സൗദിക്ക് 600 ‘സിറ്റാരൊ’ ബസ് വിൽക്കാൻ മെഴ്സീഡിസ്

Mercedes Benz Citaro

സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി പബ്ലിക് ട്രാൻസ്പോർട് കമ്പനി(എസ് എ പി ടി സി ഒ) 600 മെഴ്സീഡിസ് ബെൻസ് ‘സിറ്റാരൊ’ സിറ്റി ബസ്സുകൾ വാങ്ങുന്നു. ഫ്രഞ്ച് ട്രാൻസ്പോർട് ഓപ്പറേറ്ററായ ആർ എ ടി പി — ദേവുമായി ചേർന്നു സൗദി പബ്ലിക് ട്രാൻസ്പോർട് കമ്പനി സ്ഥാപിക്കുന്ന സംയുക്ത സംരംഭമാണു ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ മെഴ്സീഡിസിൽ നിന്നു പുത്തൻ ബസ്സുകൾ വാങ്ങുക.

 ഡെയ്മ്ലർ ബസസിന്റെ ചരിത്രത്തിൽ മെഴ്സീഡിസ് ബെൻസ് ‘സിറ്റാരൊ’ ബസ്സുകൾക്കു ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റ ഓർഡറാണിതെന്നും കമ്പനി വ്യക്തമാക്കി. ഇതിൽ ഇരുനൂറോളം ‘സിറ്റാരൊ ജി’, ‘സിറ്റാരൊ സോളോ’ ബസ്സുകൾ അടുത്ത വർഷമാദ്യം തന്നെ കൈമാറുമെന്നു മെഴ്സീഡിസ് ബെൻസ് അറിയിച്ചു. അവശേഷിക്കുന്ന 400 ബസ്സുകളും 2020നുള്ളിൽ നിർമിച്ചു നൽകാനാണു പദ്ധതി. സൗദി തലസ്ഥാനമായ റിയാദിൽ പുതുതായി സ്ഥാപിച്ച ബസ് റാപിഡ് ട്രാൻസിറ്റ്(ബി ആർ ടി) റൂട്ടുകളിൽ സർവീസ് നടത്താനാണു സൗദി പബ്ലിക് ട്രാൻസ്പോർട് കമ്പനി മെഴ്സീഡിസ് ബെൻസ് ‘സിറ്റാരൊ’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദുബായ് ആസ്ഥാനമായ ഡെയ്മ്ലർ കൊമേഴ്സ്യൽ വെഹിക്കിൾ റീജണൽ സെന്റർ ഫോർ മിഡിൽ ഈസ്റ്റ് ആൻഡ് നോർക്ക് ആഫ്രിക്കയാണു സൗദി അറേബ്യയിൽ നിന്ന് ഈ ഓർഡർ നേടിയെടുത്തത്.

റിയാദിലെ പൊതുഗതാഗത മേഖലയിൽ ഉന്നത നിലവാരമുള്ള സേവനം ലഭ്യമാക്കാൻ എസ് എ പി ടി സി ഒയുമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നു ഡെയ്മ്ലർ ബസസ് മേധാവി ഹർട്മുട് ഷിക്ക് അഭിപ്രായപ്പെട്ടു.  മെഴ്സീഡിസിനെ സംബന്ധിച്ചിടത്തോളം വാണിജ്യ വാഹന മേഖലയിൽ സൗദി അറേബ്യയുമായി ദീർഘകാലത്തെ വ്യാപാര ബന്ധമുണ്ട്; കഴിഞ്ഞ വർഷം 200 ‘ട്രവെഗൊ’ കോച്ചുകളും 15 ‘എസ് എച്ച് ഡി’ ടൂറിങ് കോച്ചുകളും സൗദി പബ്ലിക് ട്രാൻസ്പോർട് കമ്പനി  വാങ്ങിയിരുന്നു. എങ്കിലും സിറ്റി ബസ് വിഭാഗത്തിൽ ഇത്രയേറെ ബസ്സുകൾ സൗദി വാങ്ങുന്നത് ഇതാദ്യമാണ്. 

മരുഭൂമി പ്രദേശമായ സൗദി അറേബ്യയിലെ ഉപയോഗത്തിനായി പ്രത്യേകം പരിഷ്കരിച്ച ബസ്സുകളാണു മെഴ്സീഡിസ് ബെൻസ് ലഭ്യമാക്കുക; ബസ്സുകളിൽ 400 എണ്ണം ‘സിറ്റാരൊ ജി’യും ബാക്കി ‘സിറ്റാരൊ സോളോ’ മോഡലുകളുമാവും. ശേഷിയേറിയ എയർ കണ്ടീഷനർ, ഡോറുകളിൽ സർക്കുലേറ്റിങ് എയർ ബ്ലോവർ, ഇരട്ട ഗ്ലേസിങ്ങുള്ള, കറുപ്പിച്ച വിൻഡോ തുടങ്ങിയവയും ബസ്സിലുണ്ടാവും. വൈ ഫൈ, യാത്രക്കാർക്കായി 18 ഇഞ്ച് ഫ്ളാറ്റ് സ്ക്രീൻ, കാഷ്ലെസ് പേയ്മെന്റ് സംവിധാനം തുടങ്ങിവയും ലഭ്യമാവും.