‘പ്രിമ’ റേസിങ്: 1000 ബി എച്ച് പി ട്രക്കുമായി ടാറ്റ

Representative Image

ടി വൺ പ്രിമ ട്രക്ക് റേസിങ്ങിന്റെ നാലാം സീസണിൽ കരുത്തേറിയ റേസ് ട്രക്ക് അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. 1,000 ബി എച്ച് പി കരുത്തുള്ള ‘ടി വൺ പ്രിമ റേസ് ട്രക്ക്’ ആണു കമ്പനി പുറത്തിറക്കുക. ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ ഈ 19നാണു ടി വൺ പ്രിമ റേസിങ് ചാംപ്യൻഷിപ്പിന്റെ നാലാം സീസൺ അരങ്ങേറുക.

യു എസ് കമ്പനിയായ കമ്മിൻസിന്റെ സഹകരണത്തോടെയാണു ടാറ്റ മോട്ടോഴ്സ് ‘പ്രിമ’ റേസ് ട്രക്കിനുള്ള 1,000 ബി എച്ച് പി എൻജിൻ സാക്ഷാത്കരിച്ചത്. ഇന്ത്യൻ വാണിജ്യ വാഹന രംഗത്തു തന്നെ പുതുചരിത്രം രചിക്കാൻ ഈ കരുത്തുറ്റ ട്രക്കിനു കഴിയുമെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്. 

ആഗോളതലത്തിൽ ട്രക്ക് റേസിങ്ങിൽ മത്സരരംഗത്തുള്ള മോഡലുകൾക്കു സമാനമായ സ്പെസിഫിക്കേഷനിലാണു  പുത്തൻ ‘പ്രിമ’ വികസിപ്പിച്ചതെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) രവി പിഷാരടി വെളിപ്പെടുത്തി. സഹകരിച്ചുള്ള പ്രവർത്തനവും വേഗവും കാര്യക്ഷമതയും സംയോജിക്കുന്ന ട്രക്ക് വെറും 12 മാസം കൊണ്ടാണു കമ്പനി യാഥാർഥ്യമാക്കിയത്; ഇതു റെക്കോഡാണെന്നും പിഷാരടി അവകാശപ്പെട്ടു.

കമ്മിൻസുമായി സഹകരിച്ച് 1994ലാണു ടാറ്റ മോട്ടോഴ്സ് പുതിയ സംയുക്ത സംരംഭമായ ടാറ്റ കമ്മിൻസ് സ്ഥാപിച്ചത്. 75 മുതൽ 400 ബി എച്ച് പി വരെ ശേഷിയുള്ള എൻജിനുകളുടെ വികസനമായിരുന്നു കമ്പനിയുടെ ദൗത്യം.