Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിൽ ‘മരിക്കാൻ അനുവദിക്കാത്ത’ ഒരേയൊരു ഗ്രാമം

Longyearbyen

ലോകത്തിന്റെ വടക്കേയറ്റത്ത് നോർവേയിലുള്ള ഒരു ചെറിയ പട്ടണമാണ് ലോങിയർബൈൻ ദ്വീപ്. 2000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഭൂമിയിൽ മരണം നിയമപരമായി നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലമാണിത്. ജനനവും മരണവുമൊന്നും മനുഷ്യന്റെ കൈപ്പിടിയിലുള്ള കാര്യമല്ലെങ്കിലും ഈ ഗ്രാമത്തിൽ ആരെയും മരിക്കാൻ ഇവിടുത്തെ നിയമം അനുവദിക്കാറില്ല. അതേപോലെ തന്നെ ശവസംസ്ക്കാരം നടത്താനും അനുവാദമില്ല. കാരണം മറ്റൊന്നുമല്ല. ഉത്തരധ്രുവത്തോട് വളരെ അടുത്തായതിനാൽ ഇവിടുത്തെ മണ്ണിൽ അടക്കം ചെയ്താൽ മൃതദേഹം അഴുകാറില്ല. എത്രവർഷം കഴിഞ്ഞാലും മൃതദേഹം അതേപോലെ കിടക്കും. അതുകൊണ്ടാണ് 70 വർഷം മുൻപുതന്നെ ഇവിടെ ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ജോ​ണ്‍ ലോ​ങിയ​ർ എ​ന്ന അ​മേ​രി​ക്ക​ക്കാ​ര​നാ​ണ് 1906ൽ ​ലോങിയർബൈനിലേ​ക്ക് ആദ്യമായി ആ​ളു​ക​ളെ കൊ​ണ്ടു​വ​​ന്ന​ത്. 500 തൊ​ഴി​ലാ​ളി​ക​ളു​മാ​യെത്തിയ അ​ദ്ദേ​ഹം അ​ന്നിവിടെ ഒരു കൽക്കരി ഖ​നി തു​റ​ന്നു. പി​ന്നീ​ട് ഈ ​തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും ഇ​തൊ​രു ഗ്രാ​മ​മാ​യി വ​ള​രു​ക​യും ചെ​യ്തു. ഈ ​ചെ​റി​യ ഗ്രാ​മ​ത്തി​ൽ അന്ന് ആ​കെ ഒ​രു ശ്മ​ശാ​ന​മേ​ ഉണ്ടായിരുന്നു​ള്ളു. അവിടെയാണ് മരിച്ചവരെ അടക്കിയിരുന്നത്. എന്നാൽ മൃതദേഹം അഴുകാത്തത് പ്രശ്നമായിത്തു‌‌ടങ്ങിയത്  1918ൽ സ്പാനിഷ് ഫ്ലൂ പടർന്ന് ഈ ദ്വീപിലെ 11 പേര്‍ മരിച്ചതോടെയാണ്. മൃതദേഹങ്ങൾ അഴുകാതെ കിടന്നതിനാൽ ഫ്ലൂ പടർത്തുന്ന വൈറസും നശിക്കാതിരുന്നതായിരുന്നു കാരണം. ഇതോടെയാണ് ഇവിടെ മരിക്കാനും സംസ്ക്കരിക്കാനും പാടില്ലെന്ന നിയമം നിലവിൽ വന്നത്.

Longyearbyen

ഈ ​പ്ര​ദേ​ശ​ത്തെ ക​ന​ത്ത ത​ണു​പ്പു​മൂലം, അ​ട​ക്കം ചെയ്തിട്ടുള്ള മൃ​ത​ദേ​ഹ​ങ്ങ​ളൊന്നും ഇതുവരെ അ​ഴു​കിയിട്ടില്ല. പെർമാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് ഇതിനുകാരണം. മൈനസ് 46 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താഴ്ന്ന താപനില. ഇ​പ്പോ​ഴും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഒരാൾ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ലോങിയർബൈ​നി​ലാ​ണെ​ങ്കി​ലും അയാൾക്ക് സ്വന്തം ​നാ​ട്ടി​ൽ ​വ​ച്ച് മ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. മ​ര​ണാ​സ​ന്ന​​രെ അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്കു മാ​റ്റുകയാണ് പതിവ്. അവരെ സംസ്ക്കരിക്കുന്നതും അയൽഗ്രാമത്തിലായിരിക്കും. അവിചാരിത​മാ​യി മ​രി​ക്കു​ന്ന​വ​രെ​പ്പോ​ലും ​അ​യ​ൽ​ഗ്രാ​മ​ത്തിലാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. 

Longyearbyen

മ​ര​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഈ ​നാ​ട്ടി​ൽ ജ​നി​ക്കാ​നും കുറച്ചു പ്ര​യാ​സ​മാ​ണ്. ഇ​വി​ടെ ഒ​രു ആ​ശു​പ​ത്രി​യി​ല്ലെ​ന്ന​താ​ണ് അ​തി​നു കാ​ര​ണം. ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളെ പ്ര​സ​വ​മ​ടു​ക്കു​മ്പോൾ അ​ടു​ത്ത ഗ്രാ​മ​ത്തി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ് പ​തി​വ്. ജനനവും മരണവുമൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നു പറയാ‌റുണ്ടെങ്കിലും ഈ ഗ്രാമക്കാർ അതിലും ‘കൈവച്ചിരിക്കുകയാണ്’.