പെട്രോളിയം ഉൽപന്നങ്ങളും ജി എസ് ടി പരിധിയിലെത്തിയാൽ ഇന്ധന വില കുറയുമോ?

രാജ്യത്തെ പെട്രോളിയം ഉൽപന്ന വിൽപ്പനയും നിർദിഷ്ട ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ പരിധിയിലേക്കെന്നു സൂചന. പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഏതാനും ദിവസത്തിനുള്ളിൽ ഇക്കാര്യത്തിലുള്ള തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജി എസ് ടി നടപ്പാവുന്നതോടെ സേവന നികുതി, മൂല്യ വർധിത നികുതി(വാറ്റ്) വരുമാനങ്ങളെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് ഉൽക്കണ്ഠയുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. എന്നാൽ ജി എസ് ടി നടപ്പാവുന്നത് സംസ്ഥാനങ്ങൾക്കു ഗുണകരമാവുമെന്നാണു തന്റെ വിലയിരുത്തലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം പെട്രോളിയം ഉൽപന്ന വിൽപ്പനയും ജി എസ് ടിക്കു കീഴിൽ ഉൾപ്പെടാനാണു സാധ്യതയെന്നും പ്രധാൻ അറിയിച്ചു.

അതേസമയം ജൂലൈ ഒന്നിനു പ്രാബല്യത്തിലെത്തുന്ന ജി എസ് ടിയുടെ പരിധിയിൽപെടുമെങ്കിലും  രാജ്യത്തെ പെട്രോളിയം ഉൽപന്ന വിൽപ്പന ഇപ്പോഴത്തെ രീതിയിൽ തുടരുമെന്നാണു കഴിഞ്ഞ ആഴ്ച കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞത്. ജി എസ് ടി സമിതി ഈ വിഷയത്തിൽ ധാരണയിലെത്തും വരെയാവും പെട്രോളിയം ഉൽപന്നങ്ങൾക്കു നിലവിലുള്ള നികുതി നിരക്ക് തുടരുകയെന്നും മന്ത്രി അന്നു വിശദീകരിച്ചിരുന്നു. ഇതിൽ നിന്നു വ്യത്യസ്ത നിലപാടാണ് ഇപ്പോൾ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സ്വീകരിച്ചിരിക്കുന്നത്. 

അതിനിടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ഒ എൻ ജി സിയും ഓയിൽ ഇന്ത്യയും കണ്ടെത്തിയ എണ്ണ, പ്രകൃതി വാതക പാടങ്ങളുടെ രണ്ടാം ഘട്ട ലേലവും വൈകാതെ ആരംഭിക്കുമെന്ന് പ്രധാൻ അറിയിച്ചു. ഡി എസ് എഫ് രണ്ടാം ഘട്ട ലേലം ഉടൻ പ്രതീക്ഷിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ ഒന്നാം ഘട്ട ലേലത്തിൽ വിജയിച്ച 22 കമ്പനികൾക്ക് പര്യവേക്ഷണ മേഖല നിർണയിച്ചു നൽകുന്ന 31 കരാറുകളും കഴിഞ്ഞ ദിവസം ഒപ്പിട്ടു. ആദ്യ ഘട്ടത്തിലെ എണ്ണ, പ്രകൃതി വാതക പാടങ്ങളുടെ ആയുഷ്കാലത്തിനിടെ 46,400 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി അറിയിച്ചു. ഇതിൽ നിന്ന് റോയൽറ്റി വരുമാനമായി 5,000 കോടി രൂപയും സർക്കാർ വിഹിതമായി 9,300 കോടി രൂപയും ലഭിക്കുമെന്നാണു സർക്കാർ കണക്കാക്കുന്നത്.