വൈദ്യുത കാർ: ഓലയ്ക്ക് പുതിയ ഉപസ്ഥാപനം

വൈദ്യുത കാർ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടാക്സി അഗ്രിഗേറ്റർമാരായ ഓല കാബ്സിന്റെ ഹോൾഡിങ് കമ്പനിയായ എ എൻ ഐ ടെക്നോളജീസ് പുതിയ ഉപസ്ഥാപനം രൂപീകരിച്ചു. ഓല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച വിവരം റജിസ്ട്രാർ ഓഫ് കമ്പനീസിനെ ഓല കാബ്സ് അറിയിച്ചിട്ടുണ്ട്.

ബാറ്ററിയിൽ ഓടുന്ന കാറുകളും ഓട്ടോറിക്ഷകളും പാട്ടത്തിനെടുക്കാൻ ബെംഗളൂരു ആസ്ഥാനമായ ഓല കാബ്സിനു മുമ്പേ പദ്ധതിയുണ്ട്. അടുത്ത ഘട്ടത്തിൽ ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനും ജാപ്പനീസ് ഇന്റർനെറ്റ് ഭീമന്മാരായ പിന്തുണയുള്ള കമ്പനി ആലോചിക്കുന്നുണ്ട്. വൈദ്യുത കാറുകൾ ഉപയോഗിച്ചുള്ള പരീക്ഷണ സർവീസും ഓല ആരംഭിച്ചിട്ടുണ്ട്; ഇതു സംബന്ധിച്ച പ്രഖ്യാപനവും വൈകില്ലെന്നാണു സൂചന. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ നിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ്പുമായി കമ്പനി കഴഇഞ്ഞ വർഷം തന്നെ തന്ത്രപരമായ പങ്കാളിത്തവും പ്രഖ്യാപിച്ചിരുന്നു.

സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ യൂബറിൽ നിന്നുള്ള കടുത്ത വെല്ലുവിളിയെ അതിജീവിക്കാനുള്ള തീവ്രശ്രമമാണ് രാജ്യത്തെ 110 നഗരങ്ങളിൽ സാന്നിധ്യമുള്ള ഓല കാബ്സ് നടത്തുന്നത്. വൈദ്യുത വാഹന മേഖലയിൽ മേൽക്കൈ നേടുന്നത് യൂബറിൽ നിന്നുള്ള മത്സരത്തെ നേരിടാൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഓല.  മഹീന്ദ്രയ്ക്കു പുറമെ ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും വൈദ്യുത കാറായ ‘ലീഫ്’ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരും ‘ഫെയിം ഇന്ത്യ’ പോലുള്ള വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്തെ പ്രധാന നഗരങ്ങളിൽ വൈദ്യുത കാറുകൾ അവതരിപ്പിക്കുമെന്ന് ഓല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സഹ സ്ഥാപകനുമായ ഭവിഷ് അഗർവാൾ മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം കാറുകൾ അവതരിപ്പിക്കാനും ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണം വിലയിരുത്തി ഈ മേഖലയിൽ മുന്നോട്ടു പോകാനുമാണ് ഓലയുടെ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.