കാർ വിൽപ്പന ഇക്കൊല്ലം ഇടിയുമെന്നു ഹോണ്ട ഇന്ത്യ

Honda WR-V

ഇക്കൊല്ലത്തെ വിൽപ്പനയിൽ ഇടിവു നേരിടുമെന്നു ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യൻ ഉപയോക്താക്കളുടെ താൽപര്യം ഡീസലിൽ നിന്നു പെട്രോൾ മോഡലിലേക്കു മാറിയതാണു കമ്പനിക്കു തിരിച്ചടിയാവുന്നതെന്നും ഹോണ്ട കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ വിശദീകരിച്ചു. 

ഈ 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ വിൽപ്പന 2015 — 16നെ അപേക്ഷിച്ചു കുറവാകും. വിപണിയുടെ താൽപര്യം ഡീസൽ വിട്ടു പെട്രോളിലേക്കു മാറിയതോടെ കമ്പനിയുടെ ഡീസൽ കാറുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയാണെന്ന് ഊനൊ വിശദീകരിച്ചു. ഈ പിഴവ് തിരുത്തേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ നവംബറിൽ മൂല്യമേറിയ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനവും കമ്പനിക്കു വെല്ലുവിളി സൃഷ്ടിച്ചിരുന്നെന്ന് അദ്ദേഹം അംഗീകരിച്ചു. ഈ തീരുമാനത്തെതുടർന്നു ഷോറൂമുകളിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 

അതേസമയം അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരതയാർജിക്കുമെന്നാണു സൂചന. ജനുവരി മുതൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും ഊനൊ വ്യക്തമാക്കി. ഇതോടൊപ്പം വാഹനവായ്പയുടെ പലിശ നിരക്കു കുറഞ്ഞതും കാർ വിൽപ്പന ഉയരാൻ വഴി തെളിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 1.92 ലക്ഷം കാറുകളായിരുന്നു ഹോണ്ട കാഴ്സ് ഇന്ത്യ വിറ്റത്; ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 5,000 യൂണിറ്റ് കയറ്റുമതി ചെയ്യാനും കമ്പനിക്കായി. വിപണി വിഹിതം അടിസ്ഥാനമാക്കിയാൽ ഇന്ത്യൻ കാർ നിർമാതാക്കളിൽ  നാലാം സ്ഥാനത്താണു ഹോണ്ട. കൂടുതൽ പ്രീമിയം മോഡലുകൾ അവതരിപ്പിച്ചു നേട്ടം കൊയ്യാനാണു ഹോണ്ടയുടെ തീരുമാനമെന്നും ഊനൊ വിശദീകരിച്ചു.

ഇതൊടൊപ്പം ഗുജറാത്തിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്താനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്. യു പിയിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ തപുകരയിലുമുള്ള ശാലകളിലായി പ്രതിവർഷം 2.40 ലക്ഷം യൂണിറ്റാണു കമ്പനിയുടെ ഉൽപ്പാദനശേഷി. അതുകൊണ്ടുതന്നെ ഗുജറാത്ത് ശാലയുടെ കാര്യത്തിൽ അടിയന്തിര സാഹചര്യമില്ല; എങ്കിലും ഭാവിയിലെ ആവശ്യം മുൻനിർത്തിയാണു ശാലയ്ക്കായി സ്ഥലം തേടുന്നതെന്ന് ഊനൊ വെളിപ്പെടുത്തി.