ആയിരക്കണക്കിനു ജെല്ലിഫിഷുകൾ ഓസ്ട്രേലിയയുടെ തീരം കയ്യടക്കിയതെന്തിന്?

ആയിരക്കണക്കിനു നീല ബ്ലബർ ജെല്ലിഫിഷുകളാണ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ഡിസപ്ഷൻ തീരം കയ്യടിക്കിയിക്കുന്നത്. ഇതിൽ പേടിക്കാനൊന്നുമില്ലന്നും ബ്ലൂം എന്ന സ്വാഭാവിക പ്രതിഭാസം മാത്രമാണിതെന്നും മറൈൻ ബയോളജിസ്റ്റായ ഡോ. ലിസാ ആൻ ജെർഷ്വിൻ പറഞ്ഞു.

ജെല്ലി ഫിഷ് ബ്ലൂം എന്നത് ഈ ജീവികളുടെ ജീവിത ചക്രത്തിന്റെ ഭാഗമാണ്. കാറ്റിന്റെ ഗതിമാറുമ്പോഴും വേലിയേറ്റം സംഭവിക്കുമ്പോഴുമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഏകദേശം ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം അവസാനിക്കുന്നത് അടുത്ത വേലിയേറ്റത്തോടെയാണ്. വേലിയിറക്കത്തോടെ ഇവിടെയുള്ള മുഴുവൻ ജീവികളും തിരികെ സമുദ്രത്തിലേക്കു മടങ്ങും.

അതുവരെ കരയിലാണെങ്കിലും മണ്ണിൽ പൊതിഞ്ഞു കിടക്കുന്ന ‍ജെല്ലി ഫിഷുകളുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ടെന്നും ഡോ. ജെർഷ്വിൻ പറഞ്ഞു. തെക്കു കിഴക്കൻ ക്വീൻസ്‌ലൻഡിൽ കാണപ്പെടുന്ന നീല ബ്ലബർ ജെല്ലി ഫിഷുകൾ ഏകദേശം 33 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകും.

എന്തായാലും ബ്രിസ്ബേൻ തീരത്തടിഞ്ഞ ഈ ജെല്ലി ഫിഷുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.