സ്കോഡ ഓട്ടോ എം ഡി സുധീർ റാവു രാജിവച്ചു

Sudhir Rao

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ സുധീർ റാവു രാജിവച്ചു. ജൂൺ 30ന് റാവു സ്ഥാനമൊഴിയുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മിക്കവാറും ഇന്ത്യയിൽ നിന്നു തന്നെയുള്ള എക്സിക്യൂട്ടീവാകും റാവുവിന്റെ പകരക്കാരനാവുകയെന്നാണു സൂചന. ടാറ്റ മോട്ടോഴ്സുമായി ഫോക്സ്‌വാഗൻ ഗ്രൂപ് ചർച്ച ചെയ്യുന്ന തന്ത്രപരമായ പങ്കാളിത്തത്തിൽ സ്കോഡ ഓട്ടോയ്ക്കും സജീവ സാന്നിധ്യം ഉണ്ടാകുമെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ സ്കോഡയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ വേളയിലാണു റാവു എം ഡി  സ്ഥാനമൊഴിയുന്നത്.

വെല്ലുവിളികൾ നിറഞ്ഞതെങ്കിലും തൃപ്തികരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണു താൻ സ്കോഡ വിടുന്നതെന്നു റാവു സ്ഥിരീകരിച്ചു. വാഹന വ്യവസായത്തിനു പുറത്തുള്ള ദൗത്യം ലക്ഷ്യമിട്ടാണു താൻ സ്കോഡ വിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചെറുകാറായ ‘ഫാബിയ’യുടെ വിപണനം അവസാനിപ്പിക്കാനുള്ള തീരുമാനം പോലെ കമ്പനിയെ ലാഭത്തിലാക്കാൻ സ്വീകരിച്ച ദൃഢമായ നടപടികളായിരുന്നു റാവുവിന്റെ മുഖമുദ്ര. ഇതു വഴി വിൽപ്പനക്കണക്കെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും കമ്പനിയുടെ നഷ്ടമകന്നു. ഒപ്പം കമ്പനി ജീവനക്കാരുടെ എണ്ണത്തിൽ 25 ശതമാനത്തോളം വെട്ടിച്ചുരുക്കലും റാവു നടപ്പാക്കി.  

ഇതോടെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്കോഡ ഓട്ടോയെ ലാഭത്തിലെത്തിച്ച മികവോടെയാണ് അഞ്ചു വർഷവും മൂന്നു മാസവും കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന സുധീർ റാവു വിട പറയുന്നത്. 2008 മുതൽ നാലു വർഷത്തോളം മേധാവിയില്ലാതെ പ്രവർത്തിച്ചിരുന്ന സ്കോഡയെ നയിക്കാൻ 2012ലാണു സുധീർ റാവു എത്തുന്നത്. 

ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഇന്ത്യയിൽ നാലു വർഷത്തോളം ഡപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി പ്രവർത്തിച്ച ശേഷമാണ് റാവു സ്കോഡയിലേക്കു ചേക്കേറുന്നത്. റെനോയും മഹീന്ദ്രയുമായി വഴി പിരിയുമ്പോൾ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കു ചുക്കാൻ പിടിച്ചതും റാവുവായിരുന്നു. തുടർന്ന്  റെനോയ്ക്ക് ഒറ്റയ്ക്ക് ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചതും അദ്ദേഹം തന്നെ. നേരത്തെ സി കെ ബിർല ഗ്രൂപ് കമ്പനിയായ അവ്ടെക് എൻജിൻസിലും റാവു ജോലി ചെയ്തിട്ടുണ്ട്. രണ്ട് ദശാബ്ദത്തോളം യു എസ് നിർമാതക്കളായ ജനറൽ മോട്ടോഴ്സിലായിരുന്നു റാവു.