Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനൊയ്ക്കായുള്ള കാത്തിരിപ്പ് കുറയും

Maruti Baleno

ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാൻ ലക്ഷ്യമിട്ടു പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഉൽപ്പാദനം വർധിപ്പിച്ചെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2015 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’യ്ക്കു തകർപ്പൻ വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ പ്രതിമാസ വിൽപ്പന കണക്കെടുപ്പിൽ ആദ്യ അഞ്ചിലെ സ്ഥാനം നിലനിർത്താനും ബലേനൊയ്ക്കു സാധിച്ചിട്ടുണ്ട്. 

ഇതുവരെ നാലര ലക്ഷത്തോളം ‘ബലേനൊ’യാണു മാരുതി സുസുക്കി വിറ്റത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകൽപ്പനയും ഡ്രൈവിങ് അനുഭവവുമൊക്കെയാണ് ‘ബലേനൊ’യെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നതെന്ന് എം എസ് ഐ എൽ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. ഗുജറാത്തിൽ സുസുക്കി മോട്ടോർ കോർപറേഷൻ സ്ഥാപിച്ച പുതിയ ശാല പൂർണതോതിൽ പ്രവർത്തനസജ്ജമായതോടെ ‘ബലേനൊ’ ലഭ്യത ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കാൽസി അറിയിച്ചു. പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റാണു ഹൻസാൽപൂരിലെ ശാലയുടെ ശേഷി.

ലഭ്യത മെച്ചപ്പെട്ടതോടെ ‘ബലേനൊ’യുടെ വിൽപ്പനയും ഗണ്യമായി ഉയർന്നിട്ടുണ്ടെന്ന് കാൽസി വെളിപ്പെടുത്തി; കഴിഞ്ഞ എട്ടു മാസമായി പ്രതിമാസം ശരാശരി പതിനെണ്ണായിരത്തോളം ‘ബലേനൊ’യാണു കമ്പനി വിൽക്കുന്നത്. 2017 ജനുവരി — ഓഗസ്റ്റ് കാലത്ത് മാസം തോറും ശരാശരി 14,000 യൂണിറ്റ് വിറ്റിരുന്ന സ്ഥാനത്താണിത്. സുസുക്കി ഇന്ത്യയിൽ നിർമിച്ചു ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ കാറുമാണു ‘ബലേനൊ’. ആഭ്യന്തര വിപണിക്കു പുറമെ ഓസ്ട്രേലിയ, യൂറോപ്, ലാറ്റിൻ അമേരിക്ക, കിഴക്കൻ ഏഷ്യ മേഖലകളിലെ രാജ്യങ്ങളിലും മികച്ച പ്രകടനമാണു ‘ബലേനൊ’ കാഴ്ചവയ്ക്കുന്നത്.