Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും വലിയ ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി

footprints ചിത്രത്തിന് കടപ്പാട് : യുട്യൂബ്.

ലോകത്തിലെ ഏറ്റവും വലിയ ദിനോസറുകളായി കണ്ടെത്തിയിരുന്നത് ടി–റെക്സ് ദിനോസറുകളെയാണ്. എന്നാലിപ്പോൾ മറ്റൊരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജർ ടി–റെക്സിന്റെ കുടുംബത്തിൽപ്പെട്ട മറ്റൊരു ദിനോസറാണ് ഈ വിശേഷണത്തിനർഹൻ എന്നാണ് അവർ പറയുന്നത്.

സ്കോട്ട്ലൻഡിലെ സ്കൈ എന്ന തുരുത്തിലാണ് അന്‍പതടി ഉയരം വരുന്ന ഈ ജീവികളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. 170 ദശലക്ഷം വര്‍ഷം മുന്‍പ് ചെളിയില്‍ പതിഞ്ഞ കാല്‍പ്പാടുകളാണിതെന്നും പിന്നീട് മണ്ണ് ഉറച്ച് കട്ടിയായതിനെ തുടര്‍ന്നാണ് ഇവ കേടു കൂടാതെ ഇത്രയും നാൾ നിലനിന്നത് എന്നുമാണ് ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.

തെറോപാ‍ഡുകള്‍ എന്ന ഇനത്തില്‍ പെട്ട ഇവ ജുറാസിക് പാര്‍ക്ക് സിനിമകളിലെ വില്ലന്‍ ദിനോസറായ ടി റെക്സുകളുടെ കുടുംബത്തിൽപ്പെട്ടതാണ്. മുന്‍ പിന്‍ കാലുകളില്‍ മൂന്ന് വിരലുകളും കൂര്‍ത്ത പല്ലുകളും നഖങ്ങളും ഉള്ള ഇവ ടി റെക്സുകളെ പോലെ തന്നെ മാംസഭുക്കുകളായിരുന്നു. മറ്റ് ദിനോസറുകളെയാണ് ഇവ ആഹാരമാക്കിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ഇതുവരെ കണ്ടെത്തിയ മറ്റ് ദിനോസര്‍ വംശത്തിനൊപ്പം തന്നെയാണ് ഇവയുടെയും വംശനാശം സംഭവിച്ചതെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.

സ്കോട്ട്ലൻഡില്‍ ഇതുവരെ കണ്ടെത്തിയിട്ടുളളതില്‍ ഏറ്റവും പഴക്കം ചെന്ന ഒരു ജീവിയുടെ കാല്‍പ്പാടാണിത്. ഇത്ര നാള്‍ തുറസ്സായ പ്രദേശത്ത് ഈ കാല്‍പ്പാട് കേടില്ലാതെ നിന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദിനോസറുകള്‍ ജീവിച്ചിരുന്ന ജുറാസിക് കാലഘട്ടത്തിന്റെ മധ്യത്തിലായാണ് ഈ കാല്‍പ്പാട് രൂപപ്പെട്ടത്. മധ്യജുറാസിക് കാലത്തെക്കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ  ഈ കാല്‍പ്പാടുകള്‍ നിര്‍ണ്ണായക വഴിത്തിരിവാണ്.

തെറോപോഡുകളെ കൂടാതെ ബ്രോണ്‍ടോസറസ്‍ എന്ന ഇനത്തില്‍ പെട്ട മറ്റൊരു ദിനോസറിന്റെ കാല്‍പ്പാടുകളും പ്രദേശത്ത് നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചു. പുതിയ ഇനത്തില്‍ പെട്ട രണ്ടു തരം ദിനോസറുകളുട കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ മേഖലയില്‍ കൂടുതല്‍ പഠനം ആരംഭിച്ചിരിക്കുകയാണ് ഗവേഷകര്‍. മാംസഭുക്കുകളാണെങ്കിലും ടി റെക്സുകളെ പോലെ ഇവ അനാവശ്യമായി അക്രമ സ്വഭാവം കാണിക്കാറില്ലെന്ന് ഗവേഷകര്‍ പറയുന്നു. കൂട്ടമായി ജീവിച്ചിരുന്ന ഇവ സാംസ്കാരികമായി പക്വതയാര്‍ജ്ജിച്ചിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.