മാരുതി ഡിസയറിനെ പിന്നിലാക്കി ബലേനൊ

Baleno

രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിലെ രണ്ടാം സ്ഥാനം മാരുതി  സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്ക്. മാരുതിയുടെ തന്നെ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നെയും സബ് കോംപാക്ട് സെഡാനായ ‘ഡിസയറി’നെയും പിന്തള്ളിയാണ് കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കെടുപ്പിൽ ‘ബലേനൊ’ ഈ നേട്ടം സ്വന്താക്കിയത്.  വർഷങ്ങളായി തുടരുന്ന പതിവ് ആവർത്തിച്ചു 18,868 യൂണിറ്റുമായി കഴിഞ്ഞ മാസത്തെ വിൽപ്പനയിലും എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഓൾട്ടോ’ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 16,426 യൂണിറ്റ് വിൽപ്പന സ്വന്തമാക്കിയാണു ‘ബലേനൊ’ രണ്ടാമതെത്തിയത്. 

രണ്ടു വർഷം മുമ്പ് 2015 ഒക്ടോബറിലായിരുന്നു ‘ബലേനൊ’യുടെ അരങ്ങേറ്റം; തുടർന്നു ശരവേഗത്തിൽ ജനപ്രീതിയാർജിച്ചു മുന്നേറിയ കാർ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള മോഡലുകളുടെ പട്ടികയിലേക്കും ഓടിക്കയറി. മാരുതി സുസുക്കി സ്ഥാപിച്ച പ്രീമിയം ഡീലർഷിപ് ശൃംഖലയായ ‘നെക്സ’യിലൂടെ വിപണനം ചെയ്യപ്പെടുന്ന കാർ നിരത്തിലെത്തി ആദ്യ വർഷം തന്നെ ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയും തികച്ചു. വിൽപ്പനയിലെ സ്ഥിരതയിലും തകർപ്പൻ പ്രകടനമാണ് ‘ബലേനൊ’ പുറത്തെടുക്കുന്നത്. 2016 മാർച്ചിൽ 6,236 യൂണിറ്റ് വിറ്റ സ്ഥാനത്താണു കഴിഞ്ഞ മാസം 163.40% വളർച്ചയോടെ കാർ 16,426 യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചത്. മാരുതി സുസുക്കിയുടെ തന്നെ ശ്രേണിയിൽ നിരന്തരമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന ‘സ്വിഫ്റ്റ് ഡിസയർ’, ‘സ്വിഫ്റ്റ്’, ‘വാഗൻ ആർ’ തുടങ്ങിയവയെയൊക്കെ കടത്തിവെട്ടുന്ന മുന്നേറ്റമാണിത്. 

അരങ്ങേറ്റ വേളയിൽ തന്നെ വിപണിയുടെ ശ്രദ്ധയാകർഷിക്കാൻ ‘ബലേനൊ’യ്ക്കു സാധിച്ചിരുന്നു; അതോടെ കാറിന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ ആറു മാസം വരെയൊക്കെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. ഹരിയാനയിലെ മനേസാറിലുള്ള ശാലയ്ക്ക് വിപണിയുടെ ആവശ്യം നിറവേറ്റാനാവാതെ വന്നോതോടെ ഗുജറാത്തിലെ സാനന്ദിൽ മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷൻ സ്ഥാപിച്ച പുതിയ ശാലയിൽ നിന്നു കൂടി കമ്പനി ഇപ്പോൾ ‘ബലേനൊ’ ഉൽപ്പാദിപ്പിക്കുന്നുണ്ട്.  നിലവിൽ ‘ബലേനൊ’യ്ക്കായി എൺപതിനായിരത്തോളം പേർ ബുക്കിങ് നടത്തി കാത്തിരിപ്പുണ്ടെന്നാണു മാരുതിയുടെ കണക്ക്. ഫെബ്രുവരിയിൽ ഗുജറാത്ത് ശാല കൂടി ഉൽപ്പാദനക്ഷമമായ സാഹചര്യത്തിൽ ഈ കാറിനുള്ള കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു മാരുതിയുടെ പ്രതീക്ഷ. 

മാർച്ചിലെ വിൽപ്പന കണക്കെടുപ്പിൽ ‘ബലേനൊ’യോടു തോറ്റ ‘സ്വിഫ്റ്റ് ഡിസയർ’ മൂന്നാം സ്ഥാനത്താണ്: 15,894 യൂണിറ്റ്. നാലാം സ്ഥാനത്തുള്ള ‘സ്വിഫ്റ്റി’ന്റെ കഴിഞ്ഞ മാസത്തെ വിൽപ്പന 15,513 യൂണിറ്റായിരുന്നു. ‘വാഗൻ ആറി’നെ അട്ടിമറിച്ച് അഞ്ചാം സ്ഥാനത്തെത്താൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ‘ഗ്രാൻഡ് ഐ ടെന്നി’നു സാധിച്ചു; കഴിഞ്ഞ മാസത്തെ വിൽപ്പന 12,545 ‘ഗ്രാൻഡ് ഐ 10’ ആയിരുന്നു. വിൽപ്പനയിൽ ഇടിവു നേരിട്ടെങ്കിലും 12,105 യൂണിറ്റുമായി ആറാമതെത്താൻ ‘വാഗൻ ആറി’നുകഴിഞ്ഞു. 

‘ബലേനൊ’യുടെ പ്രധാന എതിരാളിയായ ‘ഹ്യുണ്ടേയ് ഐ 20’ ആണ് 10,644 യൂണിറ്റ് വിൽപ്പനയോടെ അടുത്ത സ്ഥാനത്ത്. 10,296 യൂണിറ്റ് വിറ്റ ‘റെനോ ക്വിഡ്’ എട്ടാം സ്ഥാനം നേടി. ആദ്യ പത്തിലെ അവസാന രണ്ടു സ്ഥാനങ്ങളിലും മാരുതി സുസുക്കി മോഡലുകൾ തന്നെ; കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’(10,057 യൂണിറ്റ്)യും ‘സെലേറിയൊ’(8,823 യൂണിറ്റ്)യും.