Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് പൾസറിന് വില കൂടി

bajaj-pulsar-dual-tone-220-bike Bajaj Pulsar 220

‘പൾസർ’ ശ്രേണിയിലെ ബൈക്കുകളുടെ വില ബജാജ് ഓട്ടോ ലിമിറ്റഡ് വർധിപ്പിച്ചു. 1,001 രൂപ വരെയുള്ള വർധന ‘പൾസർ 135 എൽ എസ്’, ‘പൾസർ 150’, ‘പൾസർ 180’ തുടങ്ങി ‘പൾസർ ആർ എസ് 200’ വരെയുള്ള വകഭേദങ്ങൾക്കെല്ലാം ബാധകമാണ്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണു ബജാജ് ഓട്ടോ ലിമിറ്റഡ് ബൈക്കുകളുടെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാസം ‘ഡൊമിനർ’ ബൈക്കിന്റെ വിലയിൽ 1,000 രൂപയുടെ വർധന നടപ്പാക്കിയിരുന്നു. ഇതോടെ ‘ഡൊമിനറി’ന്റെ വിലയിൽ മൊത്തം 2,000 രൂപയുടെ വർധനയാണു നിലവിൽലവന്നത്.

വില വർധിച്ചതോടെ ‘പൾസർ’ ശ്രേണിയിലെ ജനപ്രിയ മോഡലായ ‘150’  സ്വന്തമാക്കാൻ ഡൽഹി ഷോറൂമിൽ 75,604 രൂപ മുടക്കണം. ‘പൾസർ 180’ വില 80,546 രൂപയായി. ‘പൾസർ’ ശ്രേണിയിലെ  പ്രാരംഭ മോഡലായ ‘135 എൽ എസി’ന്റെ വില 61.177 രൂപയാണ്. ആന്റി ലോക്ക് ബ്രേക്കില്ലാത്ത ‘പൾസർ ആർ എസ് 200’ സ്വന്തമാക്കാൻ ഇനി 1.22 ലക്ഷം രൂപ മുടക്കണം. സിംഗിൾ ചാനൽ എ ബി എസുള്ള മോഡലിന്റെ വില 1.34 ലക്ഷം രൂപയാണ്. ‘പൾസർ എൻ എസ് 200’ വില 97,452 രൂപയായും ‘പൾസർ 220 എഫ്’ വില 92.200 രൂപയായുമാണ് ഉയർന്നത്. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പുലർത്തുന്ന ‘2017 എഡീഷൻ പൾസർ’ ശ്രേണി ഈ വർഷം ആദ്യമായണു ബജാജ് ഓട്ടോ പുറത്തിറക്കിയത്. പരിസ്ഥിതി സൗഹൃദമായ, പരിഷ്കിച്ച എൻജിനൊപ്പം ഓട്ടമാറ്റിക്  ഹെഡ് ലാംപ് ഓൺ (എ എച്ച് ഒ) സൗകര്യവും നവീകരിച്ച ഗ്രാഫിക്സുമായാണു പുതിയ ബൈക്കുകൾ എത്തിയത്. 2015ൽ നിർത്തലാക്കിയ ‘പൾസർ എൻ എസ് 200’ ബൈക്കും ഇക്കൊല്ലം ബജാജ് വിപണിയിൽ തിരിച്ചെത്തിക്കുകയായിരുന്നു.

‘ഡൊമിനറി’നും ‘പൾസറി’നും പിന്നാലെ ‘അവഞ്ചർ’, ‘ഡിസ്കവർ’, ‘പ്ലാറ്റിന’, ‘വി’ ശ്രേണിക്കും ബജാജ് ഓട്ടോ ലിമിറ്റഡ് വില വർധിപ്പിക്കുമെന്നാണു സൂചന. മിക്കവാറും 1,000 രൂപ വരെയുള്ള വില വർധനയാണ് ഈ മോഡലുകൾക്കും പ്രതീക്ഷിക്കുന്നത്.