ഓഫ് റോഡറുമായി മഹീന്ദ്ര യു എസിലേക്ക്

രണ്ടു വർഷത്തിനകം യു എസ് വിപണിയിൽ പ്രവേശിക്കാൻ പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ ഗ്രൂപ് മഹീന്ദ്രയ്ക്കു മോഹം. ഡെട്രോയ്റ്റിലെ ഗവേഷണ, വികസന കേന്ദ്രത്തിൽ യു എസ് വിപണിക്കായി വികസിപ്പിച്ച ഓഫ് റോഡ് വാഹനവുമായിട്ടാവും 2019ൽ കമ്പനി കളത്തിലിറങ്ങുക. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാതാക്കളായ സാങ്യങ്ങിനും യു എസിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. അടുത്ത 18 മാസത്തിനകം യു എസ് പ്രവേശം യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണു സാങ്യങ്. കമ്പനിക്കെതിരെ നിലനിന്ന ചില കേസുകളും നിയമ പ്രശ്നങ്ങളുമാണ് ഇതുവരെ മഹീന്ദ്രയുടെ യു എസ് പ്രവേശനത്തിനു തടസ്സം സൃഷ്ടിച്ചിരുന്നത്. എന്നാൽ കേസുകൾ ഒത്തുതീർപ്പായതോടെ അമേരിക്കയിൽ പ്രവർത്തനം ആരംഭിക്കാനുള്ള തടസ്സം നീങ്ങിയതായി മഹീന്ദ്ര വ്യക്തമാക്കുന്നു.

ഡെട്രോയ്റ്റിലെ ആർ ആൻഡ് ഡി കേന്ദ്രമായ മഹീന്ദ്ര നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്റർ(എം എൻ എ ടി സി) ആണു കമ്പനിയുടെ യു എസ് അരങ്ങേറ്റത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. രണ്ടു വാഹനങ്ങളാണു കേന്ദ്രത്തിൽ നിലവിൽ വികസനഘട്ടത്തിലുള്ളത്; ഇതിലൊന്നു യു എസ് വിപണിക്കും മറ്റേത് ഇന്ത്യയ്ക്കും വേണ്ടിയാണ്. എം എൻ എ ടി സി വികസിപ്പിക്കുന്ന ഓഫ് റോഡർ 2019ൽ യു എസിൽ വിൽപ്പനയ്ക്കെത്തുമെന്നു മഹീന്ദ്ര വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം വികസനം പുരോഗമിക്കുന്ന മോഡലാവട്ടെ അടുത്ത സാമ്പത്തിക വർഷത്തിന്റെ മധ്യത്തോടെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.