ഏപ്രിലിൽ കാർ വില കൂട്ടുമെന്നു ഹോണ്ടയും

Honda City

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും ആഭ്യന്തര വിപണിയിലെ മോഡൽ ശ്രേണിയുടെ വില വർധിപ്പിച്ചു. വിവിധ മോഡലുകൾക്ക് പരമാവധി 10,000 രൂപ വരെയാണു കമ്പനി പ്രഖ്യാപിച്ച വില വർധന; പുതിയ വില ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തും. അതേസമയം ഈയിടെ അരങ്ങേറ്റം കുറിച്ച കോംപാക്ട് എസ് യു വിയായ ‘ഡബ്ല്യു ആർ — വി’യെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കടത്തു കൂലിയിലും ഉൽപ്പാദനചെലവിലും നേരിട്ട വർധനയാണു കാർ വില വർധിപ്പിക്കൽ അനിവാര്യമാക്കിയതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ വിശദീകരിച്ചു. ഈ വിഭാഗങ്ങളിൽ നേരിട്ട വർധന കമ്പനിക്ക് താങ്ങാവുന്നതിനും മുകളിലെത്തിയതോടെയാണ് ‘ഡബ്ല്യു ആർ — വി’ ഒഴികെയുള്ള മോഡലുകളുടെ വില കൂട്ടാൻ ഹോണ്ട തീരുമാനിച്ചത്.  ഹാച്ച്ബാക്കായ ‘ബ്രിയൊ’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, എസ് യു വികളായ ‘ബി ആർ — വി’, ‘സി ആർ വി’, എക്സിക്യൂട്ടീവ് സെഡാനായ ‘അക്കോഡ് ഹൈബ്രിഡ്’ എന്നിവ ഉൾപ്പെടുന്നതാണു ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി. 

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ്പാണ് പുത്തൻ സാമ്പത്തിക വർഷം മുതൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.  ഏപ്രിൽ ഒന്നു മുതൽ ‘ബി എം ഡബ്ല്യു’, ‘മിനി’ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ ഉയർത്തുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.