‘മോജൊ’യ്ക്കു പ്രത്യേക ഷോറൂമുമായി മഹീന്ദ്ര

Mojo Exclusive Dealerships

പ്രീമിയംബൈക്കായ ‘മോജൊ’യ്ക്കായി പ്രത്യേക ഡീലർഷിപ്പുകൾ തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഉപസ്ഥാപനമായ മഹീന്ദ്ര ടു വീലേഴ്സ് ഒരുങ്ങുന്നു. ‘മോജൊ’ വിൽപ്പനയ്ക്കുള്ള ആദ്യ ഡീലർഷിപ് ഈ മാസം തന്നെ ബെംഗളൂരുവിലാണു തുറക്കുക. പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘മോജൊ’ വിൽപ്പനയ്ക്കായി ഇത്തരം പ്രത്യേക ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

വിവിധ സംരംഭങ്ങളിലൂടെ രാജ്യത്തു ബൈക്കിങ് സംസ്കാരം വളർത്തിയെടുക്കാൻ ‘മോജൊ’ ശ്രമിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര ടു വീലേഴ്സ് സീനിയർ ജനറൽ മാനേജർ (സെയിൽസ്, മാർക്കറ്റിങ് ആൻഡ് പ്രോഡക്ട് പ്ലാനിങ്) നവീൻ മൽഹോത്ര അഭിപ്രായപ്പെട്ടു. രാജ്യത്തെ മുപ്പതോളം നഗരങ്ങളിൽ സാന്നിധ്യമുള്ള ‘മോജൊ ട്രൈബ്’ ചാപ്റ്ററുകളും മലകളും തീരവും വനങ്ങളും മരുഭൂമികളുമൊക്കെ കീഴടക്കി മുന്നേറുന്ന ‘മോജൊ ട്രെയ്ലു’കളുമൊക്കെ ഈ ദിശയിലുള്ള പ്രവർത്തനങ്ങളാണ്. ഇക്കൊല്ലം തന്നെ നാു മെഗാ ട്രെയ്ലുകൾ ‘മോജൊ’ പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ബൈക്ക് പ്രേമികൾക്ക് സമ്പൂർണ അനുഭവവും അനുഭൂതിയും പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടു മോജൊ’ വിൽപ്പനയ്ക്കുള്ള ആദ്യത്തെ പ്രത്യേക ഡീലർഷിപ് തുറക്കാനുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ബെംഗളൂരുവിൽ ഈ മാസം പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിന്റെ രേഖാചിത്രവും അദ്ദേഹം പുറത്തിറക്കി. മോട്ടോർ സൈക്കിളുകളായ ‘സെഞ്ചുറൊ’യും ‘മോജൊ’യും ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ രണ്ടു വകഭേദങ്ങളും ‘റോഡിയൊ’യും ‘ഡ്യുറൊ ഡി സെഡ്’ സ്കൂട്ടറുകളുമാണു നിലവിൽ മഹീന്ദ്ര ടു വീലേഴ്സ് നിലവിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പനയാണു ‘മോജൊ’ കൈവരിച്ചതെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. 2016 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കാലത്തിനിടെ 1,227 യൂണിറ്റ് വിൽപ്പനയാണു ‘മോജൊ’ കൈവരിച്ചത്.