞ് രംഗത്തെത്തി. മഞ്ഞു കട്ടയില്‍ പെയിന്‍ററടിക്കാനുള്ള തീരുമാനത്തിനല്ല മാപ്പു മറച്ചില്‍. മറിച്ച് പെയിന്‍റടിപ്പിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയും അവരുടെ തൊഴിലാളികളും കൃത്യമായി ജോലി ചെയ്യാത്തതിലാണ് ദിമിത്രിയുടെ കുറ്റബോധം. അവര്‍ കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ മഞ്ഞില്‍ നിന്നു പെയിന്‍റ്  ഇളകി വരില്ലായിരുന്നു എന്ന് ദിമിത്രി ഇവാനിയോവിന്‍റെ മാപ്പു പറഞ്ഞു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.