ഇന്ത്യയിൽ വൈദ്യുത കാർ വ്യാപനം എളുപ്പമല്ലെന്ന് ഹോണ്ട

അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലം വൈദ്യുത കാറുകളുടെ വൻതോതിലുള്ള വ്യാപനത്തിന് ഇന്ത്യ സജ്ജമല്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ ഉയർന്ന വിലയും ഇവയുടെ വിൽപ്പന ഉയരാൻ തടസ്സം സൃഷ്ടിക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ് ചിരൊ ഊനൊ കരുതുന്നു. വൈദ്യുതിയിൽ ഓടുന്ന കാറുകൾ ഹോണ്ട വികസിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരം കാറുകൾ ഇന്ത്യയിൽ വ്യാപകമാവുന്നതിനു പരിമിതികളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വൈദ്യുത വാഹന വ്യാപനത്തെപ്പറ്റി ഇന്ത്യ ചർച്ച ചെയ്യുന്നത് ശരിയായ സമയത്തല്ലെന്നാണ് ഊനൊയുടെ വിലയിരുത്തൽ. ഇത്തരം കാറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ തീർത്തും അപര്യാപ്തമാണ്; പോരെങ്കിൽ സാധാരണ കാറിനെ അപേക്ഷിച്ച് വൈദ്യുതിയിൽ ഓടുന്ന കാറുകളുടെ വില ഇരട്ടിയോളമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിലയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിലയേറിയ വൈദ്യുത കാറുകൾ അതിവേഗം പ്രചാരം നേടുക എളുപ്പമാവില്ല. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് വൈദ്യുത കാറുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും സമയമെടുക്കുമെന്ന് ഊനൊ വിലയിരുത്തുന്നു.

ഭാവിയിൽ കമ്പനിയുടെ ആഗോള വാഹന വിൽപ്പനയുടെ മൂന്നിൽ രണ്ടും വൈദ്യുത വാഹനങ്ങളിൽ നിന്നാവുമെന്നു ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം 1.60 ലക്ഷം കാർ വിറ്റ ഹോണ്ട ഇക്കൊല്ലം എട്ടു ശതമാനത്തോളം വളർച്ചയാണു ലക്ഷ്യമിടുന്നത്. ഇന്ത്യൻ വാഹന വ്യവസായം ഇക്കൊല്ലം ഏഴു മുതൽ എട്ടു ശതമാനം വരെ വിൽപ്പന വളർച്ച കൈവരിക്കുമെന്ന് ഊനൊ കരുതുന്നു. പുതിയ ‘സിറ്റി’യുടെയും ‘ഡബ്ല്യു ആർ — വി’യുടെയുമൊക്കെ പിൻബലത്തിൽ കമ്പനിക്കും ഇതേ വളർച്ചാനിരക്ക് കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഫെബ്രുവരി മധ്യത്തിൽ വിപണിയിലെത്തിയ ‘സിറ്റി’ക്ക് 30,000 ബുക്കിങ് നേടാനായി. മാർച്ചിൽ വിപണിയിലെത്തിയ ‘ഡബ്ല്യു ആർ — വി’യാവട്ടെ ഇതുവരെ 16,000 ബുക്കിങ് സ്വന്തമാക്കിയിട്ടുണ്ട്. 

നിലവിൽ പ്രീമിയം ബ്രാൻഡ് എന്ന പ്രതിച്ഛായയിൽ കുടുങ്ങിക്കിടക്കുന്ന ഹോണ്ട, വ്യാപക വിൽപ്പനയുള്ള ബ്രാൻഡ് എന്ന നിലയിലേക്കു മാറണോ എന്ന ചർച്ചയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.