വരവായ് ‘2017 ഒക്ടേവിയ’; ബുക്കിങ് തുടങ്ങി

ഫോക്സ്‍‌‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ സെഡാനായ ‘ഒക്ടേവിയ’യുടെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ്ങുകൾ രാജ്യത്തെ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. അടുത്ത മാസം ആദ്യം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന കാറിന്റെ വിൽപ്പന മാസാവസാനത്തോടെ ആരംഭിക്കുമെന്നാണു സൂചന. കഴിഞ്ഞ വർഷമാണു സ്കോഡ ‘ഒക്ടേവിയ’യുടെ പുത്തൻ രൂപകൽപ്പന അനാവരണം ചെയ്തത്. തുടർന്ന് ഇക്കൊല്ലമാദ്യം കമ്പനി പുതിയ ‘ഒക്ടേവിയ’യുടെ നിർമാണവും ആരംഭിച്ചു. രണ്ടു പതിറ്റാണ്ടായി ലോക വിപണിയിലുള്ള ‘ഒക്ടേവിയ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 50 ലക്ഷത്തോളം യൂണിറ്റാണെന്നാണു കണക്കാക്കുന്നത്. മാതൃരാജ്യമായ ചെക്ക് റിപബ്ലിക്കിനു പുറമെ ഇന്ത്യ, റഷ്യ, ചൈന, ഉക്രെയ്ൻ, അൾജീരിയ എന്നീ രാജ്യങ്ങളിലും സ്കോഡ ‘ഒക്ടേവിയ’ നിർമിച്ചു വിൽക്കുന്നുണ്ട്.

വിഭജിച്ച ഹെഡ്‌ലൈറ്റുകളാണു പരിഷ്കരിച്ച ‘2017 ഒക്ടേവിയ’യിലുള്ളത്; മുന്തിയ വകഭേദങ്ങളിലാവട്ടെ ഇവ പൂർണമായും എൽ ഇ ഡിയുമാണ്. കാഴ്ചയിലെ മാറ്റങ്ങളും പരിഷ്കാരങ്ങളും മൂലം വൈകാതെ നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്ന എസ് യു വിയായ ‘കോഡിയാക്കി’നോടാണു പുതിയ ‘ഒക്ടേവിയ’യ്ക്കു സാമ്യം. വീതിയേറിയ റേഡിയേറ്റർ ഗ്രിൽ, നവീകരിച്ച മുൻ ബംപർ രൂപകൽപ്പന, പിന്നിൽ എൽ ഇ ഡി ലൈറ്റ് സഹിതമുള്ള പുത്തൻ റിയർ പ്രൊഫൈൽ എന്നിവയൊക്കെയാണ് ‘ഒക്ടേവിയ’യിൽ സ്കോഡ ലഭ്യമാക്കുന്നത്. 

കാറിന്റെ അകത്തളത്തിലാവട്ടെ മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലേ സഹിതം പുതിയ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നു. അടിസ്ഥാന വകഭേദത്തിൽ ആറര ഇഞ്ച് സ്ക്രീനും മുന്തിയ പതിപ്പുകളിൽ 9.2 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമാകും സ്കോഡ ലഭ്യമാക്കുക.ഇന്റർനെറ്റ് ബന്ധത്തിനായുള്ള ഓപ്ഷനൽ എൽ ടി ഇ മൊഡ്യൂൾ സഹിതം 64 എം ബി ഫ്ളാഷ് മെമ്മറിയുള്ള കൊളംബസ് നാവിഗേഷൻ സിസ്റ്റമാണ് വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തിയ പുത്തൻ ‘ഒക്ടേവിയ’യിലുള്ളത്. യൂറോപ്യൻ പതിപ്പിലാവട്ടെ റഡാർ സെൻസർ സഹായത്തോടെ പ്രവർത്തിക്കുന്ന ബ്ലൈൻഡ് സ്പോട്ട് വാണിങ്, വഴിയാത്രക്കാരെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന എമർജൻസി ബ്രേക്ക് എന്നിവയുമുണ്ട്; പക്ഷേ ഇതൊന്നും ഇന്ത്യയിലെ ‘ഒക്ടേവിയ’യിൽ ഇടംപിടിക്കാൻ സാധ്യതയില്ല.

മത്സരക്ഷമമായ വില ലക്ഷ്യമിട്ട് കാറിലെ 1.4 ലീറ്റർ, 1.8 ലീറ്റർ പെട്രോൾ, രണ്ടു ലീറ്റർ ഡീസൽ എൻജിനുകൾ സ്കോഡ ഇന്ത്യ നിലനിർത്തുമെന്നാണു സൂചന. എന്നാൽ പോലും പരിഷ്കരിച്ച ‘ഒക്ടേവിയ’യ്ക്ക് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 80,000 രൂപ വരെ അധിക വില പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് ‘എലാൻട്ര’, ഷെവർലെ ‘ക്രൂസ്’, ടൊയോട്ട ‘കൊറോള ഓൾട്ടിസ്’ തുടങ്ങിയവയാണ് ഇന്ത്യയിൽ ‘ഒക്ടേവിയ’യുടെ എതിരാളികൾ.