ഫോർച്യൂണറിന്റെ എതിരാളി സ്കോഡ കോഡിയാക്ക് ബുക്ക് ചെയ്യാം

Skoda Kodiaq

ഇന്ത്യൻ അരങ്ങേറ്റത്തിനു മാസങ്ങൾ ബാക്കി നിൽക്കെ ഫോക്സ്‌വാഗന്‍ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ പുതിയ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കോഡിയാക്കി’നുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി. മിക്കവാറും സെപ്റ്റംബറിലോ ഒക്ടോബറിലോ ആവും ‘കോഡിയാക്കി’ന്റെ ഇന്ത്യൻ അരങ്ങേറ്റമെന്നാണു സൂചന. ആ നിലയ്ക്ക് അവതരണത്തിന് അഞ്ചോ ആറോ മാസം മുമ്പേയാണു സ്കോഡ പുത്തൻ എസ് യു വിക്കുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്; ഇന്ത്യൻ വാഹന ചരിത്രത്തിൽ തന്നെ ഇത് അപൂർവതയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Skoda Kodiaq

‘കോഡിയാക്’ മുൻകൂർ ബുക്കിങ്ങിനായി 51,000 മുതൽ ഒരു ലക്ഷം രൂപ വരെയാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കോഡ ഡീലർമാർ വാങ്ങുന്നത്. ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’ തുടങ്ങിയവയ്ക്കൊപ്പം അടുത്തതുന്നെ അരങ്ങേറ്റം കുറിക്കുന്ന ഫോക്സ്‌വാഗൻ ‘ടിഗ്വനു’മായും മത്സരിക്കുന്ന ‘കോഡിയാക്കി’ന്റെ വില 25 — 30 ലക്ഷം രൂപ നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.

Skoda Kodiaq

കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിലാണു സ്കോഡ ‘കോഡിയാക്’ ആദ്യമായി പ്രദർശിപ്പിച്ചത്. ‘വിഷൻ എസ്’ കൺസപ്റ്റ് അടിസ്ഥാനമാക്കി നിർമിച്ച ‘കോഡിയാക്കി’ൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, റഡാർ അസിസ്റ്റ് സഹിതം എമർജൻസി ഓട്ടോ ബ്രേക്കിങ്, ഡൈനമിക് ഷാസി കൺട്രോൾ എന്നിവയൊക്കെ സ്കോഡ ലഭ്യമാക്കുന്നുണ്ട്. പോരെങ്കിൽ ഫോക്സ്വാഗന്റെ എം ക്യു ബി പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘കോഡിയാക്കി’ന്റെ ധാരാളം ഘടകങ്ങൾ  ‘ടിഗ്വനി’ൽ നിന്നു കടമെടുത്തതുമാണ്. ‘കോഡിയാക്കി’ൽ വ്യത്യസ്ത ഡ്രൈവിങ് മോഡുകളും സ്കോഡ ലഭ്യമാക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സ്കോഡ ശാലയിലാവും ‘കോഡിയാക്കി’ന്റെ നിർമാണം.

Skoda Kodiaq

പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘കോഡിയാക്’ വിൽപ്പനയ്ക്കുണ്ടാവും. എസ് യു വിയിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിന് പരമാവധി 177 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. രണ്ടു ലീറ്റർ തന്നെ ശേഷിയുള്ള നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാവട്ടെ 147 ബി എച്ച് പി വരെ കരുത്തും 340 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.  അലാസ്കയുടെ തെക്കൻ തീരത്തിനടുത്തുള്ള ദ്വീപിൽ വസിക്കുന്ന കോഡിയാക് കരടികളിൽ നിന്നാണു സ്കോഡ പുതിയ എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ദ്വീപ് നിവാസികളുടെ തനതു ഭാഷയായ ‘അലൂടിക്കി’ൽ നിന്നാണു ‘കോഡിയാക്’ എന്നെഴുതാനുള്ള ശൈലി സ്വീകരിച്ചത്.