ലിങ്കൻ എസ് യു വി ചൈനയിൽ നിർമിക്കാൻ ഫോഡ്

Lincoln MKX

രണ്ടു വർഷത്തിനകം ചൈനയിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) നിർമാണം ആരംഭിക്കാൻ ഫോഡിന്റെ ആഡംബര കാർ ബ്രാൻഡായ ലിങ്കനു പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാണു യു എസിൽ നിന്നുള്ള ഫോഡിന്റെ നീക്കം. ആഡംബര കാർ നിർമാണ മേഖലയിലെ ജർമൻ എതിരാളികൾക്കു ചൈനയിൽ നിർമാണശാലകളുള്ളതും ലിങ്കന്റെ പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു സൂചന.ചൈനീസ് ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത പുത്തൻ എസ് യു വിയാണു ലിങ്കൻ പ്രാദേശികമായി നിർമിക്കാൻ ഒരുങ്ങുന്നത്. പ്രാദേശിക പങ്കാളിയായ ചോങ്ക്വിങ് ചാങ്ങൻ ഓട്ടമൊബീലുമായി ചേർന്നു പ്രവർത്തിപ്പിക്കുന്ന ശാലയുടെ ശേഷി പ്രയോജനപ്പെടുത്തിയാവും ഫോഡ്  ചൈനയിൽ ലിങ്കൻ എസ് യു വി നിർമിക്കുക.

നിലവിൽ ലിങ്കൻ മോഡലുകൾ ഫോഡ് ഇറക്കുമതി വഴിയാണു ചൈനയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഉയർന്ന ഇറക്കുമതി ചുങ്കം തിരിച്ചടി സൃഷ്ടിച്ചിട്ടും 2016ലെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 180% വളർച്ച നേടാൻ ലിങ്കനു സാധിച്ചു. ചൈനീസ് വിപണിയിൽ ലിങ്കൻ ബ്രാൻഡിന്റെ വളർച്ചയിലെ അടുത്ത ചുവടുവയ്പാണു പ്രാദേശികതലത്തിലെ നിർമാണമെന്നു ഫോഡ് അവകാശപ്പെടുന്നു. അതേസമയം പ്രാദേശിക നിർമാണം ആരംഭിച്ചശേഷവും യു എസിൽ നിന്നു ചൈനയിലേക്കുള്ള വാഹന ഇറക്കുമതി തുടരുമെന്നാണു ഫോഡ് നൽകുന്ന സൂചന. പ്രാദേശിക നിർമാണത്തെക്കുറിച്ചോ ഇറക്കുമതിയെക്കുറിച്ചോ കൂടുതൽ വിശദീകരണത്തിനു കമ്പനി സന്നദ്ധമായിട്ടില്ല. അതുപോലെ ചൈനയ്ക്കായി നിർമിക്കുന്ന പുതിയ എസ് യു വി സംബന്ധിച്ച വിശദാംശങ്ങളും കമ്പനി പങ്കുവച്ചില്ല. 

അതിനിടെ ലിങ്കൻ മോഡലുകൾ പ്രാദേശികമായി നിർമിക്കാൻ ആവശ്യമായ അനുമതി നേടിയെടുക്കാൻ ഫോഡും പങ്കാളിയായ ചാങ്ങൻ ഓട്ടമൊബീലും ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നിർമാണത്തിനുള്ള സാധ്യത കമ്പനി പരിഗണിച്ചു വരികയാണെന്നു കഴിഞ്ഞ ഒക്ടോബറിൽ തന്നെ ലിങ്കൻ ചൈന പ്രസിഡന്റ് ആമി മരെന്റിക് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 60 ലിങ്കൻ സ്റ്റോറുകൾ തുറക്കാനുള്ള മുൻ തീരുമാനം കമ്പനി പരിഷ്കരിക്കുകയും ചെയ്തിരുന്നു; പുതിയ 65 സ്റ്റോറുകൾ തുറക്കുമെന്നായിരുന്നു ലിങ്കന്റെ പ്രഖ്യാപനം. ഇക്കൊല്ലമാവട്ടെ 80 പുതിയ ലിങ്കൻ സ്റ്റോറുകളാണു കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ചെറുകിട പട്ടണങ്ങളിലെ വിപണന സാധ്യത മുതലെടുക്കാൻ 10 ചെറിയ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.