Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണച്ചുഴികൾ ഒളിപ്പിച്ച് നിറഞ്ഞൊഴുകുന്ന പുഴയും തോടും

idukki16

മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ ഒഴുകുന്ന വെള്ളത്തിനു 400 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിന്റെ കരുത്ത്. രൗദ്രഭാവത്തിൽ നിറഞ്ഞ് ഒഴുകുന്ന പുഴയും തോടും ഉള്ളിൽ മരണച്ചുഴികൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. തീർഥാടകരെ ഉദ്ദേശിച്ചാണ് മുന്നറിയിപ്പെങ്കിലും നദീതീരവാസികൾക്കും ഇതു ബാധകമാണ്. അപകടം മനസ്സിലാക്കാതെയാണ് പലരും തടിപിടിക്കാനും ചൂണ്ടയിടാനും ഇറങ്ങുന്നത്. ഇവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതാവുന്നത്. പ്രളയജലത്തിന്റെ വേഗം പഴയതിലും വർധിച്ചു എന്നാണു സൂചന. ഭൂമിയുടെ പടിഞ്ഞാറോട്ടുള്ള ചരിവു കണക്കിലെടുത്താൽ ഒരു സെക്കൻഡിൽ അഞ്ച് അടി വരെ വെള്ളത്തിന് ഒഴുകാൻ കഴിയും. 

എന്നാൽ, ആറിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതോടെ ഇപ്പോൾ പത്ത് അടി വരെ വേഗത്തിൽ (ഫീറ്റ് പേർ സെക്കൻഡ്) നമ്മുടെ നദികളിലൂടെ പ്രളയജലം ഒഴുകുന്നു എന്നാണ് ഏകദേശ കണക്ക്. അങ്ങനെയെങ്കിൽ അഞ്ച്–ആറ് മണിക്കൂറുകൊണ്ട് കിഴക്കൻ വെള്ളം പടിഞ്ഞാറെത്തും. ഒഴുക്കിനു സംഹാരശേഷിയും കൂടുതലായിരിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിശദീകരിച്ചു. പമ്പ, മണിമല നദികളിലെ വെള്ളം മുഴുവൻ കുട്ടനാട് വഴി വേമ്പനാട് കായലിലെ മുഹമ്മ ഭാഗത്തേക്കും കുറച്ചു വെള്ളം തോട്ടപ്പള്ളി സ്പിൽവേ വഴി കായംകുളം കായലിലേക്കുമാണ് ഒഴുകുന്നത്.

മണലു വാരി; മുളയുടെ വേരറ്റു നദിയിലെ മണലും ആറ്റുതീരത്തെ മുള–രാമച്ചം പോലെ വേരുസമൃദ്ധിയുള്ള സസ്യാവരണങ്ങളുമായിരുന്നു പണ്ട് ഒഴുക്കിനെ നിയന്ത്രിച്ചിരുന്നത്. ആറും തോടും നിറഞ്ഞു പാടങ്ങളിലേക്കു കയറി സാവകാശമായിരുന്നു വെള്ളം പൊങ്ങിയിരുന്നത്. ഫ്ലഡ് പ്ലെയിൻസ് എന്ന ഇത്തരം പാടങ്ങളാണ് നാടിനെ മുങ്ങാതെ കാക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. എന്നാൽ, ഇന്ന് പാടങ്ങൾ നികത്തി. തോടുകൾ അടച്ചു. എന്നാൽ, വരട്ടാർ പോലെ പഴക്കമാരുടെ ഓർമകളിലേക്ക് എന്നെന്നേക്കുമായി മൺമറഞ്ഞു എന്നു കരുതിയ തോടുകൾ പലതും ഈ പ്രളയത്തിൽ ജീവൻവച്ച് ഒഴുകി. 

നഷ്ടപ്പെട്ടതെല്ലാം പ്രകൃതി തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പായി ഇത്. ഇന്നു പ്രളയജലത്തിനു കയറിക്കിടക്കാൻ ഇടനാടൻ പ്രദേശങ്ങളിൽ വെള്ളമില്ല. വെള്ളത്തെ ആഗീകരണം ചെയ്യാനുള്ള മണ്ണിന്റെ ജൈവഗുണം നഷ്ടമായി. മുറ്റത്തെ മഴയെ ഓടയിലേക്കു ചാടിച്ച് പുഴ വഴി അതിവേഗം നാടുകടത്തുക എന്നതായി രീതി. പുഴ വലിയൊരു കനാൽ പോലെയായി. മനുഷ്യന്റെ ഇടപെടൽ മൂലം നദികളിലെ ഒഴുക്കിന്റെ കണക്കു തെറ്റിയിരിക്കുന്നു. മണൽവാരൽ മാത്രമല്ല, തീരം സംരക്ഷിക്കാൻ നിർമിച്ച പുലിമുട്ട് എതിർ കരകളുടെ ശോഷണത്തിന് ഇടയാക്കുന്നു. തീരം കയ്യേറിയുള്ള കൃഷിയും നദിക്കു ദോഷമായി. 

മഴയുടെ രീതിയും ഏറെ മാറി. കുറച്ചു സമയം കൊണ്ട് കൂടിയ അളവിൽ പെയ്യുന്നു. മഴ നിലച്ചാൽ പിറ്റേന്നു തന്നെ പ്രളയവും സ്ഥലം കാലിയാക്കും. ഇത്തവണത്തെ മഴയിലും ഇതു ദൃശ്യമായി. ഇതു കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നു. പണ്ട് തോടുകളിലൂടെ പാടങ്ങളിലേക്കു കയറി വിശ്രമിച്ചായിരുന്നു പ്രളയജലത്തിന്റെ യാത്ര. മഴ തുടങ്ങി നാലാം ദിവസം നേരം പുലരുമ്പോഴാവും പ്രളയം മിഴി തുറന്നിരുന്നത്. എന്നാൽ, ഇന്ന് പ്രളയം അതിവേഗമെത്തുന്നു.