മെഴ്സീഡിസ് സ്ലീപ്പർ ബസ്സുമായി എസ് ആർ എം

Representative Image

മെഴ്സീഡിസ് ബെൻസ് ഷാസി അടിസ്ഥാനമാക്കി മുന്തിയ സ്ലീപ്പർ ബസ്സുകളുടെ പുതുശ്രേണി പുറത്തിറക്കിയതായി ചെന്നൈ ആസ്ഥാമായ ബസ് ബോഡി നിർമാതാക്കളായ എസ് ആർ എം ഓട്ടോ ടെക്. മൾട്ടി ആക്സിൽ ഷാസിയിൽ നിർമിച്ച രണ്ടു ഹൈ എൻഡ് ബസ്സുകളാണു പുറത്തിറക്കിയതെന്നും എസ് ആർ എം ഓട്ടോ ടെക് വെളിപ്പെടുത്തി. ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള 354 എച്ച് പി എൻജിൻ ഘടിപ്പിച്ച പുതിയ ബസ്സുകളുടെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ്(ജി വി ഡബ്ല്യു) 22,200 കിലോഗ്രാമാണ്. 13.7 മീറ്റർ നീളമുള്ള ബസ്സിൽ 36 സ്ലീപ്പർ ബെഡ്ഡുകളാണു ക്രമീകരിച്ചിരിക്കുന്നതെന്നും എസ് ആർ എം ഓട്ടോ ടെക് ഡയറക്ടർ ടി എസ് ഛദ്ദ അറിയിച്ചു. നിലവിൽ നിരത്തിലുള്ള ‘സ്കാനിയ’, ‘വോൾവോ’ മോഡലുകളോടു കിട പിടിക്കുന്ന ബസ്സാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ബസ് ബോഡി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന എസ് ആർ എം ഓട്ടോ ടെക് ഇതുവരെ 198 ബസ്സുകളാണു നിർമിച്ചു നൽകിയത്. അടുത്ത വർഷത്തോടെ പ്രതിമാസ ഉൽപ്പാദനം 20 ബസ്സുകളായി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ അശോക് ലേയ്ലൻഡിൽ നിന്നും മെഴ്സീഡിസ് ബെൻസിൽ നിന്നുമാണു കമ്പനിക്കു ബോഡി നിർമാണ ഘടകങ്ങൾ ലഭിക്കുന്നത്. അന്തർ നഗര, ദീർഘ ദൂര ബസ് സർവീസ് മേഖലയിലും പ്രവർത്തിക്കുന്ന കമ്പനി ആഭ്യന്തര ആവശ്യം മുൻനിർത്തിയാണു തുടക്കത്തിൽ ബോഡി നിർമാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മിനി ബസ്, ഓമ്നി ബസ്, സ്ലീപ്പർ ബസ്, സ്റ്റാഫ് ബസ് തുടങ്ങിയവയാണു കമ്പനി നിർമിച്ചിരുന്നതെന്നും ഛദ്ദ വിശദീകരിച്ചു. പിന്നീട് ഇ ഐ ഡി പാരിസ്, അളഗപ്പ ട്രാൻസ്പോർട്ട് സർവീസ് തുടങ്ങിയവർക്കും ബസ്സുകൾ നിർമിച്ചു നൽകി. 

ഇപ്പോൾ ബെംഗളൂരു, പുതുച്ചേരി, അസം, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾക്കും എസ് ആർ എം ഓട്ടോ ടെക് ബസ്സുകൾ നിർമിച്ചു നൽകുന്നുണ്ട്. മത്സരക്ഷമമായ നിർമാണ ചെലവ് പരിഗണിച്ചു കൂടുതൽ ഉപയോക്താക്കൾ കമ്പനിയെ തേടിയെത്തുമെന്നും ഛദ്ദ പ്രതീക്ഷ പ്രകടിപ്പിച്ചു.