Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നുകില്‍ ലോകം നശിക്കും, അല്ലെങ്കിൽ രക്ഷ; ആഗോളതാപനത്തിൽ അറ്റകൈ പ്രയോഗത്തിന് ഗവേഷകർ!!

Climate change

2015ൽ ചേർന്ന പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഇരുനൂറോളം രാജ്യങ്ങൾ ചേർന്ന് ഒരു തീരുമാനമെടുത്തു– ആഗോളതലത്തിൽ താപനില രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി കുറയ്ക്കും. വർഷം മൂന്നു കഴിഞ്ഞു. വ്യാവസായിക വിപ്ലവത്തിനു മുൻപുണ്ടായിരുന്നു താപനിലയേക്കാൾ മൂന്നു ഡിഗ്രി സെൽഷ്യസ് കൂടുതൽ എന്ന അവസ്ഥയിലേക്കാണു ലോകത്തിന്റെ പോക്ക്. അതായത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ ലോകരാജ്യങ്ങളൊന്നും കാര്യമായി ചെയ്യുന്നില്ലെന്നു ചുരുക്കം. ആഗോളതാപനത്തിനു കാരണക്കാരായ വികസിത രാജ്യങ്ങൾ തന്നെയാണ് ഇത്തരത്തിൽ വൻതോതിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽ നിൽക്കുന്നതും. ഉത്തരവാദിത്തപ്പെട്ടവർ തന്നെ അലംഭാവം ചെയ്യുമ്പോൾ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ എന്തു ചെയ്യും? 

കാത്തിരിക്കാനാകില്ല, എത്രയും പെട്ടെന്ന് ‘റിസർട്ട്’ കിട്ടുന്ന എന്തെങ്കിലും ചെയ്തേ മതിയാകൂ. അതൊരു പക്ഷേ ‘ഭ്രാന്തൻ’ ഐഡിയകൾ പോലുമാകാം! അത്തരമൊരു ആശയത്തിനു പിന്നാലെയാണ് വികസ്വര രാജ്യങ്ങളിലെ ഗവേഷകർ. രാസവസ്തുക്കൾ കൊണ്ട് അന്തരീക്ഷത്തിൽ ഒരു നേർത്ത ‘പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കുക. Man made Sunshade എന്നാണ് അവർ ഈ പാളിക്കു നൽകിയിരിക്കുന്ന വിശേഷണം. ഇതു നമുക്കു സുപരിചിതമാണ്. അഗ്നിപർവതങ്ങളുമായി ബന്ധപ്പെട്ടാണെന്നു മാത്രം. അഗ്നിപർവത സ്ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും ഒരു നേർത്ത പാളിയായി അന്തരീക്ഷത്തിൽ നാളുകളോളം തങ്ങിനിൽക്കാറുണ്ട്. സൂര്യപ്രകാശത്തെ തടയാന്‍ ശേഷിയുള്ള ഇവ ഭൂമിയിൽ തണുപ്പു കൂട്ടാനും കാരണമാകുന്നു. കാലാവസ്ഥ താളം തെറ്റിക്കുമെന്നു ചുരുക്കം. 

Climate change

പക്ഷേ ‘നിയന്ത്രണവിധേയമായ’ നിലയിൽ ഭൂമിക്ക് ഒരു ‘പുതപ്പ്’ നൽകിയാൽ താപനില കുറയ്ക്കാനാകുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടൽ. ‘സോളർ ജിയോ–എൻജിനീയറിങ്’ എന്നാണ് ഈ പഠനത്തിനു നൽകിയിരിക്കുന്ന പേര്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന ‘ചാരക്കുട’ കൃത്രിമമായി നിർമിക്കുകയാണു ലക്ഷ്യം. നിലവിൽ ഹാവാർഡ്, ഓക്സ്ഫഡ് പോലുള്ള സർവകലാശാലകൾ സോളർ ജിയോ–എൻജിനീയറിങ്ങിൽ പഠനം നടത്തുന്നുണ്ട്. പക്ഷേ പഠനത്തിനു വേഗത കുറവാണ്. അത്യാവശ്യക്കാർ വികസ്വര രാജ്യക്കാരാണല്ലോ! അതിനാൽത്തന്നെ ഈ മേഖലയില്‍ ഗവേഷണവും ശക്തമാക്കാനാണു 12 ഗവേഷകരുടെ കൂട്ടായ്മയുടെ തീരുമാനം. 

ഇന്ത്യ, ബംഗ്ലദേശ്, ബ്രസീൽ, ചൈന, ഇത്യോപ്യ, ജമൈക്ക, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഈ ഗവേഷകർ തയാറാക്കിയ റിപ്പോർട്ട് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോളർ റേഡിയേഷൻ മാനേജ്മെന്റ് ഗവേണൻസ് ഇനിഷ്യേറ്റിവ് (എസ്ആർഎംജിഐ) എന്ന പദ്ധതിക്കു കീഴിൽ ഗവേഷണത്തിനാണു നീക്കം. നാലു ലക്ഷം ഡോളറാണു പദ്ധതിക്കു കീഴിൽ വകയിരുത്തിയിരിക്കുന്നത്. സോളർ ജിയോ എൻജിനീയറിങ്ങിന്റെ മികച്ച പ്രോജക്ട് റിപ്പോർട്ട് നൽകിയാൽ ഇതിൽ നിന്നുള്ള ധനസഹായം ലഭ്യമാകും. ഫെയ്സ്ബുക് സഹസ്ഥാപകനായ ഡസ്റ്റിൻ മോസ്കോവിറ്റ്സും ഭാര്യ കാരി ടൂണയും ചേർന്നു നടത്തുന്ന ഓപൺ ഫിലന്ത്രോപ്പി പ്രോജക്ടിനു കീഴിലായിരിക്കും  എസ്ആർഎംജിഐയുടെ നടത്തിപ്പ്. പദ്ധതിയിലേക്ക് പ്രോജക്ടുകൾക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണിപ്പോൾ. 

Climate change

സോളർ ജിയോ എൻജിനീയറിങ് വരൾച്ചയിലും മൺസൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം അറിയേണ്ടത്. പ്രോജക്ട് നടപ്പാക്കും മുൻപ് അതുണ്ടാക്കുന്ന തിരിച്ചടികൾ തിരിച്ചറിയണമെന്നു ചുരുക്കം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സൾഫർ കണികകളെ വിമാനങ്ങളിൽ ആകാശത്ത് സ്പ്രേ ചെയ്യുന്ന രീതിയ്ക്കാണു പ്രഥമ പരിഗണന. ഇതു വിജയകരമായി നടപ്പാക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല: ഒന്നുകിൽ ഇത് ഏറെ ഗുണപ്രദം, അല്ലെങ്കില്‍ എല്ലാം തകിടം മറിക്കുന്നത് എന്ന അവസ്ഥയിലാണു നിലവിൽ കാര്യങ്ങൾ. 

സോളർ ജിയോ എൻജിനീയറിങ് സാമ്പത്തികപരമായും സാമൂഹികമായും ഉൾപ്പെടെ അസാധ്യമാണെന്നാണു ഐക്യരാഷ്ട്ര സംഘടന തന്നെ വിലയിരുത്തിയിരിക്കുന്നത്. ഒക്ടോബറിൽ പുറത്തുവിടാനിരിക്കുന്ന, ആഗോള താപനം സംബന്ധിച്ച റിപ്പോർട്ടിന്റെ, ചോർന്ന രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കാലാവസ്ഥ ക്രമം തെറ്റുമെന്നതാണ് യുഎന്നിന്റെ ഏറ്റവും വലിയ ആശങ്ക. ഒരിക്കൽ ആരംഭിച്ചു കഴിഞ്ഞാൽ പിടിച്ചു നിർത്താൻ പോലും പറ്റാത്ത വിധം അപകടമായി ഇതു മാറുമെന്നും യുഎൻ ഭയക്കുന്നു. ഇത്തരം ‘എളുപ്പവഴി’കളിലൂടെ ആഗോളതാപനം കുറയ്ക്കാൻ സാധിച്ചാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഉൾപ്പെടെ കുറയ്ക്കാൻ മറ്റു രാജ്യങ്ങൾ ശ്രമം നടത്തില്ലെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു. പക്ഷേ ആഗോളതാപനം കുറയ്ക്കേണ്ടവർ അത് വർധിപ്പിക്കാനുള്ള ‘കഠിനശ്രമം’ തുടരുമ്പോൾ താപനത്തിനിരയാകുന്നവർ ‘ഭ്രാന്തൻ’ ചിന്തകൾക്കു പിന്നാലെ പോയല്ലേ പറ്റൂ!!